വയനാട് നല്‍കുന്ന വിപത് സൂചനകള്‍

അരൂപി.

“രണ്ട് ‘പ’കാരങ്ങളെ – പട്ടിണി, പട്ടര്‍ – പേടിച്ചാണ് ഞാന്‍ തിരുവിതാംകൂറില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയത്. പക്ഷേ മൂന്ന് ‘പ’കാരങ്ങളെ – പുല്ല്, പനി, പന്നി – പേടിച്ച് ഞാന്‍ തിരികെ പോകുന്നു” എന്ന് പറഞ്ഞ് തനിക്കെഴുതി കിട്ടിയ തീറാരാധാരം തിരികെ ജന്മിക്ക് നല്‍കിക്കൊണ്ടാണ് എസ്.കെ.പൊററക്കാട്ടിന്‍റെ ‘വിഷകന്യക’യിലെ കഥാപാത്രം ഔസേഫ് വയനാടന്‍ ചുരമിറങ്ങുന്നത്.

1930-കളിലെ ക്ഷാമവും, ഔസേഫ് ‘പട്ടര്‍’ എന്ന് വിശേഷിപ്പിച്ച സര്‍.സി.പി. അഴിച്ചുവിട്ട പീഡനങ്ങളും കാരണമാണ് മദ്ധ്യതിരുവിതാംകൂറില്‍ നിന്നും അനേകായിരങ്ങള്‍ മലബാറിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തത്. ഇങ്ങിനെ കുടിയേറിയവര്‍ പ്രഭുക്കന്മാരായ ജന്മിമാരില്‍ നിന്നും ഏക്കര്‍ കണക്കിന് കാടുകള്‍ പാട്ടത്തിനെടുത്തും ചുറ്റുമുള്ള കാട് കയ്യേറിയും കൃഷിയാരംഭിച്ചു.

 

Wayanad: Interesting Places To Visit And Things To Do In, 50% OFF

 

കാടും മേടും നശിപ്പിക്കാന്‍ വന്ന കുടിയേറ്റക്കാര്‍ കിളച്ചുമറിക്കുന്തോറും ഇരട്ടിയായി വളരുന്ന പുല്ലായും, മഴക്കാലത്ത് പടരുന്ന മലമ്പനിയായും, കൃഷി നശിപ്പിക്കുന്ന പന്നിയായും പ്രകൃതിയും ചെറുത്തു നിന്നു. ഔസേഫിനേപ്പോലുള്ള അനേകര്‍ തിരികെ പോയെങ്കിലും പോയവരേക്കാള്‍ ഇരട്ടിയായി കുടിയേറ്റക്കാര്‍ കടന്നു വന്നു. വര്‍ദ്ധിത വീര്യത്തോടെ അവര്‍ കാടും മലയും വെട്ടിപ്പിടിച്ചു. കാലാന്തരത്തില്‍ മലബാറിലെ കാടുകള്‍ നാടായി.

തിരുവിതാംകൂറിലെ ചേട്ടന്മാര്‍ വരുന്നതിന് മുമ്പും വയനാട്ടില്‍ മനുഷ്യരുണ്ടായിരുന്നു. കുറിച്യരും പണിയരും കുറുമരുമെന്നാല്ലാമറിയപ്പെട്ടിരുന്ന അവര്‍ പക്ഷേ, പ്രകൃതിയോടിണങ്ങി, പ്രകൃതിയില്‍ നിന്നും തങ്ങള്‍ക്കാവശ്യ മുള്ളത് മാത്രമെടുത്ത് കഴിഞ്ഞുകൂടിയവരായിരുന്നു. അവരോട് പ്രകൃതിക്ക് പകയുണ്ടായിരുന്നില്ല. എന്നാല്‍ ആര്‍ത്തി മൂത്ത കുടിയേറ്റ കര്‍ഷകരുടെ അതിക്രമങ്ങള്‍ അതിരുവിട്ടതോടെ പ്രകൃതി കലഹിക്കാനാരംഭിച്ചു.

