ആർ. ഗോപാലകൃഷ്ണൻ
🔸🔸
സി.അച്യുതമേനോൻ വിടപറഞ്ഞിട്ട് ഇന്ന് 33 വർഷം തികയുന്നു…. എങ്കിലും ജനമനസ്സുകളിൽ അച്യുതമേനോൻ ജീവിക്കുന്നു.
ആത്മാർഥത കൊണ്ടും ആർജവം കൊണ്ടും ബഹുജന പ്രീതി നേടിയ രാഷ്ട്രീയ നേതാവായിരുന്നു അച്യുതമേനോൻ. ഇന്നും ആളുകൾ അച്യുതമേനോനെന്ന മുൻ മുഖ്യമന്ത്രിയുടെ കർമ്മ കുശലതയും ലാളിത്യം ഓർക്കുന്നു….
അച്ചുത മേനോന്റെ കാലത്തിനുശേഷം, ഈ ഗുണങ്ങളോടൊപ്പം മനുഷ്യസ്നേഹവും ദീനാനുകമ്പയും കൂടി പ്രകടിപ്പിച്ച ഉമ്മൻ ചാണ്ടിക്ക് മാത്രമെ വ്യാപക ജനപ്രീതി നേടാനായിട്ടുള്ളു.
തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ച ‘ആദ്യ’ത്തെ ആളാണ് സി. അച്യുത മേനോൻ. 1969-ലും 70-ലും അദ്ദേഹം മുഖ്യമന്ത്രിയായി (1969 നവംബർ 1 മുതൽ 1977 മാർച്ച് 25 വരെ). ഭാവനാസമ്പന്നമായ നിരവധി കർമ്മ പദ്ധതികളിലൂടെയും പുത്തൻ സംരംഭങ്ങളിലൂടെയും കേരളത്തെ പുരോഗതിയിലേക്കു നയിച്ച അച്യുതമേനോൻ മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും.
മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ശേഷം ആദ്യം തൃശൂരിലും പിന്നീട് പുത്രൻ ഡോ. രാമകുട്ടി യോടൊപ്പം തിരുവനന്തപുരത്തുമായി എഴുത്തും വായനയും സജീവമല്ലാത്ത രാഷ്ട്രീയവുമായി അദ്ദേഹം ജീവിച്ചു. 1977-നു ശേഷം, പാർട്ടി പദവികളിൽ നിന്നും മാറി നിൽക്കാൻ സ്വയം തീരുമാനിച്ചു. അധികാരമൊഴിഞ്ഞതിനു ശേഷം സാധാരണക്കാരനെ പോലെ തൃശ്ശൂർ സ്വരാജ്റൗണ്ടിലൂടെ നടന്നുപോകുന്ന അദ്ദേഹത്തിൻ്റെ ചിത്രം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. തൃശൂരിൽ ‘സാകേത’മെന്ന വീട്ടിൽ ചിലപ്പോഴൊക്കെ പോകാനും സാധിച്ചിട്ടുണ്ട്.
🌍
തൃശൂർ പുതുക്കാടിനടുത്ത് രാപ്പാൾ ദേശത്ത് മഠത്തിൽ വീട്ടിൽ കുട്ടൻമേനോൻ എന്ന അച്യുതമേനോൻ്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനുവരി 13-ന് ജനിച്ചു. റവന്യൂ ഇൻസ്പെക്ടറായിരുന്നു പിതാവ്. നാലാം ക്ലാസ്സു മുതൽ ബി.എ. വരെ മെരിറ്റ് സ്കോളർഷിപ്പോടുകൂടിയാണ് ഇദ്ദേഹം പഠിച്ചത്. തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാർത്ഥി എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവർണ്ണമുദ്രകൾ നേടി. ഇന്റർമീഡിയറ്റിനു റാങ്കും സ്കോളർഷിപ്പും സമ്പാദിച്ചു; തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ചേര്‍ന്ന് ബിരുദപഠനം നടത്തി, ബി.എ.യ്ക്കു മദിരാശി സർവകലാശാലയിൽ ഒന്നാമനായി ജയിച്ചു. 1935-ല്‍ തിരുവനന്തപുരത്തുനിന്നും സ്വര്‍ണ്ണമെഡല്‍ (‘വി. ഭാഷ്യം അയ്യങ്കാർ സ്വർണമെഡൽ’) നേടി ബി.എല്‍. പരീക്ഷ പാസ്സായി.
തുടര്‍ന്ന്, തൃശൂരില്‍ അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടു; ആ തൊഴിലില്‍ തുടരുന്നതിനിടയ്ക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ രാഷ്ര്രീയ പ്രവര്‍ത്തനത്തിലേയ്ക്ക് തിരിഞ്ഞു. കൊച്ചിൻ കോൺഗ്രസ്സിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ.
