കൊച്ചി : ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. എന്നാൽ രഞ്ജിത് ഇത് നിഷേധിച്ചു. കഥാപാത്രത്തിന് യോജ്യ അല്ലാത്തതു കൊണ്ടാണ് അവരെ സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
‘ശ്യാമപ്രസാദ് സംവിധാനം ചെയ്ത, പൃഥ്വിരാജ് നായകനായ ‘അകലെ’ എന്ന സിനിമയില്‍ താൻ അഭിനയിച്ചിരുന്നു.തന്നെ അകലെയിലെ അഭിനയം കണ്ടാണ് പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു.
കൊച്ചിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്ക് ഒപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതില്‍ വളരെ സന്തോഷമുണ്ടായിരുന്നു- ശ്രീലേഖ പറയുന്നു.
വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്ബോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു.
ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി.
പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ പറയുന്നു.
ഈ സംഭവത്തെപ്പററി ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഒന്നും സംഭവിച്ചില്ലെന്ന് അവർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാററണമെന്ന് കെ പി സി സി പ്രസിഡണ്ട് കെ. സുധാകരൻ ആവശ്യപ്പെട്ടു.