മുഖം രക്ഷിക്കാൻ വീണ്ടും ഒരു ‘പൂരം കലക്കൽ’ അന്വേഷണം

തിരുവനന്തപുരം: ആര്‍എസ്‌എസിൻ്റെ ഉന്നത നേതാക്കളുമായുള്ള എഡിജിപി: എം.ആർ. അജിത് കുമാറിൻ്റെ കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം വരുന്നു.

പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനാണ്
അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.

പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ അജിത് കുമാർ ആണെന്ന് യു ഡി എഫും സി പി ഐയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പൂരം കലക്കൽ അന്വേഷണത്തിനും അജിത് കുമാറിനെ തന്നെയാണ് മൂഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

പൂരം  സംബന്ധിച്ച അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളൂയായിരുന്നു.
സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു റിപ്പോര്‍ട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സിപി ഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വിഷയം ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ അറിയിച്ചത്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്ത് നിന്നും അജിത് കുമാറിനെ തല്‍കാലം മാറ്റില്ല. ക്രമസമാധാന ചുമതലയില്‍നിന്നും അജിത് കുമാറിനെ മാറ്റാന്‍ സി.പി.ഐ. വലിയ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇതിനൊപ്പമാണ് പോലീസ് മേധാവിയുടെ നിലപാടും പ്രത്യക്ഷത്തില്‍ അജിത് കുമാറിന് എതിരാകുന്നത്.

എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനോട് വിയോജിച്ചുകൊണ്ടാണ് സംസ്ഥാന പോലീസ് മേധാവി കുറിപ്പോടെ മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വൈകിയതിലും ഡി.ജി.പി. അതൃപ്തി പ്രകടിപ്പിച്ചു.