ജില്ലാ സെക്രട്ടറിയും, പ്രസിഡന്റുമായും സേവനമനുഷ്ഠിച്ചിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് തേക്കിൻകാട് മൈതാനിയിൽ നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവിൽ കഴിയുകയും ചെയ്തിട്ടുണ്ട്.
ഒളിവിൽ കഴിഞ്ഞ കാലത്താണ്, 1952-ൽ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പു കളിലും ഇദ്ദേഹം വിജയം വരിച്ചു. ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു. 1968-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ രാജ്യസഭാംഗത്വം രാജിവെച്ചുകൊണ്ട്, മുഖ്യമന്ത്രിയായി. പിന്നീടുള്ള രാഷ്ട്രീയ ജീവിതം തുടക്കത്തെ കുറിച്ച പ്രകാരമാണല്ലോ.
🌍
1930-കളില്‍ ആണ് അച്യുതമേനോന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ രംഗ്രപവേശം ചെയ്തത്. അദ്ദേഹം മൂന്നു കഥകള്‍ എഴുതി: ‘അടുക്കളക്കാരിയുടെ അഭിമാനം’, ‘ബാലപ്രണയം’, ‘ജുനിയര്‍ വക്കീല്‍’. ആദ്യത്തെ രണ്ടു കഥകളും ‘മാതൃഭൂമി’ വാരികയിലും, മൂന്നാമത്തേത് മുണ്ടശ്ശേരി പ്രതാധിപരായിരുന്ന ‘മംഗളോദയ’ത്തിലും അച്ചടിച്ചു. ‘സേവനത്തിന്റെ പേരില്‍’, ‘വിശപ്പിന്റെ വിളി’ എന്നീ രണ്ടു നാടകങ്ങളും അദ്ദേഹം രചിച്ചു. പിന്നീട നാടക-കഥാ രംഗത്തോട് അദ്ദേഹം വിട പറഞ്ഞു.
വിവര്‍ത്തനങ്ങള്‍, സ്മരണകള്‍, തൂലികാചിത്രങ്ങള്‍, ലേഖനങ്ങള്‍, എന്നീ വിഭാഗങ്ങളില്‍ ഉൾപ്പെടുന്നു പിന്നീടുള്ള അദ്ദേഹത്തിൻ്റെ സംഭാവനകള്‍. എച്ച്. ജി. വെല്‍സിൻ്റെ ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദ വേള്‍ഡ്’ ആണ് അച്യുതമേനോന്‍ ആദ്യം പരിഭാഷപ്പെടുത്തിയ കൃതി- ‘ലോകചരിത്ര സംഗ്രഹം’. ഗോര്‍ഡന്‍ ചൈല്‍ഡിൻ്റെ ‘മാന്‍ മേകസ് ഹിം സെല്‍ഫ്’ എന്ന വിശ്രുത കൃതി, ‘മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു’ എന്ന പേരില്‍ അദ്ദേഹം മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
വിവിധ വിഷയങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ പ്രബന്ധങ്ങളാണ് ഉപന്യാസമാലിക. ഇതിന് സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ അവാര്‍ഡ് ലഭിച്ചു. ‘തുലികാ ചിത്രങ്ങള്‍’, ‘സ്മരണയുടെ ഏടുകള്‍’, ‘മറക്കാത്ത അനുഭവങ്ങള്‍’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. അച്യുതമേനോന്റെ കത്തുകളും ഡയറിക്കുറിപ്പുകളും മരണാനന്തരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇക്കഴിഞ്ഞ ദിവസം തലസ്ഥാനത്ത് അച്ചുതമേനോൻ്റെ ഒരു പൂർണ്ണകായ പ്രതിമ അനാഛാദനം ചെയ്യപ്പെട്ടുവല്ലോ.
🌏
അച്യുതമേനോൻ 1991 ഓഗസ്റ്റ് 16-ന്, 78-ാം വയസ്സിൽ, തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൂന്ന് മക്കളുണ്ട്. മൂത്ത മകൻ ഡോ. വി. രാമൻകുട്ടി ശ്രീചിത്രയിലും പൊതു മെഡിക്കൽ രംഗത്തും ഡോക്ടർ ആയിരുന്നു; ചിത്രകാരനുമാണ്. പെൺമക്കൾ സതി, രാധ. സതി ജീവിച്ചിരുപ്പില്ല.
എന്റെ ഭാര്യാ പിതാവ് ചെങ്ങളത്തു രാമകൃഷ്ണപിള്ളയുമായി (1971-ൽ മരിക്കും വരെ) അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അച്യുതമേനോൻ. താഴെച്ചേർത്തിട്ടുള്ള കത്ത് ആ സൗഹൃദത്തിന്റെ തിരുശേഷിപ്പാണ്….
അതുല്യ പൊതുപ്രവർത്തക വ്യക്‌തിത്വത്തിന് ഉടമയായിരുന്ന അച്യുതമേനോൻ്റെ ദീപ്തസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
==============================
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി