കിഷ്കിന്ധാ കാണ്ഡം – തിരക്കഥയാണ് താരം

ഡോ ജോസ് ജോസഫ് 
ക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലർ മിസ്റ്ററി ഡ്രാമയാണ് കിഷ്കിന്ധാ കാണ്ഡം.ഫൺ എൻ്റർടെയിൻ്റ്മെൻ്റ് ജോണറിൽ പെട്ട ചിത്രമായിരുന്നു കക്ഷി അമ്മിണിപ്പിള്ളയെങ്കിൽ  കിഷ്കിന്ധാ കാണ്ഡം പ്രമേയത്തിലും മേക്കിംഗിലും തികച്ചും വ്യത്യസ്തമായ സിനിമയാണ്.
തിരക്കഥയിലെ പുതുമ ,കഥാപാത്രങ്ങളുടെ അവതരണം, താരങ്ങളുടെ പ്രകടനം, സംവിധാന മികവ് എന്നിവ കൊണ്ട് ചിത്രം അത്ഭുതപ്പെടുത്തുന്നു.മലയാള സിനിമയിൽ കണ്ടു ശീലിച്ച വിജയ ഫോർമുലകളുടെ വാർപ്പു മാതൃകകളോട് ചേർന്നു പോകുന്നതല്ല കിഷ്കിന്ധാ കാണ്ഡത്തിൻ്റെ തിരക്കഥ.
ദുരൂഹതയൊളിപ്പിച്ച് മനസ്സിനെ സ്പർശിക്കുന്ന മനോഹര ദൃശ്യാനുഭവം; പുതുമയാണ് ഈ 'കിഷ്കിന്ധാ കാണ്ഡം' |REVIEW, asif ali, vijaya raghavan, kishkindha kandam, review, kishkindha ...
ചിത്രത്തിൻ്റെ ക്യാമറാമാനായ ബാഹുൽ രമേഷാണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.ഛായാഗ്രാഹകനായ തിരക്കഥാകൃത്തും വിഎഫ്എക്സ് ക്രിയേറ്റീവ് ഡയറക്ടർ കുടിയായ സംവിധായകനും ഒന്നിച്ചതിൻ്റെ മികവ് ചിത്രത്തിലുടനീളം കാണാം. സവിശേഷമായ ഒരു ആവാസവ്യൂഹത്തിൽ ചിത്രീകരിച്ച സിനിമയിൽ അനാവശ്യമായ ഒരു ഷോട്ടു പോലും ചേർത്തിട്ടില്ല.
 തീരെ സാവധാനത്തിലോ അതിവേഗത്തിലോ അല്ലാതെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന കുറെ പസിൽ ഗെയിമുകൾ.ക്ലൈമാക്സിൽ അവയെല്ലാം കൂട്ടിച്ചേർത്ത്  മറഞ്ഞിരിക്കുന്ന മിസ്റ്ററികളിലേക്ക് ലേക്ക് വെളിച്ചം വീശുന്നു.മനശാസ്ത്രം, ക്രൈം, പരിചിത വഴികളിലൂടെയുള്ള സമൂഹത്തിൻ്റെ കുറ്റവിചാരണ ,അച്ഛൻ -മകൻ ഹൃദയ ബന്ധം,ഓർമ്മ,മറവി, യാഥാർത്ഥ്യം തുടങ്ങി പല അടരുകളുള്ള സിനിമയാണ് കിഷ്കിന്ധാ കാണ്ഡം.
ഇതെല്ലാം അരങ്ങേറുന്നതാകട്ടെ തികച്ചും പുതുമയുള്ള ഒരു ആവാസവ്യൂഹത്തിൻ്റെ പശ്ചാത്തലത്തിലും. ആദ്യം ചിത്രത്തിൻ്റെ  ക്ലൈമാക്സ് എഴുതി പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നുവെന്ന് തിരക്കഥാകൃത്ത് വെളിപ്പെടുത്തിയിരുന്നു. അതിൻ്റെ പുതുമയും കിഷ്കിന്ധാ കാണ്ഡത്തിൽ കാണാം.
Kishkindha Kaandam thrills with a flowing script and admirably subtle performances
  ” എ ടെയിൽ ഓഫ് ത്രീ വൈസ് മങ്കീസ്”. ബുദ്ധിശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ.വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ടൈറ്റിലുമായി കഥയ്ക്ക് മിത്തോളജിക്കൽ ബന്ധമൊന്നുമില്ല.
സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ജീവിക്കുന്ന നിഗൂഢമായ ആവാസവ്യൂഹത്തിൻ്റെ ഭാഗമാണ് ഇതിലെ കുരങ്ങന്മാർ. ഹനുമാനും സുഗ്രീവനും ഒഴികെയുള്ള സർവ്വ കുരങ്ങന്മാരും ഇവിടെയുണ്ടെന്ന് ആസിഫ് അലിയുടെ നായക കഥാപാത്രം പറയുന്നുമുണ്ട്. വിവാഹ ശേഷം ഈ പ്രത്യേക ആവാസവ്യൂഹത്തിലേക്ക് എത്തുന്നതോടെയാണ് നായികയായ അപർണയ്ക്കു മുന്നിൽ  ദുരൂഹമായ പല സംഭവങ്ങളുടെയും ചുരുളഴിയുന്നത്.
 ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥനായ അജയചന്ദ്രൻ്റെ (ആസിഫ് അലി) രജിസ്റ്റർ വിവാഹത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം.വധു അപർണയുടേത് (അപർണ ബാലമുരളി) വൈകിയുള്ള വിവാഹമാണ്. അജയൻ്റേത് രണ്ടാം വിവാഹമാണെന്ന് കുറച്ചു കഴിഞ്ഞു മാത്രമെ eപ്രക്ഷകർക്ക് മനസ്സിലാവുള്ളു. അതാകട്ടെ സംഭാഷണങ്ങളോ ഫ്ലാഷ്ബാക്കുകളോ ഇല്ലാതെ ഏതാനും ഫോട്ടോഗ്രാഫുകളുടെ ദൃശ്യങ്ങളിലൂടെ മാത്രവും.
 തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സമയത്താണ് അജയയചന്ദ്രൻ്റെ വിവാഹം. ലൈസൻസുള്ള എല്ലാ തോക്കുകളും പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യണം അജയൻ്റെ അച്ഛനും .റിട്ടയേഡ് ആർമി ഓഫീസറുമായ അപ്പുപിള്ളയുടെ (വിജയരാഘവൻ) തോക്ക് കാണാനില്ല എന്ന വാർത്തയാണ് വിവാഹത്തിനിടയിൽ അജയനെ തേടിയെത്തുന്നത്. അച്ഛൻ്റെ പിസ്റ്റൽ കാണാനില്ല എന്ന വിവരം അജയൻ അപ്പോൾ മാത്രമാണറിയുന്നത്. മൂന്ന് വർഷമായി പിസ്റ്റലിൻ്റെ ലൈസൻസ് പുതുക്കിയിട്ടില്ല. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ കുടുംബത്തെ കുരുക്കിലാക്കുന്നു.
 ഭാഗികമായ സ്മൃതി നാശം സംഭവിച്ചയാളാണ് 16 വർഷം മുമ്പ് ആർമിയിൽ നിന്നും വിരമിച്ച അപ്പുപിള്ള.മറവിയ്ക്കും ഓർമ്മയ്ക്കുമിടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ് അയാളുടെ സഞ്ചാരം. വീട്ടിലേക്കുള്ള വഴി പോലും ഇടയ്ക്ക് മറന്നു പോകും. കുറിപ്പുകൾ, പത്ര കട്ടിംഗുകൾ, ആശുപത്രി ബില്ലുകൾ ‘ എഴുത്തുകൾ തുടങ്ങിയവയിലൂടെയാണ് അയാൾ യഥാർത്ഥ്യം പുനർനിർമ്മിച്ചെടുക്കുന്നത്.
ചിതറിത്തെറിച്ച ഓർമ്മശകലങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത അയാളുടെ സ്വകാര്യ ലോകത്തേക്ക് മറ്റാർക്കും  പ്രവേശനമില്ല.മറവി നഷ്ടം ആരെയും അറിയിക്കാതെ പ്രത്യേക രീതിയിലാണ് അയാളുടെ ജീവിതം. റിസർവ്വ് ഫോറസ്റ്റിനോട് ചേർന്ന കൊടക്കൽ തറവാട്ടിൽ അയാളുടെ മുറിയിലേക്ക് ആർക്കും പ്രവേശനമില്ല. അവിടെ മേശയിലും അലമാരയിലുമെല്ലാം  ഓരോ സംഭവത്തെയും  വ്യക്തികളെയും ബന്ധപ്പെടുത്തി  അയാളുടെ ഓർമ്മകുറിപ്പുകളുണ്ട്.
