ട്രംപിന്‍റെയും കമലയുടെയും നിലപാടുകള്‍ ജീവനെതിര്

വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണള്‍ഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസിനെയും വിമർശിച്ച്‌ ഫ്രാൻസിസ് മാർപാപ്പ. ഇരുവരുടെയും നിലപാടുകള്‍ ജീവനെതിരാണെന്ന് അദ്ദേഹം ആരോപിച്ചു.

ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്‍റെ നിലപാടുമാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഇരുവരുടെയും പേരു പരാമർശിക്കാതെയായിരുന്നു പാപ്പിയുടെ വാക്കുകൾ. സിംഗപ്പുരില്‍നിന്നു റോമിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാർപാപ്പ.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്.ഗർഭഛിദ്രം കൊലപാതകമാണ്.കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവർ ജീവിതത്തിനെതിരാണ്.ഇവയില്‍ ചെറിയ തിന്മയെ നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കണം.

ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്.ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല.എല്ലാവരും മനസാക്ഷിപൂർവം ചിന്തിച്ച്‌ വോട്ടു ചെയ്യണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.