ന്യൂഡല്‍ഹി: ബി ജെ പി സർക്കാരുകൾ പിന്തുടരുന്ന ‘ബുൾഡോസർ രാജ്’ എന്ന പ്രാകൃത നടപടിക്കെതിരെ എതിരെ ആഞ്ഞടിച്ച് സുപ്രിംകോടതി. കേസില്‍ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിച്ചത്.ബുള്‍ഡോസർ രാജിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർ ഉള്‍പ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശങ്ങള്‍.
ശോഭായാത്രയുടെ ഭാഗമായി നോർത്ത് ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയില്‍ നടത്തിയ ബുള്‍ഡോസർ നടപടികള്‍ക്കെതിരെ രാജ്യസഭാ മുൻ എംപിയും സിപിഎം നേതാവുമായ വൃന്ദാ കാരാട്ട്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉള്‍പ്പെടെ നല്‍കിയ ഹർജികളും ഇക്കൂട്ടത്തിലുണ്ട്.
ഒരാള്‍ കുറ്റാരോപിതനാണെന്ന പേരില്‍ എങ്ങനെയാണ് അയാളുടെ വീട് തകർക്കുകയെന്ന് കോടതി ചോദിച്ചു. കുറ്റക്കാരനാണെന്നു കണ്ടെത്തിയാലും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ ഇത്തരമൊരു നടപടി ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉയരുന്ന ആശങ്കകള്‍ പരിഹരിക്കാനായി മാർഗനിർദേശങ്ങള്‍ പുറത്തിറക്കുമെന്നും കോടതി അറിയിച്ചു.
ഒരു പിതാവിനു വഴക്കാളിയായ മകനുണ്ടാകാം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ വീട് തകർക്കാനാകില്ലെന്ന് ജസ്റ്റിസ് വിശ്വനാഥൻ ചൂണ്ടിക്കാട്ടി. ഇങ്ങനെയല്ല വിഷയത്തെ നേരിടേണ്ടത്. കെട്ടിടം അനധികൃതമായി നിർമിച്ചതാണെങ്കില്‍ മാത്രമേ ഇത്തരം നടപടികള്‍ സ്വീകരിക്കാവൂ.
അനധികൃത കെട്ടിടമാണെങ്കിലും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണം. ആദ്യം നോട്ടിസ് അയയ്ക്കണം. തുടർന്ന് വിശദീകരണം നല്‍കാനുള്ള സമയം അനുവദിക്കണം. നിയമപരിഹാരങ്ങള്‍ കാണാനുള്ള അവസരവുമുണ്ടാകണം. ഇതിനുശേഷം മാത്രമേ കെട്ടിടം പൊളിക്കുന്നതടക്കമുള്ള നടപടികളിലേക്കു പോകാവൂ.
റോഡിലോ പൊതുസ്ഥലത്തോ ഉള്ള അനധികൃത നിർമാണങ്ങളെ കോടതി പിന്തുണയ്ക്കുന്നില്ല. അത്തരം സാഹചര്യത്തിലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം കെട്ടിടങ്ങള്‍ പൊളിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ബുള്‍ഡോസർ രാജുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന മാർഗനിർദേശങ്ങളിൽ ഉള്‍പ്പെടുത്തേണ്ട നിർദേശങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം സമാഹരിച്ച് സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകനായ നചികേത ജോഷിയെ ചുമതലപ്പെടുത്തി.
രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു പരാതിക്കാർ ബുള്‍ഡോസർ രാജിനെതിരെ സമർപ്പിച്ച ഹർജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. രാജസ്ഥാൻ കേസില്‍ വീട്ടുടമസ്ഥന്റെ മകൻ ചെയ്ത കുറ്റത്തിനായിരുന്നു വീട് തകർത്തത്. മധ്യപ്രദേശില്‍ കുടുംബതർക്കത്തെ തുടർന്നായിരുന്നു ബുള്‍ഡോസർ നടപടി.