  മുരടനായ അപ്പുപിള്ളയുടെ രഹസ്യം  സൂക്ഷിപ്പുകാരനാണ് മുൻ നക്സലായ സുമദത്തൻ (ജഗദിഷ് ) ഫോറസ്റ്റ് വാച്ചറും കള്ളവാറ്റുകാരനുമെല്ലാമാണ് അയാൾ. അപ്പുപിള്ള മനപൂർവ്വം എന്തോ മറയ്ക്കുകയാണെന്നും വലിയ എന്തോ പ്ലാൻ ചെയ്യുകയാണെന്നുമുള്ള അപർണയുടെ സംശയവും തുടർന്നുള്ള അന്വേഷണവുമാണ് ദുരൂഹതകളുടെ ചുരുളഴിക്കുന്നത്.
ഫാമിലി ഡ്രാമയായി തുടങ്ങുന്ന ചിത്രം പതിയെ ത്രില്ലറിൻ്റെ സ്വഭാവത്തിലേക്ക് വഴിമാറുന്നു. കൂടുതൽ സങ്കീർണ്ണതകളിലേക്കാണ് കഥ  പോകുന്നതെങ്കിലും ത്രില്ലർ ചീത്രങ്ങളുടെ മുഖമുദ്രയായ ട്വിസ്റ്റുകളൊന്നും ഇല്ല.അജയൻ്റെ ആദ്യ ഭാര്യ പ്രവീണയ്ക്കും മകനും മൂന്ന് വർഷം മുമ്പ് കാണാതായ  പിസ്റ്റലിനും എന്തു സംഭവിച്ചുവെന്ന് അപർണ
കണ്ടെത്തുന്നുണ്ടെങ്കിലും ചില രഹസ്യങ്ങൾ അപ്പു പിള്ളയുടെ മറവിയ്ക്കുള്ളിൽ മറയുന്നു.
    മറവി രോഗം കുടുംബത്തിലും സാമൂഹിക ബന്ധത്തിലും സൃഷ്ടിച്ച ആഘാതങ്ങൾ ചിത്രീകരിച്ച  സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര.പുതിയ ഓർമ്മകൾ രൂപപ്പെടുന്നതു തടയുന്ന മറവി രോഗം ഫോട്ടോഗ്രാഫുകളുടെ സഹായത്തോടെയായിരുന്നു ഗജിനിയിലെ നായകൻ അതിജീവിച്ചത്.
ഭാഗികമായ സ്മൃതി നാശം സംഭവിച്ച നായകൻ ടാറ്റൂ ,കുറിപ്പുകൾ തുടങ്ങിയവയുടെ സഹായത്തോടെ ഭാര്യയുടെ ഘാതകനെ കണ്ടെത്താൻ നടത്തുന്ന അന്വേഷണമാണ് ക്രിസ്റ്റഫർ നോളൻ്റെ വിഖ്യാത ക്ലാസിക്  ചിത്രം മെമൻ്റോയുടെ  ( 2000) പ്രമേയം.  2010 ൽ ഡി കാപ്രിയോ നായകനായിറങ്ങിയ ഷട്ടർ ഐലൻഡ് എന്ന ഹോളിവുഡ് ചിത്രത്തിലും ഭാഗികമായി ഓർമ്മ നഷ്ടം സംഭവിച്ച നായകനെ കാണാം. ചിതറിത്തെറിച്ച ഓർമ്മ ശകലങ്ങൾ കൊണ്ട് സ്വന്തമായ റിയലാറ്റി സൃഷ്ടിക്കുന്നവരാണ് ഈ ഹോളിവുഡ് ചിത്രങ്ങളിലെ നായകന്മാർ.
Kishkindha Kaandam Box Office Collection Day 4: Massive 333% Jump From The Opening Day, Forces Theaters To Increase Shows In Kerala!
   കിഷ്കിന്ധാ കാണ്ഡത്തിൽ ഭാഗികമായ ഓർമ്മ നഷ്ടം ബാധിച്ച  അപ്പുപിള്ളയെ വ്യത്യസ്തമായ ആംഗിളിലാണ് തിരക്കഥാകൃത്ത് നോക്കിക്കാണുന്നത്. തനിക്ക് ഇഷ്ടമുള്ള റിയാലിറ്റിയാണ് താൻ ഓർമ്മിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും അപ്പു പിള്ള മറച്ചു വെച്ച ചില സംഭവങ്ങൾ അയാളുടെ മറവിയിൽ മറഞ്ഞതാകാം. മനപൂർവ്വം അയാൾ അത് മറ്റുള്ളവരിൽ നിന്ന് മറച്ചു വെച്ചതുമാകാം. അല്ലെങ്കിൽ ഏതൊക്കെയോ.പസിലുകൾ  പരിഹരിക്കാൻ  അയാൾ നിരന്തരം ശ്രമിക്കുന്നുമുണ്ടാകാം.