ഉരുള്‍പൊട്ടലായും, വെള്ളപ്പൊക്കമായും വരള്‍ച്ചയായും പ്രകൃതി മനുഷ്യനെ നേരിടാന്‍ തുടങ്ങി. പ്രകൃതിയോടുള്ള മനുഷ്യന്‍റെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്താറും പ്രകൃതിയുടെ തിരിച്ചടികള്‍ക്കും രൂക്ഷതയേറി. അത് പുത്തുമലയിലും കവളപ്പാറയിലും മുണ്ടക്കൈയിലുമൊക്കെ ആവര്‍ത്തിക്കുന്നു.

 

Wayanad Travel Guide: Places to Visit in Wayanad, Best Stays & More - HolidayMonk | Domestic Tour | International Tour | Resorts | Homestays

 

ഉരുള്‍പൊട്ടല്‍ എന്ന പ്രതിഭാസം കേരളത്തിന് പരിചിതമായിട്ട് നാളേറെയായിട്ടില്ല. ചരിത്രം പരിശോധിച്ചാല്‍ പ്രാചീനകാല രേഖകളിലൊന്നും ഉരുള്‍പൊട്ടലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നില്ല. 14-ാം നൂറ്റാണ്ട് വരെയുള്ള സഞ്ചാരികളുടെ വിവരണങ്ങളില്‍ പ്രകൃതിദുരന്തങ്ങളുടെ പരാര്‍ശമുണ്ടെങ്കിലും അതിലും ഉരുള്‍പൊട്ടലില്ല. ഫ്രാന്‍സിസ് ബുക്കാനനോ, ഫ്രിയര്‍ ജോര്‍ദാനൂസോ, വില്യം ലോഗനോ ഒന്നും ഉരുള്‍പൊട്ടലിനെക്കുറിച്ച് എഴുതിക്കണ്ടിട്ടില്ല.

1949-ല്‍ തൊടുപുഴ താലൂക്കിലെ കൊടിയത്തൂര്‍ മലയിലുണ്ടായ ഉരുല്‍പൊട്ടലായിരിക്കാം ഒരു പക്ഷേ, കേരള ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ അതിഭീകരമായ ഉരുള്‍പൊട്ടല്‍. ആ ഉരുള്‍പൊട്ടലിനെക്കുറിച്ചുള്ള ഒരു ദൃക്സാക്ഷി പറഞ്ഞത് മലയാള മനോരമയിലെ ചീഫ് റിപ്പോര്‍ട്ടറായിരുന്ന സി.ഐ.ഗോപിനാഥ് ഇപ്രകാരം വിവരിക്കുന്നു:

“ദിവസങ്ങളായി രാപ്പലലില്ലാതെ മഴ തുമ്പിക്കൈ വണ്ണത്തില്‍ കോരിച്ചൊരിയുന്നു. ആ (എതിര്‍ ദിക്കിലുള്ള) മലയുടെ നെറുകയില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കേ ആ മേഘപാളികള്‍ ക്കിടയില്‍ ഒരു മിന്നല്‍പിണര്‍. അതിഭയങ്കരമായ മുഴക്കം. ഭൂമി ഇടിഞ്ഞു തകരുന്നത് പോലെ തോന്നി. വെടിമരുന്നിന്‍റെ മണം എങ്ങും വ്യാപിച്ചു. പിന്നെ മലപൊട്ടിയ പ്രളയമായിരുന്നു. ആ മലയിലെ താമസക്കാരില്‍ ബഹുഭൂരിപക്ഷത്തിന്‍റേയും സര്‍വ്വസ്വവും നഷ്ടപ്പെട്ടു. താഴ്വാരത്തെ വയലുകളില്‍ ആറേഴാള്‍ വെള്ളം പൊങ്ങി”.

