ന്യൂഡല്‍ഹി: രാജ്യത്ത് മതേതര വ്യക്തി നിയമം നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം തള്ളി ആള്‍ ഇന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയാണിത് എന്ന് ബോർഡ് കുറ്റപ്പെടുത്തി.
ഇസ്ലാം പിന്തുടരുന്ന ശരീഅത്ത് നിയമത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും സംഘടന വാർത്താകുറിപ്പില്‍ വ്യക്തമാക്കി. ഒരു മുസ്‌ലിമിനും അതില്‍ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ല.
സ്വാതന്ത്ര്യ ദിനത്തില്‍ മതേതര വ്യക്തി നിയമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും മതപരമായ വ്യക്തിനിയമങ്ങളെ സാമുദായിക നിയമങ്ങളായി വിശേഷിപ്പിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ബോർഡ് വക്താവ് ഡോ.എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു.
1937ലെ ശരീഅത്ത് ആപ്ലിക്കേഷൻ ആക്‌ട് അംഗീകരിക്കപ്പെട്ടതാണ്. ആർട്ടിക്കിള്‍ 25 പ്രകാരം മതം പ്രചരിപ്പിക്കുന്നതും ആചരിക്കുന്നതും മൗലികാവകാശമായി ഭരണഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റ് സമുദായങ്ങളുടെ കുടുംബ നിയമങ്ങളും അവരുടെ മതപരവും പൗരാണികവുമായ പാരമ്ബര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍, അവയില്‍ കൃത്രിമം കാണിക്കുകയും എല്ലാവരിലും മതേതരത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അടിസ്ഥാനപരമായി മതനിഷേധവും പാശ്ചാത്യ അനുകരണവുമാണെന്നും ബോർഡ് പറയുന്നു.
ഭരണഘടനയുടെ നാലാം അധ്യായത്തിലെ നിർദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിർദേശം മാത്രമാണ് ഏക സിവില്‍ കോഡ്. നാലാം അധ്യായത്തിലെ എല്ലാ നിർദേശങ്ങളും നിർബന്ധമല്ല. കോടതികള്‍ക്ക് അവ നടപ്പിലാക്കാനും കഴിയില്ല. ഈ നിർദേശകതത്വങ്ങള്‍ മൂന്നാം അധ്യായ പ്രകാരം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെ മറികടക്കാൻ സാധിക്കില്ല.
മതവിഭാഗങ്ങള്‍ക്കും സാംസ്കാരിക വിഭാഗങ്ങള്‍ക്കും അവരുടെ മതം ആചരിക്കാനും അവരുടെ സംസ്കാരം നിലനിർത്താനും അവകാശമുള്ള ഒരു ഫെഡറല്‍ രാഷ്ട്രീയഘടനയും ബഹുസ്വര സമൂഹവുമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഭരണഘടനാപരമായ ഏക സിവില്‍ കോഡിന് പകരം പ്രധാനമന്ത്രി മതേതര സിവില്‍ കോഡ് ഉപയോഗിക്കുന്നത് ബോധപൂർവവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ബോർഡ് ആരോപിച്ചു.
വർഗീയവും വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നിലവിലെ ചട്ടക്കൂടിന് പകരം രാജ്യത്ത് മതേതര സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് സ്വാതന്ത്ര്യദിന പസംഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചത്. ഭരണഘടനയിലെ നിർദേശക തത്ത്വങ്ങളും സുപ്രീംകോടതി വിധികളും ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം.
‘നാം 75 വർഷമായി ഒരു സാമുദായിക സിവില്‍ കോഡുമായി കഴിയുകയാണ്. അത് വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മതപരമായി വിഭജിക്കുന്നതും അസമത്വം വളർത്തുന്നതുമാണ്. രാജ്യത്ത് മതേതര സിവില്‍ കോഡ് അനിവാര്യമാണ്’- മോദി വ്യക്തമാക്കി.