കൊച്ചി: ആർ എസ് എസ് ദേശീയ നേതാവും ബി.ജെ.പി മുൻ ജനറൽ സെക്രട്ടറികൂടിയായ രാം മാധവുമായി രണ്ടുതവണ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ചർച്ച നടത്തിയെന്ന വിവരവും പുറത്തുവന്നു. ഇതുസംബന്ധിച്ച സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്.
ആർ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാദം കത്തിനിൽക്കെ,ആണ് ഈ വാർത്തയും ചർച്ചയാവുന്നത്. കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തലസ്ഥാനത്ത് നടന്ന ആർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് പറയുന്നത്.
കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത് കുമാർ സജീവമായിരുന്നുവെന്നും സ്പെഷ്യൽ ബ്രാഞ്ച്റിപ്പോർട്ടിൽ പറയുന്നു.
ബി.ജെ.പിയുടെ സംഘടനാ കാര്യങ്ങളിൽ 2014 മുതൽ 2020 വരെ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി.യുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു.ബി.ജെ.പി. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നത് 2020-ലാണ്. തുടർന്ന് അദ്ദേഹം ആർ എസ് എസിലേക്ക് തിരിച്ചു പോകുകയായിരുന്നു.
ജമ്മു-കശ്മീർ തിരഞ്ഞെടുപ്പിന്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കും കഴിഞ്ഞദിവസം ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയിരുന്നു.
ആർഎസ്എസിനെ മുഖ്യശത്രുവായി കാണുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയൻ, ഈ കൂടിക്കാഴ്ചകളൊന്നും അറിഞ്ഞില്ലേ എന്ന ചോദ്യവും ശക്തമാണ്. എഡിജിപിയുടെ സന്ദർശനം ഇൻറലിജൻസ് മുഖേന മുഖ്യമന്ത്രി അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദ്യത്തിനും സി പി എം വിശദീകരണം നൽകുന്നില്ല.