ആഞ്ഞടിച്ച് അൻവർ : വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: വിവാദ പുരുഷന്‍മാരായി മാറിയ മുഖ്യമന്ത്രിയുടെ പൊളിററിക്കൽ സെക്രട്ടറി പി. ശശിക്കും എ ഡി ജി പി: അജിത് കുമാറിനും എതിരെ ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ വീണ്ടും ആഞ്ഞടിച്ചപ്പോൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഈ വിഷയത്തിൽ ഇടപെട്ടു.

അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സംബന്ധിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതാണെന്നാണ്ആരിഫ് മുഹമ്മദ് ഖാൻ വിലയിരുത്തുന്നത്.

എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. താനും ഫോണ്‍ ചോര്‍ത്തിയെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു. മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിത്ദാസ് ഫോണ്‍ ചോര്‍ത്തലിന് ഉപയോഗിച്ചതായിട്ടാണ് അൻവർ പറയുന്നത്.

പുറത്തുവന്ന സംഭാഷണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് എന്ന് രാജ്ഭവൻ കരുതുന്നു. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ കുറ്റസമ്മതവും ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ക്ക് അഭിപ്രായമുണ്ട്.

വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു എന്നാണ് അൻവർ മലപ്പുറത്ത് പറഞ്ഞത്. എഡിജിപി അജിത്ത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയും ചതിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.അദ്ദേഹത്തിന്റെ ബോധ്യപ്പെടലിലേക്ക് കാര്യം എത്തണം.വിശ്വസിച്ചവര്‍ ചതിച്ചെന്ന് പരിപൂര്‍ണബോധ്യം വരുന്നതോടെ ഒരു തീരുമാനത്തില്‍ മുഖ്യമന്ത്രി എത്തും.

ആര്‍ എസ് എസ് നേതാവിനെ എഡിജിപി കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപോര്‍ട്ട് കൃത്യസമയത്ത് നല്‍കിയിട്ടും മുഖ്യമന്ത്രി അതില്‍ നടപടി എടുക്കാത്തത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.ആ റിപോര്‍ട്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്താതെ പൂഴ്ത്തിവെച്ചെന്നാണ് എന്റെ അന്വേഷണത്തില്‍ ചില ഉദ്യോഗസ്ഥരില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് എന്ന് അൻവർ പറയുന്നു.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല.ശശിയെന്ന ബാരിക്കേഡില്‍ തട്ടി ഇത് നില്‍ക്കുകയാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുന്നത് വരെ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി നിലപാട് മാറ്റില്ല.മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്.ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

ആര്‍എസ്‌എസ് -എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപോര്‍ട്ട് അജിത് കുമാറും ശശിയും ചേര്‍ന്നാണ് പൂഴ്ത്തിയത്.ആര്‍എസ്‌എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല.കേസില്‍ പോലീസ് പ്രതികളെ രക്ഷിക്കാന്‍ ഒരുപാട് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. ആര്‍എസ്‌എസ് സ്വഭാവമുള്ള പോലീസുകാര്‍ സര്‍ക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അന്‍വര്‍ കുററപ്പെടുത്തി.