ഭൂട്ടാനും ജി. ബാലചന്ദ്രനും

ആർ. ഗോപാലകൃഷ്ണൻ

🔸

ഭൂട്ടാന്‍ എന്ന കേരളീയർക്ക് തികച്ചും അപരിചിത ഭൂവിഭാഗത്തേയും അതിന്റെ സവിശേഷ സംസ്‌കാരത്തേയും മലയാളികളുടെ അനുഭവമണ്ഡലത്തിന്റെ ഭാഗമാക്കി മാറ്റിയ ഹൃദ്യമായ രചനകൾ നിർവഹിച്ച എഴുത്തുകാരനാണ് ജി. ബാലചന്ദ്രൻ.

ഭൂട്ടാൻ രാജ്യത്തെപ്പറ്റിയും അവിടത്തെ ജനജീവിതത്തെപ്പറ്റിയും ഞാൻ വിശദമായി കേൾക്കുന്നത്  ബാലചന്ദ്രൻ‍ എന്ന ഭൂട്ടാനിലെ ഒരു സ്കൂൾ അധ്യാപകൻ എൺപതുകളിൽ, ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ എഴുതിയത് വായിച്ചിട്ടാണ്. എനിക്ക് മാത്രമല്ല, എൻ്റെ തലമുറയിലെ മിക്കവർക്കും അതങ്ങനെയായിരിക്കും.

പ്രശസ്ത കഥാകാരൻ അയ്മനംജോൺ ഈയിടെ ഭൂട്ടാന്‍ യാത്രക്ക് ഉദ്യമിച്ചതു പോലും ഈ വായനയുടെ പ്രചോദനത്തിൽ നിന്നായിരുന്നു; അയ്മനംജോൺ എഴുതിയ യാത്രാനുഭവം ഇങ്ങനെയാണ് തുടങ്ങുന്നത്:

“എഴുപതെൺപതുകളിൽ ഭൂട്ടാൻ ജീവിതാനുഭവം പ്രമേയമാക്കി ജി. ബാലചന്ദ്രൻ ‘മാതൃഭൂമി’ വാരികയിൽ എഴുതിയ ഹൃദയസ്പർശിയായ ആഖ്യാനങ്ങൾ ചാരം മൂടിക്കിടന്ന ആ ആശയുടെ കനലിനെ പിന്നെയും ആളിക്കത്തിച്ചു.”

“ചില എഴുത്തുകാരെ എന്തുകൊണ്ടാണ് നാം മറക്കുന്നത്? പുതിയ വായനക്കാർക്ക് പരിചയപ്പെടാൻ ഉള്ള അവസരം പോലും കിട്ടാതെ മറവിയിലേക്ക് തള്ളിയിടുന്നു. ജി. ബാലചന്ദ്രൻ അത്തരത്തിൽ എല്ലാരും മറന്ന ഒരു പേരാണ്.” പലരും പരിതപിക്കുന്നു….

ബാലചന്ദ്രൻ്റെ 21-ാം ചരമവാർഷിക ദിനമാണ് ആഗസ്ത് 5.

🌍

മലയാളിയാണെങ്കിലും ജീവിതത്തില്‍ നല്ലൊരു ശതമാനം പ്രവാസിജീവിതം നയിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ സാഹിത്യവും പ്രവാസജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഭൂട്ടാനും, സമാനമായ മറ്റു ചില ഹിമാലയൻ പ്രദേശങ്ങളും പശ്ചാത്തലമാക്കിയുള്ള ബാലചന്ദ്രന്റെ രചനകളില്‍ ജീവിതത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു; ഒപ്പം തന്നെ ആ പ്രദേശത്തിന്റെ ജീവിതാശക്കും ഗാഢമായി ഉൾച്ചേർന്നിരുന്നു….. അതുകൊണ്ട് തന്നെ മലയാളികള്‍ ആവേശത്തോടെ ഈ അനുഭവ കഥകളും നോവലുകളും ഏറ്റുവാങ്ങി.

മലയാള സാഹിത്യത്തില്‍ ഏതാണ്ട് മൂന്നു നാല് പതിറ്റാണ്ടുകൾക്കു മുമ്പ് സജീവ സാന്നിധ്യമായി മാറിയ നോവലിസ്റ്റാണ് ബാലചന്ദ്രന്‍.


🌏

തോപ്പിൽ ഭാസിയുടെ ‘അശ്വമേധം’ ഭൂട്ടാനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി, സ്ക്കൂൾ വാർഷികത്തിന് അവതരിപ്പിച്ചതും അതിന്റെ പ്രതിഫലനമെന്ന നിലയിൽ, ആ സ്ക്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ സഹവിദ്യാർത്ഥിനികൾ ഒറ്റപ്പെടുത്തിയിരുന്ന കുഷ്ഠ ബാധയുള്ള ഒരു പെൺകുട്ടിയെ, അതേ കൂട്ടുകാരികൾ തന്നെ സാമൂഹ്യ ജീവിതത്തിലേക്ക് പുനഃരാനയിച്ചതും എല്ലാം എഴുതിയിരുന്നു.