അധികാര സ്ഥാനങ്ങളിലുള്ളവർ കുറ്റത്തെയും കുറ്റവാളിയെയും പൊതു നിർവ്വചനങ്ങളിലൂടെ  കണ്ടെത്താൻ ശ്രമിക്കുമ്പോൾ അതിൽ നിന്നു പുറത്തു കടക്കാൻ ന്യൂറോ പേഷ്യൻ്റ്  എന്ന ലേബൽ പോലും അപ്പുപിള്ളയുടെ സഹായത്തിനെത്തുന്നുണ്ട്.കുറ്റകൃത്യം, കുറ്റവാളി തുടങ്ങിയവയെ  കുറിച്ച് സമൂഹം സൃഷ്ടിച്ച പല പൊതുബോധങ്ങളെയും ആ വലയത്തിന്  പുറത്തൂ നിന്നു കൊണ്ട് കിഷ്കിന്ധാ കാണ്ഡം  ചോദ്യം ചെയ്യുന്നു.കിഷ്കിന്ധാ കാണ്ഡത്തിന് ഒടുവിൽ അപർണയും സ്വന്തം സ്വത്വം തേടി യാത്രയാവുന്നുണ്ട്. ഇവിടെ ബുദ്ധിശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്ന ടാഗ് ലൈൻ സ്വാർത്ഥകമാവുന്നു.
  മൂന്ന് പ്രധാന കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിൻ്റെ  ഹൈലൈറ്റ്’. വിജയരാഘവൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് അപ്പുപിള്ള.2023 ൽ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ പൂക്കാലത്തിൽ നിന്നും ഒരു പടി മുകളിലാണ് വിജയരാഘവൻ്റെ പ്രകടനം.
മലയാളത്തിൽ മുമ്പ് കൊട്ടാരക്കര ശ്രീധരൻ നായർ, പി ജെ ആൻ്റണി, തിലകൻ, നെടുമുടി വേണു, ഭരത് ഗോപി തുടങ്ങിയ നടന്മാർ  തിളങ്ങിയിരുന്ന  വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ ശേഷിയുള്ള നടന്മാരിൽ  ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്  വിജയരാഘവനാണ്. തുടക്കത്തിൽ മിതത്വത്തിൽ തുടങ്ങി ക്ലൈമാക്സിൽ വളരെ ഇമോഷണലായി മാറുന്ന കഥാപാത്രമാണ് ആസിഫലിയുടെ അജയചന്ദ്രൻ.
ഒരു നടനെന്ന നിലയിൽ ആസിഫലിയുടെ കരിയർഗ്രാഫ് ഉയരങ്ങളിലേക്കാണെന്ന് അടിവരയിടുന്ന കഥാപാത്രമാണ് അജയൻ. വൈകി വിവാഹം കഴിക്കുകയും തുടർന്ന് പ്രതിസന്ധികളെ നേരിടുകയും ചെയ്യുന്ന അപർണയെ അപർണ ബാലമുരളി പക്വതയോടെ അവതരിപ്പിച്ചു. ജഗദീഷിൻ്റെ സുമദത്തനും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് .അശോകൻ, കോട്ടയം രമേഷ് ,നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, മേജർ രവി, നിഴൽകൾ രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 
Kishkindha Kaandam (Malayalam)
   കെട്ടുറപ്പും പുതുമയുമുള്ളതാണ് ബഹുൽ രമേശിൻ്റെ തിരക്കഥ. അതിനു ചേർന്ന ഗംഭീരമായ ഛായാഗ്രഹണവും. ശബ്ദ കോലാഹലമില്ലാതെയാണ് ഈ ത്രില്ലർ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ മുജീബ് മജീദ് അഭിനന്ദനമർഹിക്കുന്നു. കഥ നടക്കുന്ന പ്രത്യേക ആവാസവ്യൂഹത്തിൽ പ്രേക്ഷകനെ തളച്ചിടുന്നതിൽ എഡിറ്റർ ഇ എസ് സൂരജും വിജയിച്ചു.
ചിത്രത്തിൻ്റെ സൗണ്ട് ഡിപ്പാർട്ട്മെൻ്റും കൈയ്യടി അർഹിക്കുന്നു.മലയാളത്തിലെ മിസ്റ്ററി ത്രില്ലറുകളുടെ ചരിത്രത്തിൽ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ്റെ കൈയ്യൊപ്പു പതിഞ്ഞ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം.ഗുഡ് വിൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
—————————————————————————————-

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക