ചുവന്ന് തുടുത്ത് ശ്രീലങ്ക; കമ്യൂണിസ്ററ് നേതാവ് അധികാരത്തിൽ

കൊളംബോ : ശ്രീലങ്കയില്‍‎ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് നയങ്ങൾ പിന്തുടരുന്ന ജനതാ വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിസനായകെ രാജ്യത്തിൻ്റെ ഒമ്പതാമത്തെ പ്രസിഡണ്ടായി.

നാഷണല്‍ പീപ്പിള്‍സ് പവർ (എൻ.പി.പി) വിശാല മുന്നണി സ്ഥാനാർഥിയായ ഇടത് നേതാവ് അനുര കുമാര ദിസനായകെയെ (55) തെരഞ്ഞെടുപ്പ് കമീഷൻ വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ഈ മിന്നുന്ന വിജയം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമെത്തി.

വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് ശ്രീലങ്ക തീവ്ര വലത്തുനിന്ന് ഇടതുപക്ഷത്തേക്ക് നീങ്ങിയത്. 2019 ല്‍ വലതുപക്ഷ പ്രസിഡന്റ് ഗോതബയ രാജപക്സെ അധികാരത്തിലെത്തി. രണ്ടര വര്‍ഷത്തെ രാഷ്ട്രീയവും സാമ്ബത്തികവുമായ അസ്ഥിരതക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ പോള്‍ ചെയ്തതിന്റെ 51% വോട്ടും അനുര നേടി.

വടക്കന്‍ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയില്‍ നിന്നുള്ള കര്‍ഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛന്‍. 1990 കളില്‍ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2000-ല്‍ പാര്‍ലമെന്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം.

പിന്നീട്, പ്രസിഡന്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.

എ.ഡി.കെ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദിസനായകെ ളംബോയില്‍ നിന്നുള്ള പാർലമെന്‍റംഗമാണ്. 2022ലെ സാമ്ബത്തിക മാന്ദ്യത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ പശ്ചാത്തലത്തിലാണ് ശ്രീലങ്കക്കാർ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തിരിക്കുന്നത്. തകർച്ച നേരിട്ട സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ അടിയന്തര വെല്ലുവിളികളാണ് പ്രസിഡന്‍റു പദവിയില്‍ ദിസനായകെയെ കാത്തിരിക്കുന്നത്.

യൂനിവേഴ്‌സിറ്റി വിദ്യാർഥികളുടെയും അധ്യാപകരുടെയും തൊഴിലാളിവർഗത്തിന്‍റെയും പിന്തുണയാണ് ദിസനായകെക്ക് കരുത്തായത് എന്ന് രാഷ്ടീയ നിരീക്ഷകർ കരുതുന്നു. കടക്കെണിയില്‍ ഉഴലുന്ന രാജ്യത്ത് അഴിമതി വിരുദ്ധതയുടെയും സംശുദ്ധമായ ഭരണത്തിന്‍റെയും പ്രതിച്ഛായ ഉയർത്തിയാണ് അദ്ദേഹം പ്രചാരണം നടത്തിയത്.

കടംകൊണ്ട് വലഞ്ഞ രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്ബത്തിക ആശ്വാസം നല്‍കുന്നതിനായി രാജ്യത്തെ ഐ.എം.എഫ് (അന്തർദേശീയ നാണയ നിധി) പദ്ധതിയില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ അദാനി ഗ്രൂപ്പിന്‍റെ ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി പദ്ധതി റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.