തിരുവനന്തപുരം: തൃശൂർ പൂരത്തിൻ്റെ പ്രധാന നടത്തിപ്പുകാരിൽ പ്രമുഖരായ തിരുവമ്പാടി ദേവസ്വത്തിലെ ചില ചില നിക്ഷിപ്ത താൽപര്യക്കാർക്ക് പൂരം കലക്കുന്നതിൽ പങ്കുണ്ടെന്ന് എഡിജിപി: എം.ആർ.അജിത് കുമാറിൻ്റെ കണ്ടെത്തൽ.
എന്നാൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ഈ വാദത്തോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തിൽ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരാൻ കേസെടുത്ത് മറ്റൊരു അന്വേഷണം സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണ്.
പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം സംസ്ഥാന പോലീസ് മേധാവി ഉന്നയിക്കുന്നു. ഈ സംശയം ഉൾപ്പെടുത്തിയുള്ള കുറിപ്പ് സഹിതം അദ്ദേഹം അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. തിരുവമ്പാടി ദേവസ്വത്തിലെ ചിലരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി അന്വേഷണം നടത്താൻ തയാറാവുമോ എന്നാണ് പോലീസ് വകുപ്പിൻ്റെ ഉന്നതർ ചോദിക്കുന്നത്.
ഇടതുമുന്നണി ഘടക കക്ഷിയായ സിപിഐയും കോണ്‍ഗ്രസും ഉന്നയിച്ച സംശയങ്ങളാണ് പോലീസ് മേധാവിയും ഉന്നയിക്കുന്നത്. പൂരത്തിന് മുമ്പേ എഡിജിപി നേരിട്ട് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. പൂരം അലങ്കോലപ്പെടുന്ന ദിവസും അദ്ദേഹം സ്ഥലത്തുണ്ട്. എന്നിട്ടും
ഇടപെട്ടില്ല.
ഒരാഴ്ച കൊണ്ട് തീര്‍ക്കേണ്ട അന്വേഷണം അഞ്ച് മാസത്തോളം നീണ്ടു. പൂരം കലക്കിതിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികള്‍ക്ക് പങ്കുള്ളതായി എഡിജിപി പറയുന്നില്ല. പക്ഷെ തിരുവമ്പാടി ദേവസ്വത്തിന്‍റെ പങ്കിനെ കുറിച്ച് റിപ്പോർട്ടിൽ സംശയമുന്നയിക്കുന്നു. രാത്രി 12.30ക്ക് ബാരിക്കേഡുകള്‍ സ്ഥാപിച്ച ശേഷമാണ് പൊലീസുമായി പ്രശ്നങ്ങളുണ്ടാകുന്നത്. പിന്നാലെ ഡി ഐ ജി ഉള്‍പ്പെടെയെത്തി അനുനയ ചർച്ചകള്‍ നടത്തി.
എന്നാൽ അനുനയത്തിന്നിൽക്കാതെ പൂരം പിരിച്ചുവിട്ടതായി തിരുവമ്പാടി ദേവസ്വം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ആരെയെങ്കിലും സഹായിക്കാനാണോ എന്ന സംശയമുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്ന എഡിജിപി പക്ഷെ ആരുടേയും പേരെടുത്ത് പറയുന്നില്ല.
ഈ സാഹചര്യത്തിൽ ഗൂഢാലോചന പുറത്തുവരാൻ തുടര്‍ അന്വേഷണം അനിവാര്യമല്ലേയെന്നാണ് പോലീസ് മേധാവി നൽകിയ കുറിപ്പിൽ ചോദിക്കുന്നത്. സംഭവസ്ഥലത്തേക്ക് എൻ ഡി എ സ്ഥാനാർഥിയായ സുരേഷ് ഗോപിയെ വിളിച്ചത് ദേവസ്വം ഭാരവാഹികളാണെന്നും അദ്ദേഹം പറയുന്നു. തെളിവായി ടെലിഫോൺ രേഖകളും റിപ്പോര്‍ട്ടിലുണ്ട്.
പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയുന്ന റിപ്പോർട്ടിൽ സ്വന്തം നിലപാടും എഡിജിപി ന്യായീകരിക്കുന്നുണ്ട്. വിവിധ മൊഴികളും തെളിവുകളും അനുസരിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഗൂഢാലോചനയിലേക്ക് റിപ്പോർട്ട് കടക്കുന്നില്ല.
അതേസമയം, സിപിഐ നിലപാട് കടുപ്പിക്കുകയാണ് സി പി ഐ. അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കിയെന്നാണ് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ വന്ന മുഖപ്രസംഗത്തിലെ വിമർശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്നു. അന്വേഷണ റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ അടക്കം ദുരൂഹതയുണ്ടെന്നും സി പി ഐ കുറ്റപ്പെടുത്തുന്നു.