കൊച്ചി : മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി സർക്കാർ രൂപവൽക്കരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു ഭാഗം പുറത്തുവന്നതോടെ ലൈംഗിക പീഡനപ്പരാതികളുടെ പ്രളയമായി.
പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ലൈംഗികാരോപണവുമായി രണ്ട് നടിമാർ കൂടി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ഇത് അന്വേഷിക്കാൻ സർക്കാർ, ഏഴംഗങ്ങൾ അടങ്ങിയ ഉന്നത പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നടന്‍മാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു,ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർക്കെതിരെയാണ് മിനു മുനീറിന്റെയും മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെയും ആരോപണം.
ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മിനു മുനീറിന്റെ വെളിപ്പെടുത്തല്‍. ഉപദ്രവിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് വെളിപ്പെടുത്തല്‍.
2008ല്‍ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്ന തനിക്ക് ജയസൂര്യയില്‍നിന്ന് ദുരനുഭവമുണ്ടായതെന്ന് മിനു മുനീർ വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് റെസ്റ്റ് റൂമില്‍ പോയിവരുമ്ബോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നാണ് ആരോപണം.ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചുവെന്നും നടി ആരോപിച്ചു.
അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്കു വിളിപ്പിച്ചശേഷമാണ് അമ്മയുടെ മുൻ ജനറൽ സെക്രട്ടറി
ഇടവേള ബാബു മോശമായി പെരുമാറിയതെന്നും അവർ വെളിപ്പെടുത്തി. അമ്മയിൽ ചേരാനുള്ള ഫോം പൂരിപ്പിച്ചുകൊണ്ടിരിക്കെ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചുവെന്നും പെട്ടെന്ന് താൻ ഫ്ലാറ്റില്‍നിന്ന് ഇറങ്ങുകയായിരുന്നുവെന്നും നടി പറഞ്ഞു.
കലണ്ടർ എന്ന സിനിമ സെറ്റില്‍വെച്ച് നടൻ മുകേഷ് കടന്നുപിടിച്ചുവെന്നും ഫോണില്‍ വിളിച്ചു മോശമായി പെരുമാറിയെന്നും അവർ പരാതിപ്പെട്ടു.ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചുവെന്നാണ് മണിയൻപിള്ള രാജുവിനെതിരായ ആരോപണം. രാജുവില്‍നിന്നുണ്ടായ മോശം അനുഭവം ആ സമയത്ത് ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് പറഞ്ഞിരുവെന്നും മിന്നു പറഞ്ഞു.ഇക്കാര്യം ഗായത്രി മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുമുണ്ട്.
“മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തുന്നതിനായാണ് ഈ പോസ്റ്റ്. 2013ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെ ഇവർ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയില്‍ പെരുമാറുകയും ചെയ്തു.’
‘ തുടർന്നും സിനിമയില്‍ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു,” നടി കുറിച്ചു.”ഇതിന്റെ ഫലമായി മലയാളസിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു.
പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. എനിക്ക് മാനസികമായും ശാരീരികവുമായി ഉണ്ടായ ആഘാതത്തില്‍ നീതി തേടുകയാണ് ഞാൻ. ഹീനമായ പ്രവൃത്തികള്‍ ചെയ്തവർക്കെതിരെ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണ്,” മിനു മുനീർ കൂട്ടിച്ചേർത്തു.
സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞു അമ്മയുടെ ജോയിൻ്റ് സെക്രട്ടറി കൂടിയായ നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്നും ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചുവെന്നുമാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ
ആരോപണം.നേരിട്ടു കണ്ട് സംസാരിച്ച ശേഷം നല്ല റോള്‍ തിരഞ്ഞെടുക്കാമെന്നും സംവിധായകനുണ്ടെന്നും പറഞ്ഞാണ് തന്നോട് മോശമായി പെരുമാറിയതെന്നും യുവതി പറഞ്ഞു.
സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും അവർ ആരോപണം ഉന്നയിച്ചു. ചർച്ച കഴിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നു പറഞ്ഞാണ് എറണാകുളം ക്രൗണ്‍ പ്ലാസയിലേക്കു തന്നെ വിളിച്ചുവരുത്തിയതെന്നും ഇരു സംഭവങ്ങളും തന്നെ മാനസികമായി തളർത്തിയെന്നും യുവതി പറഞ്ഞു.
അതിനിടെ, സംവിധായകൻ തുളസിദാസിനെതിരെ നടി ശ്രീദേവിക, താരസംഘടനയ്ക്ക് നല്‍കിയ കത്ത്
പുറത്തുവന്നു. 2006ല്‍ അമ്മയ്ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയുടെ സെറ്റില്‍വെച്ച് ദുരനവുമുണ്ടായെന്നാണ് വെളിപ്പെടുത്തല്‍.
രാത്രിയില്‍ ഹോട്ടല്‍ മുറിയുടെ വാതിലില്‍ തുടർച്ചയായി മുട്ടിവിളിച്ചു. പേടിച്ച് റിസപ്ഷനില്‍ വിളിച്ചുചോദിച്ചപ്പോള്‍ സംവിധാകൻ ആണെന്ന് പറഞ്ഞു. ഇതുസംബന്ധിച്ച് 2018ല്‍ ഇ-മെയില്‍ വഴി അമ്മ പ്രസിഡന്റിനു വീണ്ടും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ശ്രീദേവിക വെളിപ്പെടുത്തി.
അതേസമയം, വെളിപ്പെടുത്തലുകളും ഇനിയുമുണ്ടാകുമെന്നും പിന്നില്‍ പല താല്പര്യങ്ങള്‍ ഉണ്ടാകുമെന്നും മണിയൻ പിള്ള രാജു പറഞ്ഞു. പണം കിട്ടാൻ വേണ്ടിയും അവസരം കിട്ടാത്തതില്‍ ദേഷ്യമുള്ളവരും ആരോപണവുമായി വരും. അതിനാല്‍ ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണം നിഷേധിക്കുന്ന തരത്തിലായിരുന്നു ബാബുരാജിന്റെയും പ്രതികരണം.അടുത്ത വെളിപ്പെടുത്തല്‍ തനിക്കെതിരെയായിരിക്കുമെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ,നാളെ കൊച്ചിയില്‍ ചേരാനിരുന്ന ‘അമ്മ’ സംഘടനയുടെ നിര്‍ണായക എക്‌സിക്യൂട്ടിവ് യോഗം മാറ്റി. മോഹൻലാലിന്റെ സൗകര്യംമൂലമാണു ഇതെന്ന് പറയുന്നു. ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച പശ്ചാത്തലത്തിലാണു യോഗം ചേരാനിരുന്നത്.
ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കുശേഷം റൂമിലേക്കു വിളിച്ചുവരുത്തുകയും തന്നെ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് സിദ്ധിഖിനെതിരെ യുവനടി രേവതി സമ്പത്ത് ആരോപിച്ചത്.