ഹൈദരാബാദ് : പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി).
വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് നടന്നു എന്ന് പറയുന്ന ഈ സംഭവം രാഷ്ടീയ വിവാദമായി മാറിക്കഴിഞ്ഞു.
എന്നാല്‍ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്‌ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി.
തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നതിന്റെ പേരില്‍ ‘നിന്ദ്യമായ രാഷ്ട്രീയം’ കളിക്കുന്നതിന് ടിഡിപിയെയും പ്രതിപക്ഷമായ വൈഎസ്‌ആർസിപിയെയും കടന്നാക്രമിച്ച് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡൻ്റ് വൈ.എസ് ശർമിള രംഗത്തുവന്നു. ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു
ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പുറത്തുവിട്ട തിരുപ്പതി ലഡുവിന്റെ പരിശോധനാ ഫലമാണ് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൻ്റെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടില്‍ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമർശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോള്‍ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.
അമരാവതിയില്‍ നടന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെയായിരുന്നു നായിഡു ഇത്തരം പരാമർശം നടത്തിയത്. ജഗന്റെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാർട്ടി(വൈഎസ്‌ആര്‍സിപി) സര്‍ക്കാരിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷ് പറഞ്ഞത് വിവാദങ്ങള്‍ക്ക് വീര്യം കൂട്ടിയിരുന്നു.
160 മുതല്‍ 180 ഗ്രാം വരെ ഭാരമുള്ള 3.5 ലക്ഷം ലഡ്ഡുകളാണ് തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് ദിവസേന വിറ്റഴിക്കുന്നത്. പയർ, കശുവണ്ടി, ഏലം, നെയ്യ്, പഞ്ചസാര, പഞ്ചസാര മിഠായി, ഉണക്കമുന്തിരി എന്നിവയാണ് സാധാരണ രീതിയില്‍ ജിഐ ടാഗിങ്ങുള്ള ലഡ്ഡു നിർമിക്കാൻ ഉപയോഗിക്കുന്നത്. 1715 ഓഗസ്റ്റ് 2-നാണ് വെങ്കിടേശ്വര ക്ഷേത്രത്തില്‍ നൈവേദ്യമായി ലഡ്ഡു സമർപ്പിക്കുന്ന രീതി ആരംഭിച്ചത് എന്ന് ചരിത്രം പറയുന്നു.