സ്വർണ്ണക്കേസ് പ്രതികൾക്ക് പൊലീസിൽ നിന്ന് ലൈംഗിക പീഡനം ?

കൊച്ചി: കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുകൾ പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. ഇടതുമുന്നണി എം എൽ എ: പി വി അൻവർ ആണ് ഇതുസംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

സുജിത് ദാസ് മലപ്പുറം ജില്ല പോലീസ് സൂപ്രണ്ട് ആയിരിക്കെയാണ് കരിപ്പൂരില്‍ ഏറ്റവും കൂടുതല്‍ സ്വർണം പൊലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ്. ഇതില്‍ കസ്റ്റംസ്- പൊലീസ് ഒത്തുകളി ഉണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. സ്വർണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പൊലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നുവെന്ന പുതിയ ആരോപണവും അൻവർ ഉന്നയിച്ചിരുന്നു.

വിമാനത്താവളത്തിന് സമീപം പോലീസിന്റെ ഇടിമുറിയുണ്ടെന്ന വാർത്തകളും വന്നിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന യാത്രക്കാരെ നിയമവിരുദ്ധമായി പരിശോധിക്കാനും മർദ്ദിക്കാനും ആണ് ഇടിമുറി. സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോള്‍ പ്രത്യേക സ്ക്വാഡില്‍ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇടിമുറിയില്‍ ഇപ്പോഴും യാത്രക്കാരെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിക്കുന്നത്.

ഇവർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിക്കാൻ ശുപാർശ ചെയ്തതും സുജിത്ത് ദാസ് തന്നെ. സിസിടിവി ക്യാമറകള്‍ പോലുമില്ലാത്ത പൊലീസ് എയ്ഡ് പോസ്റ്റില്‍ കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാർക്ക് അനുമതിയില്ലാതെ പ്രവേശനവും ഇല്ല. നൂറിലധികം യാത്രക്കാരെയാണ് വിമാനത്താവളത്തിന് പുറത്തുള്ള ഇടിമുറിയില്‍ പൊലീസുകാർ മർദ്ദിച്ചത്.

പരാതിയുമായി എത്തുന്നവരെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് പരാതി ഇല്ലാതാക്കുകയാണ് പതിവ്. സുജിത്ത് ദാസിനെതിരായ അന്വേഷണം നടക്കുമ്ബോള്‍ അദ്ദേഹം നിയോഗിച്ച ഗുണ്ടാ പൊലീസുകാർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

നേരത്തെ, എഡിജിപി അജിത്കുമാറിനും സുജിത് ദാസിനുമെതിരെ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അൻവർ നടത്തിയിരുന്നു. കൊലപാതകം, സ്വർണക്കടത്ത് കേസില്‍ പങ്ക്, മരംമുറി കേസില്‍ പങ്ക്, വ്യവസായി മാമിയുടെ തിരോധാനക്കേസില്‍ പങ്ക് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും അൻവർ ഉന്നയിച്ചിരുന്നത്