മുൻ എംഎൽഎ: ശശി നീചനാണെന്ന് എം വി ഗോവിന്ദൻ

പാലക്കാട്: സി പി എം മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

സി പി എം പാലക്കാട് മേഖല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതിയെന്നും ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും ഗോവിന്ദൻ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ ശശി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഡാലോചന നടത്തി. ഇതിന്‍റെ തെളിവുകൾ പാർട്ടിക്ക് ലഭിച്ചു. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു- അദ്ദേഹം പാർടി യോഗത്തിൽ വിശദീകരിച്ചു.

ശശിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടോയെന്ന് നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരമൊരു പരാതിയൊന്നുമില്ലെന്നായിരുന്നു ഗോവിന്ദൻ പറഞ്ഞിരുന്നത്. എന്നാല്‍,നടപടിയെടുത്തതിന് പിന്നാലെയാണിപ്പോള്‍ അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.

പാർട്ടി ഫണ്ട് തിരിമറി കേസിലാണ് ശശിക്കെതിരെ നടപടിയെടുത്തത്. അദ്ദേഹത്തെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കികൊണ്ടാണ് നടപടി.

മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നതായിരുന്നു ആരോപണങ്ങളിൽ
പ്രധാനം. ഇതുസംബന്ധിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കിയിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് പാർട്ടിയുടെ അറിവില്ലാതെ മണ്ണാർക്കാട് സഹകരണ കോളേജിന് വേണ്ടി ഓഹരികള്‍ സമാഹരിച്ചു.

വേണ്ടപ്പെട്ടവരെ സിപിഎം ഭരിക്കുന്ന സ്ഥാപനങ്ങളില്‍ നിയമിച്ചുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാനും സിപിഎം കമ്മീഷനെ നിയോഗിച്ചിരുന്നു. 2019ല്‍ എംബി രാജേഷ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎല്‍എയും ആയിരുന്ന ശശിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തക പീഡന പരാതി നല്‍കിയതോടെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് മുമ്ബ് സസ്‌പെൻഡ് ചെയ്‌തിരുന്നു.

രണ്ട് വർഷത്തിനുശേഷം സിപിഎം സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരില്‍ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. തുടർന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊർണൂരില്‍ സീറ്റ് നിഷേധിച്ചു. ഇതിന് പകരമായത് കെടിഡിസി ചെയർമാൻ സ്ഥാനം നല്‍കിയത്.

ശശി അധ്യക്ഷനായ മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജ് ഭരണ സമിതി നടത്തിയ നിയമനങ്ങളിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.