സി. കെ. രാ  – ഓർമ്മദിനം കടന്നുപോകുമ്പോൾ..

ആർ. ഗോപാലകൃഷ്ണൻ 
🔸
കേരളീയ ചിത്രകലയ്ക്ക് ആധുനികതയുടെ സൂര്യവെളിച്ചം പകർന്ന ചിത്രകാരനും കാലഗുരുശ്രേഷ്ടനും. തമിഴ് ദ്രാവിഡ രീതിയിൽ സി.കെ. രാമകൃഷ്ണന് നായര് എന്ന പേര് ‘സി.കെ. രാ’ എന്ന് ചുരുക്കി…
കേരള ലളിതകലാ അക്കാദമിയിൽ ആദ്യം സെക്രട്ടറിയും പിന്നീട് വൈസ്‌ ചെയർമാനായും അവസാനം ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാദമിയുടെ ചരിത്രത്തിൽ ഈ മൂന്നു പദവികളും വഹിച്ച ഒരേയൊരാൾ സി.കെ. രായാണ്. കേരള ലളിതകലാ അക്കാദമി ‘ഫെല്ലോഷിപ്പും’ ലഭിച്ചിട്ടുണ്ട്.
സി കെ രായുടെ 29-ാം ചരമവാർഷിക ദിനമായിരുന്നു തിങ്കളാഴ്ച.
🌍
തിരുവല്ല ശ്രീവല്ലക്ഷേത്രത്തിന് സമീപത്തെ പാലിയക്കര കൊട്ടാരത്തിലെ രാമവർമ്മ കോയിതമ്പുരാന്റെയും ശങ്കരവേലിൽ തറവാട്ടിലെ കുഞ്ഞുകുട്ടിയമ്മയുടെയും മകനായി, 1915 മേയ് 23-ന്, ജനനം. നിത്യവും കഥകളി ആട്ടം ആരാധനയായി തന്നെ നടക്കുന്ന തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിന്റെ അയൽക്കാരനായിരുന്ന രാമകൃഷ്ണൻ എന്ന ബാലൻ കഥകളിയിലുള്ള കമ്പം മൂലം കഥകളി പഠിയ്ക്കാനാണ് ആദ്യം ശ്രമിച്ചത്.
ഇന്റര്മീഡിയറ്റ് കഴിഞ്ഞ സമയത്ത് രാജാ രവിവർമ്മയുടെ മകന് ‘രാമവർമ്മ രാജ’ മാവേലിക്കരയില് ആരംഭിച്ച ചിത്രകലാ വിദ്യാലയത്തില്, അച്ഛൻ രാമവർമ്മ മകൻ രാമകൃഷ്ണനെ ചേര്ത്തു. രാജാ രവിവർമ്മയുടെ മകൻ രവിവർമ്മയായിരുന്നു പ്രധാന ഗുരു. നാലുകൊല്ലത്തെ ചിത്രകലാ പoനം പൂർത്തിയാക്കിയ ശേഷം കുറച്ചു നാൾ അവിടെത്തന്നെ അദ്ധ്യാപകനായിരുന്നു. (ആർട്ടിസ്റ്റ് രാമവർമ്മരാജ നടത്തിയിരുന്ന സ്കൂളിൽ നല്ല രീതിയിൽ പoനം പൂർത്തിയാക്കുന്ന പലരെയും അവിടെത്തന്നെ അദ്ധ്യാപകരായി നിയമിക്കാറുണ്ടായിരുന്നു.)
May be an illustration
അതിനു ശേഷമാണ് ബോംബെയ്ക്കു പോയത്…. 1941-ല് ബോംബെയ്ക്കുപോയ രാമകൃഷ്ണന് നായര് എത്തിപ്പെട്ടത് യുദ്ധാവശ്യങ്ങള്ക്കായി ബോംബെയിൽ ബ്രിട്ടീഷ് ഇൻഫോർമേഷൻ വകുപ്പ് സ്ഥാപിച്ച ‘വാര് എക്‌സിബിഷന് സ്റ്റുഡിയോ’യിലാണ്. അക്കാലത്താണ് ചിത്രകലയിലെ പുതിയ സങ്കേതങ്ങളെക്കുറിച്ചും മേച്ചില്പ്പുറങ്ങളെക്കുറിച്ചും കൂടുതല് അറിയുന്നത്.
യുദ്ധം കഴിഞ്ഞ് സ്റ്റുഡിയോ പിരിച്ചുവിട്ടതോടെ നാട്ടിലെത്തിയ രാമകൃഷ്ണന് നായര് കൊല്ക്കത്തയിലെ ശാന്തിനികേതനിൽ പരിശീലനം നല്കാന് സര്ക്കാര് തിരഞ്ഞെടുത്ത പത്ത് ചിത്രകാരന്മാരിലൊരാളായി. ബോംബെയിലെ ജോലിക്കു ശേഷം നീണ്ടു നിന്ന ഉത്തരേന്ത്യൻ യാത്രകൾക്കു ശേഷമാണു് അദ്ദേഹം ശാന്തിനികേതനിൽ പഠനം തുടർന്നത്… ശാന്തിനികേതനിൽ ജാമിനിറോയി, നന്ദലാൽ ബോസ് എന്നിവരുടെ കുറേക്കാലം പരിശീലനം നേടിയ രാമകൃഷ്ണന് നായര്, പിന്നീട് കോയമ്പത്തൂരിൽ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ വിദ്യാലയത്തില് ചിത്രകലാ അധ്യാപകനായി. (സി കെ രായുടെ ഒരു സഹോദരൻ ശ്രീരാമകൃഷ്ണമഠത്തിലെ സന്യാസിയായിരുന്നു. ‘സമഗ്രാനന്ദ’ എന്നായിരുന്നു സ്വാമിജിയുടെ സന്യാസനാമം. ശ്രീലങ്കയിലെ ആശ്രമത്തിൻ്റെ ചുമതലക്കാരനായിരുന്ന അദ്ദേഹം പില്ക്കാലത്ത് തിരുവല്ല തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമത്തിൻ്റെ അധ്യക്ഷനായിരുന്നു. )
May be an illustration of text
🌍
തുടക്കത്തിൽ രാമവർമ്മരാജ നടത്തിയിരുന്ന സ്കൂളിൽ അധ്യാപകനായിരുന്ന രാ, അതിൻ്റെ പിൽക്കാലരോമെന്നു പറയാവുന്ന മാവേലിക്കര ചിത്രവിദ്യാലയത്തിൽ കുറച്ചുകാലം കൂടി, അധ്യാപകനായി. പിന്നീട്, തിരുവനന്തപുരത്ത് ദന്തശില്പ നിര്മാണത്തിനുവേണ്ടി സര്ക്കാര് തുടങ്ങിയ ‘ഒരു’ സ്ഥാപനത്തില് ഡിസൈനറായാണ് സി.കെ. രായുടെ കേരളത്തിലെ ഔദ്യോഗിക ജീവിതത്തിന്റെ ആരംഭം (‘ദന്താപ്പീസ്’ എന്ന് വിളിച്ചുപോന്ന ആ സ്ഥാപനമാണ് പിന്നീട് ‘സ്‌കൂള് ഓഫ് ആര്ട്‌സും’ ‘ഫൈനാര്ട്‌സ് കോളേജുമായി’ പിന്നീടു വികസിച്ചത്). 1962-ല് അദ്ദേഹത്തിൻ്റെ ശ്രമഫലമായാണ് പെയിന്റിങ് ഡിപ്പാര്ട്ട്‌മെന്റ് തുടങ്ങിയത്. തിരുവനന്തപുരം സ്കൂൾ ഓഫ് ആർട്ട്സിൽ പെയിൻ്റിംഗ്‌ വിഭാഗം ആരംഭിച്ചപ്പോൾ അവിടെ അദ്ധ്യാപകനായി സി.കെ.രാ നിയമിതനായി.
അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഉന്നതരായ കുറെ സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു …. റവന്യു ബോർഡുമെമ്പർ എ എസ്സു് മേനോൻ; മലയാറ്റൂർ രാമകൃഷണൻ; എം എ യു മേനോൻ തുടങ്ങിയവർ… ഇവരെല്ലാവരും കൂടി, സി കെ രായുടെ നേതൃത്വത്തിൽ ‘ട്രിവാൻഡ്രം ആർട്ട് ഗ്രൂപ്പ്’ (‘ടാഗ്’) എന്ന പേരിൽ സംഘടിച്ച് ഞായറാഴ്ച തോറും ക്യാമ്പുകൾ നടത്തുകയും ക്യാമ്പ് രചനകൾ അമേരിക്കൻ ഇൻഫർമേഷൻ ലൈബ്രറി ഹാളിൽ പ്രദർശിപ്പിക്കുകയും പതിവായിരുന്നു… (1962 – 65 കാലത്ത് )
ഇക്കാലത്ത് ക്ലാസിക്കല് ആര്ട്ട് എന്ന സങ്കേതത്തില് വരച്ച ‘കുരിശില്നിന്നുള്ള അവരോഹണം’, ‘മീന്വില്പനക്കാരികള്‘, ‘സന്ധ്യാരാഗിണി’, ‘മരിച്ച കുട്ടി’, ‘കിണറ്റുകരയിലെ സ്ത്രീ’ എന്നീ 12 ചിത്രങ്ങളില് രണ്ടെണ്ണം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
🌍
അവിടെ നിന്നാണ് മാവേലിക്കര ഫൈൻ ആർട്സ് സ്ഥാപനത്തിൻ്റെ മേധാവിയായി എത്തി. (സി.കെ.രാ, മാവേലിക്കര രവിവർമ്മ സ്കൂൾ ഓഫ് പെയിൻ്റിംഗിൽ (RVSP) മേധാവിയിരുന്നപ്പോൾ ‘ഹെഡ്മാസ്റ്റർ’ എന്നാണ് ആ തസ്തിക അറിയപ്പെട്ടിരുന്നത്. അതിനു ശേഷം എം.ശേഖർ സ്ഥാപന മേധാവി ആയിരിക്കെ രവിവർമ്മ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ് (RIFA) എന്ന് പേര് മാറുകയും, സൂപ്രണ്ട് എന്ന് സ്ഥാപന മേധാവിയുടെ ഡെസിഗ്നേഷൻ മാറ്റുകയുമാണുണ്ടായത്.)
🔸
തുടർന്ന് ലളിതകലാ അക്കാദമി സെക്രട്ടറിയായി ഡെപ്യൂട്ടേനിൽ പോയി 1968-ല് രാ കേരള ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയായി ചുമതലയേറ്റു. ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ച് മാവേലിക്കരയിൽ എത്തി ഫൈൻ ആർട്സ് സ്കൂളിൽ നിന്ന് റിട്ടയർ ചെയ്യുന്നതും.
പിന്നീട്, അക്കാദമി വൈസ്‌ ചെയർമാനായും അവസാനം ചെയർമാനായും സേവനമനുഷ്ഠിച്ചു.
🌍
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല് സെന്ററിന്റെ കോണ്ഫറന്സ് ഹാളിലാണ് രായുടെ ‘ടെമ്പിള് ഫന്റാസിയ’ എന്ന പ്രശസ്ത എണ്ണച്ചായചിത്രമുള്ളത്. ഡോ. എം.എസ്. വല്യത്താനാണ് രായില്നിന്ന് ചിത്രം വാങ്ങി അവിടെ സ്ഥാപിച്ചത്. കോട്ടയത്തെ കൊട്ടാരത്തില് ശങ്കുണ്ണിസ്മാരക ചിത്രകലാകേന്ദ്രത്തിനുവേണ്ടി വരച്ച നാല് ചിത്രങ്ങള് അവിടെ കാണാം. ‘സിങ്ങിങ് ബേര്ഡ്’ എന്ന ചിത്രം തിരുവനന്തപുരം മ്യൂസിയം ആര്ട്ട് ഗാലറിയിലുണ്ട്.
ആധുനിക ചിത്രകലയെക്കുറിച്ച് നിരവധി ലേഖനങ്ങളെഴുതി. 1988-ൽ രായെക്കുറിച്ച് ‘ഒരു ചിത്രകാരന്റെ ദിവാസ്വപ്നങ്ങൾ’ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയുണ്ട്. (ദൂരദര്ശന് അത് സംപ്രേഷണംചെയ്തു.)
ജീവിതം മുഴുവന് ചിത്രകലയ്ക്കുവേണ്ടി നീക്കിവെച്ച അദ്ദേഹം അവിവാഹിതനായിരുന്നു.  സി.കെ. രായുടെ ശേഷിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളും നഷ്ടപ്പെട്ട ചിത്രങ്ങളുടെ പകര്പ്പുകളും സൂക്ഷിക്കുന്നത് അദ്ദേഹത്തിന്റെ അനുജന്റെ മകനും ചിത്രകാരനുമായ സി.കെ. വിശ്വനാഥനാണ്.
1994 സപ്തംബര് 16-ന് തിരുവോണനാളിൽ, 79-ാം വയസിൽ, അദ്ദേഹം വിടപറഞ്ഞു.
=====================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News