രാഷ്ടീയം കലങ്ങുന്നു; മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ നീക്കം

ബെംഗളൂരു: കോൺഗ്രസ് നയിക്കുന്ന കർണാടക സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണചെയ്യാന്‍ ഗവർണർ അനുമതി നൽകിയത് രാഷ്ടീയ കോളിളക്കങ്ങൾക്ക് വഴിയൊരുക്കുന്നു.

മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആണ് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോറതിൻ്റെ നടപടി.

കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതി നല്‍കിയതെന്ന് അഭ്യന്തരമന്ത്രി ജി പരമേശ്വര ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും, സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.ഡി.യു.എയ്ക്കാണ് പിഴവ് സംഭവിച്ചതെന്നും മുഖ്യമന്ത്രിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി എം.ബി പാട്ടീല്‍ പറഞ്ഞു. ക്രമക്കേട് നടന്നത് ബിജെപി സര്‍ക്കാരിന്റെ കാലത്താണ്. കേന്ദ്രത്തിന്റെ താത്പര്യപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം കുററപ്പെടുത്തി.

തവര്‍ചന്ദ് ഗെഹ്‌ലോതിന്റെ ഉത്തരവ്‌ ചോദ്യംചെയ്ത് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കും. തിടുക്കപ്പെട്ടാണ് അനുമതി നല്‍കിയെന്ന് ആരോപിച്ചാവും ഹർജി.