 

Interesting Facts about Wayanad - Petrichor

 

1949-ന് ശേഷം ധാരാളം ഉരുള്‍പൊട്ടലുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ കൃത്യമായ സ്ഥിതിവിവര ക്കണക്കുകള്‍ ലഭ്യമല്ല. 1960 മുതല്‍ 2009 വരെയുള്ള അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ രൂക്ഷമായ 65 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി ഒരു പഠനത്തില്‍ പറയുന്നു.

നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുടെ ഉരുള്‍പൊട്ടല്‍ അറ്റ്ലസ് പ്രകാരം 2000 മുതല്‍ 2021 വരെ 6039 ഉരുള്‍പൊട്ടലുകള്‍ കേരളത്തിലുണ്ടായി. 2016 മുതല്‍ 2022 വരെയുള്ള ഏഴു വര്‍ഷങ്ങളില്‍ രാജ്യത്താകെ ഉണ്ടായ 3782 ഉരുള്‍പൊട്ടലുകളില്‍ 2239 എണ്ണവും കേരളത്തിലാണ് സംഭവിച്ചത്. ആലപ്പുഴയൊഴികെയുള്ള കേരളത്തിലെ മറ്റ് ജില്ലകളെല്ലാം തന്നെ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നു. രാജ്യത്ത് അതിതീവ്ര ഉരുള്‍പൊട്ടലിന് സാദ്ധ്യതയുള്ള 50 പ്രദേശങ്ങളില്‍ 13-ാം സ്ഥാനം വയനാടിനാണ്.

സംസ്ഥാനത്ത് 1960-നും 2009-നുമിടമയിലുണ്ടായ 65 ഉരുള്‍പൊട്ടലുകളില്‍ 257 പേര്‍ക്കാണ് ജീവഹാനിയുണ്ടായതെങ്കില്‍ 2018, 2019, 2021 എന്നീ മൂന്ന് വര്‍ഷങ്ങളില്‍ വയനാട്ടില്‍ മാത്രമുണ്ടായ ഉരുള്‍പൊട്ടലില്‍ 129 പേര്‍ മരണപ്പെട്ടു. 16 പേരെ കാണാതായി.

ഇക്കഴിഞ്ഞ ജൂലായ് 30-ന് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ മണ്ണിടിച്ചിലാകാം ഒരു പക്ഷേ, ഇന്‍ഡ്യയിലെ തന്നെ ഇതുവരെയുണ്ടായ ഉരുള്‍പൊട്ടലുകളില്‍ വച്ചേറ്റവും വലുത്. ഒരു ഗ്രാമം അപ്പാടെ ഒഴുകിപ്പോയ ഈ മലവെള്ളപ്പാച്ചിലില്‍ ഇതെഴുതുന്ന ആഗസ്റ്റ് 6-ാം തിയതി വരെ 396 പേര്‍ മരണമടഞ്ഞുവെന്നും 206 പേരെ ഇനിയും കണ്ടെത്താനുമുണ്ട.് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഹിമാലയന്‍ മലനിരകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള പ്രദേശമാണ് കേരളമടക്കമുള്ള പശ്ചിമഘട്ടം. ലോക പൈതൃക പട്ടികയിലിടം പിടിച്ച ഈ മേഖലയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതി നിയമിക്കപ്പെടുന്നത്. 2011-ല്‍ ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പശ്ചിമഘട്ട മേഖലയൊന്നാകെ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്യാനും അതില്‍ 64 ശതമാനം സ്ഥലം മൂന്ന് പരിസ്ഥിതി ലോല മേഖലകളായി വേര്‍തിരിക്കാനും ശുപാര്‍ശ ചെയ്തു.

ഈ മേഖലകളില്‍ ജനിതിക മാറ്റം വരുത്തിയ വിളകള്‍ അനുവദിക്കരുത്, പ്ലാസ്റ്റിക് നിരോധിക്കണം, പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കരുത്, മണല്‍ കൊള്ളയും പാറപൊട്ടിക്കലും അനുവദിക്കരുത് ജലവൈദ്യുത പദ്ധതികള്‍ നിരുത്സാഹപ്പെടുത്തണം തുടങ്ങിയ നിരവധി ശുപാര്‍ശകളും അതിലടങ്ങിയിരുന്നു. പക്ഷേ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നു.

