പ്രശസ്‌തര്‍ക്കെതിരെ  നടി നല്‍കിയ മൊഴി പുറത്ത്

കൊച്ചി : സ്വകാര്യഭാഗത്ത് പ്രശസ്‌ത നടൻ പലതവണ സ്പര്‍ശിച്ചു. പ്രതിരോധിക്കാൻ സാധിച്ചില്ല. സംവിധായകനും സ്റ്റണ്ട് മാസ്റ്ററും ബലാല്‍സംഗം ചെയ്യാൻ ശ്രമിച്ചു – സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച്‌ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ നടി നല്‍കിയ രഹസ്യമൊഴി പുറത്ത്.

ഒരു ടി വി ചാനൽ ആണ് മൊഴിയിലെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്. നടൻ ഗാന ചിത്രീകരണ സമയത്ത് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ പലതവണ സ്പർശിച്ചുവെന്നും പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നുമാണ് ആദ്യ ആരോപണം.നടിമാരുടെ സ്വകാര്യഭാഗങ്ങളില്‍ സ്പർശിക്കുന്നത് ഇയാളുടെ സ്ഥിരം സ്വഭാവമാണെന്ന് മൊഴിയില്‍ പറയുന്നതായാണ് വാർത്ത.

നടനെതിരെ മാത്രമല്ല പ്രശസ്തനായ സംവിധായകനും സ്റ്റണ്ട് മാസ്സ്റ്റർക്കും എതിരെ നടി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.സംവിധായകൻ തന്നെ അയാളുടെ മുറിയിലേക്ക് വിളിച്ചു വരുത്തി കട്ടിലിലേക്ക് തള്ളിയിട്ടെന്നും മൊഴിയിലുണ്ട്. അടുത്ത ദിവസത്തെ ചിത്രീകരണത്തെ കുറിച്ച്‌ ചർച്ച ചെയ്യാനാണെന്നും തിരക്കഥാകൃത്തും മറ്റ് പ്രധാന ക്രൂ അംഗങ്ങളും ഒപ്പമുണ്ടെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുറിയിലെത്തിയപ്പോള്‍ സംവിധായകൻ ഒറ്റയ്ക്കായിരുന്നുവെന്നും കയ്യേറ്റ ശ്രമമുണ്ടായപ്പോള്‍ ബഹളമുണ്ടാക്കി രക്ഷപെടുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

സിനിമയിലെ സ്റ്റണ്ട് മാസ്റ്ററും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. വഴങ്ങാത്തതിനാല്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തന്നെ ആക്രമിച്ചെന്നും പരിക്കേറ്റ് ആശുപത്രിയിലായെന്നും മൊഴിയിലുണ്ട്. സ്വകാര്യത സംരക്ഷിക്കാനായി ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായാണ് പുറത്തുവിട്ടിരുന്നത്. പ്രത്യേക അന്വേഷണ സംഘത്തിനും റിപ്പോർട്ട് പൂർണ്ണമായി നല്‍കിയിരുന്നില്ല.എന്നാല്‍ റിപ്പോർട്ട് പൂർണ്ണമായും പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കണമെന്നും എല്ലാ മൊഴിയും പരിശോധിച്ച്‌ നടപടിയെടുക്കണമെന്നും. ഇരകള്‍ക്ക് പരാതിയില്ലെങ്കില്‍ മാത്രം നിയമനടപടികള്‍ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി വനിത സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി രംഗത്തുവന്നു. ഹേമ കമ്മിറ്റിക്ക് മുൻപാണ് മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും മാധ്യമങ്ങളിലൂടെ ഇരകളുടെ മൊഴികള്‍ പുറത്തുവിടുന്നത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടണ് കത്ത്.

കത്തിന്റെ പൂർണരൂപം ഇങ്ങനെ:

 

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കള്‍ നിയോഗിച്ച ഹേമ കമ്മറ്റി മുമ്ബാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ സ്പെഷല്‍ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച്‌ റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങള്‍ താങ്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത് .‌

എന്നാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച്‌ പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികള്‍ ഇപ്പോള്‍ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് .

പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു. വിശ്വസ്തതയോടെ ഡബ്ല്യു.സി.സി’. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രമുഖ നടി സംവിധായകനും നടനുമെതിരെ നല്‍കിയ മൊഴി കഴിഞ്ഞ ദിവസം ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് ഡബ്ല്യുസിസി രംഗത്തെത്തിയത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി പഠിച്ചശേഷം മൊഴി നല്‍കിയവരുടെ വിശദവിവരം ശേഖരിക്കാൻ പട്ടിക തയ്യാറാക്കുമെന്നാണ് കഴിഞ്ഞ ദിവസം എസ് ഐ ടി സംഘം വ്യക്തമാക്കിയിരുന്നു. 4000 പേജുള്ള പൂർണ റിപ്പോർട്ട് പഠിക്കുകയാണെന്നും എത്രയും വേഗം മൊഴിയെടുപ്പിലേക്കും തുടർ നടപടികളിലേക്കും കടക്കുമെന്നുമാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.