ആഞ്ഞടിക്കാൻ അൻവർ: വൈകീട്ട് മാധ്യമങ്ങളെ കാണും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റും തള്ളിപ്പറഞ്ഞെങ്കിലും പോരാടാൻ തന്നെയാണ് സി പി എം സ്വതന്ത്ര എം എൽ എ പി. അൻവറിൻ്റെ നീക്കം.

വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ… എന്നും അന്‍വർ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന പരസ്യപ്രസ്താവനകളിൽ നിന്നും പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്‍വറിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് എതിരായ പരാമർശങ്ങൾ അദ്ദേഹം തുടരുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് പൂര്‍ണ പിന്തുണ നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ , അന്‍വറിന്റെ നടപടികളില്‍ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് അൻവറിൻ്റെ പുതിയ നീക്കം.അജിത് കുമാറിനെയും ശശിയെയും പാര്‍ട്ടിയും മുഖ്യമന്ത്രിയും ശക്തമായി സംരക്ഷിച്ചതോടെ ക്ഷുഭിതനായിരിക്കുകയാണ് അൻവർ.

ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയെന്നാണ് അന്‍വര്‍ വിശേഷിപ്പിച്ചത്. ആര്‍എസ്എസിന്റെ അജന്‍ഡയാണ് എഡിജിപി നടപ്പാക്കുന്നത്. തൃശൂര്‍ പൂരം എഡിജിപിയാണ് കലക്കിയതെന്ന നിലപാടിലാണ് അൻവർ.

പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു തുടർന്ന് അന്‍വര്‍ എഫ് ബി പേജിൽ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം നീക്കി പ്രതികരിക്കുകയായിരുന്നു. പാര്‍ട്ടി അംഗമല്ലെങ്കിലും സി പി എം പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമാണ് അന്‍വര്‍.