 

Morickap Resort in Wayanad, Kerala | Refined Luxury Amidst The Hills - YouTube

 

 

തുടര്‍ന്ന് കേന്ദ്രം കസ്തൂരി രംഗന്‍ സമിതിയെ നിയോഗിച്ചു.കസ്തൂരി രംഗന്‍റെ റിപ്പോര്‍ട്ട് പ്രകാരം സംരക്ഷിത മേഖല 64 ശതമാനത്തില്‍ നിന്നും 37 ശതമാനമായി നേര്‍പ്പിക്കപ്പെട്ടു.ഈ ശുപാര്‍ശ പ്രകാരം കേരളത്തിലെ 9994 ച.കി.മീ. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമായിരുന്നു.എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ ശുപാര്‍ശകളേയും എതിര്‍ക്കുകയായിരുന്നു. ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുമെന്നായിരുന്നു വാദം.

എന്തായാലും വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായതിന്‍റെ അടുത്ത ദിവസം, ജൂലായ് 31-ന്, കേന്ദ്ര സര്‍ക്കാര്‍ പശ്ചിമഘട്ടത്തിലെ 56826 ച.കി.മീ. പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് തിടുക്കത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതില്‍ ദുരന്തമുണ്ടായ പ്രദേശമടക്കം വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും. കേരളത്തിലാകെ 9994 ച.കി.മീ. പ്രദേശം പരിസ്ഥിതിലോല മേഖലയായിത്തീരും.

 

Must-Visit Temples in Wayanad - The Woods Resorts

 

മാധവ് ഗാഡ്ഗില്‍ പ്രശ്നസാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സ്ഥലമാണ് മുണ്ടക്കൈ. അവിടെത്തന്നെ ദുരന്തമുണ്ടായി എന്നത് തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതിന്‍റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഗാഡ്ഗിലിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ പറയുന്നത് മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടായ പാരിസ്ഥിതിക തകര്‍ച്ചയാണിത്തരം ദുരന്തങ്ങള്‍ക്ക് വഴിവക്കുന്നതെന്നാണ്.

പശ്ചിമഘട്ടത്തില്‍ ഏകദേശം 5 കോടിയില്‍ കൂടുതല്‍ ജനങ്ങള്‍ വസിക്കുന്നു. കേരള ഭാഗത്ത് മാത്രം ചുരുങ്ങിയത് 50 ലക്ഷം പേരെങ്കിലുമുണ്ടാകും. മനുഷ്യ വാസം പാരിസ്ഥിതിക നാശമുണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഉദാരവല്‍ക്കരണ നയങ്ങള്‍ പ്രകൃതി ചൂഷണത്തിന്‍റെ ആവേഗം കൂട്ടിയിട്ടുമുണ്ട്. തീര്‍ച്ചയായും ഈ ഘടകങ്ങളെല്ലാം പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുമുണ്ട്.

പക്ഷേ, മുണ്ടക്കൈയില്‍ ജൂലൈ 30-നുണ്ടായ ഉരുള്‍പൊട്ടല്‍ പൂര്‍ണ്ണമായും മനുഷ്യരുടെ ഇടപെടല്‍ കൊണ്ടാണെന്ന് പറയാനാവില്ല. മനുഷ്യരുടെ ഇടപെടലേല്‍ക്കാത്ത കൊടുവനത്തിനുള്ളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിവര്‍ഷമാണ് അതിന് കാരണം. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ഈ കാലവര്‍ഷക്കാലത്ത് വയനാട്ടില്‍ ആകെ കിട്ടേണ്ട മഴയുടെ 7 ശതമാനവും ജൂലൈ 29 രാവിലെ മുതല്‍ 30 രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ പെയ്തു.

