ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ കൊറോണ കേസുകളുടെ എണ്ണം ഉയരുന്നതയായി ലോകാരോഗ്യ സംഘടന.
വൈകാതെ ഈ പകർച്ചവ്യാധിയുടെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍ കൂടുതലുള്ളതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളി ലാണ് കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിക്കുന്നവരുടെ നിരക്ക് കൂടുകയാണ്.
പാരീസ് ഒളിമ്പിക്സില്‍ മാത്രം നാല്‍പതോളം അത്ലറ്റുകളില്‍ കോവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. പ്രതിരോധ കുത്തിവെപ്പിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യരുതെന്ന് സംഘടന ഓര്‍മിപ്പിച്ചു.
എണ്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് കൊറോണ ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസ്സിലായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാന്‍ വെര്‍ഖോവ് പറഞ്ഞു.