ജാതി അടക്കമുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉടൻ

ന്യൂഡല്‍ഹി: ജാതി ഉൾപ്പെടെ രേഖപ്പെടുത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികള്‍ കേന്ദ്ര സർക്കാർ ആരംഭിച്ചു.ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും.

ജാതി സെൻസസിനായുള്ള സമ്മർദം എൻഡിഎ ഘടകകക്ഷികളില്‍ നിന്നും ശക്തമായതോടെ ജാതി കോളം കൂടി ഇത്തവണ ഉള്‍പ്പെടുത്തും. ആദ്യം എതിർത്തിരുന്ന ആർ എസ് എസും ഇക്കാര്യത്തിൽ അയഞ്ഞിട്ടുണ്ട്.

ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്ര മന്ത്രിയുമായ ജിതൻ റാം മാഞ്ചി എന്നിവരാണ് ജാതി കണക്കെടുപ്പിനായി വാദിക്കുന്നത്.

2021ല്‍ ആരംഭിക്കേണ്ടിയിരുന്ന സെൻസസിനാണ് സർക്കാർ ഇപ്പോള്‍ തുടക്കം കുറിക്കുന്നത്.കോവിഡ് മൂലം നീണ്ടുപോകുകയായിരുന്നു ജനസംഖ്യ കണക്കെടുപ്പ്.

ജാതി സെൻസസ് വാഗ്ദാനം ‘ഇൻഡ്യ സഖ്യം’ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ കണക്കെടുപ്പ് നടത്താന്‍ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

2011ലെ സെൻസസിലെ കണക്കുകളാണ് സർക്കാർ പദ്ധതികള്‍ക്ക് ഇപ്പോഴും ആധാരമാക്കുന്നത്. ജാതി സെൻസസിനു ശേഷമുള്ള മണ്ഡല പുനർനിർണയം കൂടി നടത്തിയതിനു ശേഷമാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്. ജാതി സെൻസസില്‍ തട്ടി നിലച്ചുപോയ സെൻസസിനാണ് പുതുജീവൻ വയ്ക്കുന്നത്.