 

WAYANAD WILDLIFE SANCTUARY (2024) All You Need to Know BEFORE You Go (with Photos)

 

കാലവര്‍ഷക്കാലത്ത് സാധാരണ ശരാശരി ഒരു ദിവസം 24 മി.മീ. മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ജൂലയ് 29 രാത്രി മുതല്‍ 30 രാവിലെ വരെ വയനാട്ടില്‍ പെയ്തത് 148.8 മി.മീ മഴയായിരുന്നു. ഈ തീവ്രമായ മഴ ഉരുള്‍പൊട്ടല്‍ മേഖലക്കെന്നല്ല ഒരു പ്രദേശത്തിനും താങ്ങാനാവില്ല. ഇത് തീവ്രമായ കാലവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അതിവൃഷ്ടിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ആ അതിവൃഷ്ടിയുടെ മൂലകാരണമാകട്ടെ ആഗോള താപനവും.

ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുമെല്ലാം ഇന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും ബോദ്ധ്യമുണ്ട്. ആഗോളതാപനം സമുദ്രത്തിലെ ജലനിരപ്പുയര്‍ത്തും. അതോടെ കേരളം പോലുള്ള സമുദ്രതീര സംസ്ഥാനങ്ങളുടെ മൂന്നിലെന്നെങ്കിലും വെള്ളത്തിനടിയിലാകും. സമുദ്രം ചൂടാകുന്നതോടെ മുണ്ടക്കൈ പോലുള്ള ദുരന്തങ്ങള്‍ സ്ഥിരം പ്രതിഭാസമാകും.

ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നതോടെ ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന നദികള്‍ വറ്റി വരളും. ഉത്തരേന്‍ഡ്യ മരുഭൂമിയാകും. ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് വര്‍ഷം തോറും വര്‍ദ്ധിച്ചു വരികയാണ്. ആര്‍ട്ടിക് പ്രദേശമുരുകുമ്പോള്‍ കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ 28 ഇരട്ടി വീര്യമുള്ള മീഥേന്‍ ബഹിര്‍ഗമനമുണ്ടാകും. അതായത് മനുഷ്യന്‍റെ ഇടപെടലില്ലാതെ തന്നെ ഹരിതഗൃഹ വാതക ബഹിര്‍ഗമനമുണ്ടാകുമെന്നര്‍ത്ഥം.

അത് അതിവൃഷ്ടിയും അനാവൃഷ്ടിയുമുണ്ടാക്കും. അതിവൃഷ്ടിയില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും സാധാരണമാകും. അനാവൃഷ്ടിയില്‍ വരള്‍ച്ചയും കാട്ടുതീയുമുണ്ടാകും. ഇങ്ങിനെ കാലാവസ്ഥാ പ്രതിസന്ധി മാനവരാശിയെ അജ്ഞാതമായ ഒരു ദിക്കിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം ഭവിഷ്യത്തുക്കളെപ്പറ്റി ഇന്ന് അറിയാത്തവരായി ആരുമില്ല. പക്ഷേ ആഗോള ഉച്ചകോടികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം ഒന്നും സംഭവിക്കുന്നില്ലന്ന് മാത്രം.

കടുത്ത പട്ടിണിയും കൊടിയ പീഡനവും കാരണം വയനാട്ടില്‍ കുടിയേറിയ കര്‍ഷകരുടെ പിന്മുറക്കാരാണ് ഇന്ന് അനിയന്ത്രിതമായ വികസന മാതൃകയുടേയും കാലാവസ്ഥാ വ്യതിയാനത്തിന്‍റേയും ഇരകളാകുന്നതെങ്കില്‍ നാളെ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാനാവാതെ മാനവരാശി ഒന്നടങ്കം വംശനാശത്തിലേക്ക് പതിക്കുമെന്ന ആശങ്കയുടെ മദ്ധ്യത്തിലാണ് നാമിന്ന്. അതാണ് വയനാട് നല്‍കുന്ന സൂചനയും.

Wayanad to Coorg: Destinations in South India That Are prone To Landslides And Best Avoided In Monsoon | Times Now

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News