തിരുവനന്തപുരം: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകള്‍ അടക്കം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച കോണ്‍ക്ലേവിലെ നയരൂപീകരണസമിതിയില്‍ ലൈംഗിക ആരോപണവിധേയനായ സി പി എം എം എൽ എ യായ നടൻ മുകേഷും.
സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയില്‍ മുകേഷ് തുടരണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാനായ ചലച്ചിത്രവികസന കോര്പ്പറേഷന് മേധാവി ഷാജി എന്‍. കരുണ്‍ പറഞ്ഞു.
സമിതിയുടെ കൺവീനർ സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് .മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങൾ.
ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംഎൽഎ സമിതിയിൽ അംഗമായിരിക്കുന്നതിനെതിരേ വിമർശനമുയരുന്നുണ്ട്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് ആദ്യം ആരോപണം ഉന്നയിച്ചത്.
വർഷങ്ങൾക്ക് മുന്‍പ് ടെലിവിഷന്‍ പരിപാടിക്കായി ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് പലതവണ ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ആരോപണം. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് മുകേഷ് രംഗത്തെത്തിയിരുന്നു.
അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടു എന്ന് നടി മിനു മുനീർ വെളിപ്പെടുത്തിയിരുന്നു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനോട് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. സമിതിയംഗങ്ങളില്‍ ഭൂരിഭാഗം പേരും തിരക്കിലായിരുന്നതാണ് നയത്തിന്റെ കരട് തയ്യാറാക്കുന്നതിലെ കാലതാമസത്തിനു കാരണം.
ഇക്കാലത്തിനിടെ മൂന്നോ നാലോ തവണ മാത്രമേ യോഗം ചേരാനായുള്ളൂ. സിനിമാ വ്യവസായത്തിന്റെ വിവധ മേഖലകളെക്കുറിച്ചുള്ള വിശദമായ ഡേറ്റാ ശേഖരണവും വൈകി. ഡേറ്റാ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സി ഈ മാസം അവസാനമോ അടുത്ത മാസം മധ്യത്തോടെയോ റിപ്പോര്‍ട്ടു നല്‍കും. ഡേറ്റ വിശകലനം ചെയ്തശേഷം സമഗ്രമായ കരട് തയ്യാറാക്കാനാവുമെന്നാണ് പ്രതീക്ഷ. ദേശീയതലത്തില്‍ മാതൃകയാക്കാന്‍ പറ്റുന്ന റിപ്പോര്‍ട്ടാണ് മനസ്സിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നതാണ് കോണ്‍ക്ലേവ് എന്നാരോപിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവും (ഡബ്ല്യൂ.സി.സി.) പ്രതിപക്ഷവും കോണ്‍ക്ലേവില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നറിയിച്ചിരുന്നു. പക്ഷേ, നടിമാര്‍ ബഹിഷ്കരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ചെയര്മാന് പറഞ്ഞു. അവരെ വ്യക്തിപരമായി കണ്ട് സംസാരിക്കാന്‍ ശ്രമിക്കും. സമിതിയംഗമായ പദ്മപ്രിയ ഡബ്ല്യൂ.സി.സി. അംഗമാണല്ലോ. അവരോടു സംസാരിക്കാമല്ലോ, അദ്ദേഹം പറഞ്ഞു.
കോണ്‍ക്ലേവില്‍ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള വിദഗ്ധര്‍ സംബന്ധിക്കും. അത് നമ്മുടെ നാട്ടിലെ സിനിമാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നും ഷാജി എന്‍. കരുണ്‍ വ്യക്തമാക്കി.
രാജ്യത്തെ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കുന്നത് ലക്ഷ്യം വെച്ചുള്ള ചാമ്പ്യന്‍ സെക്ടര്‍ പദ്ധതിയില്‍ പെട്ടതാണ് സിനിമാ മേഖല. ലോകത്തെ അഞ്ചാമത്തെ സിനിമാ വ്യവസായത്തില്‍നിന്ന് രണ്ടാമത്തേതാക്കി മാറ്റുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായ ചര്‍ച്ചകള്‍ക്കായി ഈ മാസം ഒടുവില്‍ കേന്ദ്ര വാര്‍ത്താ വിനിമയ- പ്രക്ഷേപണ വകുപ്പിലെ ഫിലിം ഫെസിലിറ്റേഷന്‍ ഓഫീസര്‍ തിരുവനന്തപുരത്തെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിനായി 400 കോടി രൂപ ആവശ്യപ്പെടുമെന്ന് ഷാജി എന്‍. കരുണ്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് സമിതി രൂപവത്കരിച്ചത്. രണ്ടുമാസത്തിനകം നയത്തിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സമിതിക്കായിട്ടില്ല. സിനിമാനയം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നെങ്കിലും ഒന്നും നടക്കാതെപോയി.