കൊച്ചി : സി.ഐ.ടി.യു പാലക്കാട് ജില്ല പ്രസിഡണ്ടും സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗവുമായ പി.കെ.ശശി, പാർടി പിരിച്ചെടുത്ത മുപ്പതു ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാററിയെന്ന് പാർടി കണ്ടെത്തി എന്ന് പറയുന്നു.
കേരള വിനോദ സഞ്ചാര കോർപ്പറേഷൻ ( കെ ടി ഡി സി) ചെയർമാൻ കൂടിയായ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകളൂണ്ട്. ഷൊറണ്ണൂർ മണ്ഡലത്തിലെ മുൻ എം എൽ എ കൂടിയായിരുന്നു ശശി.
എന്നാൽ ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നിലവിലെ ചുമതലകളില്‍ അതുപോലെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കണ്ടെത്തിയതെന്ന് പറയുന്നു. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഇനി ഉണ്ടാവുക.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് എല്ലാ നടപടികളും. ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
ഇതിനെ തുടർന്ന് ശശി കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചേക്കും എന്നാണ് സൂചന. പാര്‍ട്ടി ആവശ്യപ്പെടുംമുമ്പ് സ്ഥാനം രാജിവെക്കാനാണ് നീക്കം. തരംതാഴ്ത്തിയ നടപടിക്കെതിരെ അപ്പീല്‍ ഹർജിയും നല്‍കിയേക്കും.
ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് ഹർജി നല്‍കുക. ചട്ടങ്ങള്‍ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാകും ഹർജി.