തിരുവനന്തപുരം: സർക്കാരിനെയും സി പി എമ്മിനെയും പിടിച്ചുകുലുക്കിയ ഗുരുതരമായ ആരോപണങ്ങൾക്ക് ഇടയിൽ ഭരണകക്ഷി എം എൽ എ യായ പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിർണായ തെളിവുകൾ കൈമാറി.
മുഖ്യമന്തിയുടെ പൊളിററിക്കൽ സെക്രട്ടറി പി. ശശി, എ ഡി ജി പി: എം. ആർ. അജിത് കുമാർ എന്നിവർക്ക് എതിരെയുള്ള ആരോപണങ്ങൾ അൻവർ രേഖമൂലം മുഖ്യമന്ത്രിക്ക് നൽകുകയായിരുന്നു.
ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റാത്തതില്‍ അന്‍വറിന് കടുത്ത അതൃപ്തിയാണുള്ളത്. അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കും എതിരായി
മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല എന്നാണ് സി പി എം വൃത്തങ്ങൾ നൽകുന്ന സൂചന. ഇരുവരെയും അദ്ദേഹം കൈവിടില്ലെന്നാണ് അവർ കരുതുന്നത്. അതേസമയം, അൻവറിനെ സമാധാനിപ്പിക്കുകയും വേണം.
അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും അജിത്കുമാറിന് സര്‍ക്കാരിന്റെ സംരക്ഷണമുണ്ടായിരുന്നു. അന്വേഷണ സംഘത്തെ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിലും അജിത്കുമാറിനെതിരെ അന്വേഷണമെന്നില്ല. എന്നാല്‍ അജിത്കുമാര്‍ ഉന്നയിച്ച പരാതി അന്വേഷിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പി.വി.അന്‍വര്‍ ഓഗസ്റ്റ് 23ന് നല്‍കിയ പരാതിയിലും തുടര്‍ന്നുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നു മാത്രമാണ് ഉത്തരവിലുള്ളത്. അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും മാറ്റേണ്ടി വരും. ഇതിനാലാണ് അജിത്കുമാറിനെതിരെ നടപടിയുണ്ടാകാത്തതെന്നാണ് സൂചന.
സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷവും ബി.ജെ.പിയും ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷിക്കണം വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവർത്തിച്ചു.
ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്
കൊലപാതകം, സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ ലഹരി മരുന്ന് മാഫിയകളുമായുള്ള ബന്ധം, കൊടിയ അഴിമതി ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് എതിരെ ഉണ്ടായിട്ടും ആരോപണ വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ.ഡി.ജി.പിയെയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം പ്രഖ്യാപിച്ചത് കേട്ടു കേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എ.ഡി.ജി.പിയെക്കാള്‍ താഴ്ന്ന റാങ്കിലുള്ള ജൂനിയര്‍ ഉദ്യോഗസ്ഥരാണ് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിലുള്ളത്. എസ്.പിക്കെതിരെ അരോപണം ഉണ്ടായാല്‍ എസ്.ഐ ആണോ അന്വേഷിക്കുന്നത്? ഇത്രയും ഗുരുതര ആരോപണം ഉയര്‍ന്നിട്ടും നിയമപരമായ അന്വേഷണം നടത്താതെ പ്രഹസനം നടത്തുകയാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ ആരോപിച്ചു.
ആരോപണ വിധേയരായ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് അവരെ ഭയമാണ്. അവര്‍ എന്തെങ്കിലും വെളിപ്പെടുത്തുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. പത്തനംതിട്ട എസ്.പിയുടെ എം.എല്‍.എയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം കേരളത്തെ ഞെട്ടിച്ചതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
ഒരു ഉദ്യോഗസ്ഥന്‍ എം.എല്‍.എയുടെ കാല് പിടിക്കുകയാണ്. അയാള്‍ മൂന്ന് ഉദ്യോഗസ്ഥരെ കുറിച്ചാണ് അസംബന്ധം പറഞ്ഞത്. എ.ഡി.ജി.പിയുടെ ഭാര്യയുടെ സഹോദരന്‍മാര്‍ പണമുണ്ടാക്കുകയാണെന്നും എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരനും കള്ളനുമാണ് എ.ഡി.ജി.പിയെന്നും പറഞ്ഞ എസ്.പി ഇപ്പോഴും സര്‍വീസില്‍ ഇരിക്കുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതാണ്. അന്ന് അമിതാധികാരങ്ങള്‍ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വര്‍ണക്കള്ളക്കടത്ത് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഏരിയയില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ട് അത് മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ച് അതില്‍ നിന്നും കുറച്ചു സ്വര്‍ണം അടിച്ചുമാറ്റിയിട്ട് ബാക്കി സ്വര്‍ണത്തിന് മേല്‍ കേസെടുക്കുന്നു. എന്തൊരു വലിയ ആരോപണമാണിത്?
എസ്.പിയുടെ നേതൃത്വത്തില്‍ എ.ഡി.ജി.പിയുടെ അറിവോടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പിന്തുണയിലാണ് ഇതൊക്കെ നടന്നത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ക്കും ഗുണ്ടാ സംഘങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഭരണകക്ഷി എം.എല്‍.എ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കേണ്ടേ? നടപടി ഇല്ലാത്ത സാഹചര്യത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്നു വേണം കാണാന്‍. ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.