‘കോടി കാ പുകാർ’ (‘കുഷ്ഠരോഗിയുടെ നിലവിളി’) എന്നാണ് ആ രചനയുടെ ശീർഷകം; ‘കോടി’ കുഷ്ഠത്തിന് ആ ഭാഷയിലെ വാക്കാണ്. ഇതു വായിച്ച് സാക്ഷാൽ തോപ്പിൽ ഭാസി, മാതൃഭൂമി ആഴ്ചപ്പതിലേക്ക് എഴുതിയ കത്തിലെ ഹൃദയസ്പർശിയായ വാക്കുകളും ഓർക്കുന്നു.

കാലിൽ ഉണ്ടായ മുറിവിൽ നിന്ന് ‘ഗാങ്ഗ്രീൻ’ ബാധിച്ച തന്റെ സഹപ്രവർത്തകനെയും കൊണ്ട് അനക മൈൽദൂരം മലവഴികൾ താണ്ടി ‘സിലുഗുരി’യിലെ മെഡിക്കൽ കോളേജിൽ (പശ്ചിമ ബംഗാൾ) എത്തിച്ച സംഭവ / അനുഭവകഥയും ബാലചന്ദ്രൻ ഹൃദയസ്പർശിയി, സൂഷ്മവും ദീർഘവുമായി എഴുതിയത് ഓർക്കുന്നു.

‘ഉണർന്ന മനസുകളും കരിഞ്ഞു പോയ ഒരു പൂമൊട്ടും’ എന്ന ഭൂട്ടാൻ ഓർമ്മകളുടെ സമാഹാരമായിരുന്നു ആദ്ദേഹത്തിന്റെ ആദ്യ പുസ്തകം; ഇതിൽ ‘നോർബുലിങ്ങ്’ എന്ന പ്രസിദ്ധ അനുഭവ വിവരണത്തിന് പുറമെ മേൽ സൂചിപ്പിച്ച രചനകളും ചേർത്തിരുന്നു. ഈ പുസ്തകമാണ്, പിന്നീട് ‘നോർബുലിങ്ങ്’ എന്ന പേരിൽ പുനഃപ്രസിദ്ധീകരി ച്ചിരിക്കുന്നത്.

🌍

 

1939-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഇലകമണ്ണിൽ (പടിഞ്ഞാറെവിള – വർക്കലക്കു സമീപം) ജനിച്ചു. അച്ഛൻ: സ്വാതന്ത്ര്യസമര ഭടനായിരുന്ന ഗോപാലക്കുറുപ്പ്‌. അമ്മ: മാധവിയമ്മ.

ഭൂട്ടാനിൽ അദ്ധ്യാപകനായി പോകുന്നതിനു മുൻപു് അക്കൗണ്ടൻ്റ് ജനറൽ ഓഫീസിൽ ജോലിയുണ്ടായിരുന്നു എന്ന് ഫൈൻ ആർട്സ്‌ കോളേജ് മുൻ പ്രിൻസിപ്പാളായിരുന്ന ടി എ സുകുമാര മേനോൻ പറയുന്നു….

“എൻ്റെ സുഹൃത്തും അയൽവാസി യുമായിരുന്ന വാമനൻ നമ്പൂതിരിയും ബാലചന്ദ്രനും ആദ്യകാലത്ത് ഭുട്ടാനിൽ അദ്ധ്യാപകരായി ചെന്നെത്തിയവരാണ്…. ഒരേ സ്കൂളിലുമായിരുന്നു…. യാത്രാ സൗകര്യങ്ങൾ തീരെയില്ലാതിരുന്ന അന്നത്തെ കാലത്ത് (1962-63-ൽ ) വളരെയധികം യാത്രാക്ലേശങ്ങൾ സഹിച്ച് അതിസാഹസികമായിട്ടാണ് ജോലി ചെയ്തിരുന്ന സ്കൂളിൽ എത്തിയിരുന്നത്….

ഇവിടെ നിന്ന് നാലു ദിവസത്തിലധികം ട്രെയിൻ യാത്ര നടത്തി വടക്ക് ഭുട്ടാൻ അതിർത്തിയായ വാംഗ് ഡിഫോഡാംങ്ങിൽ എത്തി… അവിടെ നിന്ന് ബസ്സിൽ ഫുംഗ് ഷോലിംഗിൽ…. പിന്നീട് മലകയറിയും ഇറങ്ങിയും കാൽനടയായി സ്കൂളിൽ എത്തുന്നു….”
1962-ൽ ഭൂട്ടാൻ ഗവൺമെന്റിന്റെ വിദ്യാഭ്യാസവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.

ഇരുപത്താറു വർഷം അവിടെ അദ്ധ്യാപകനായും പ്രിൻസിപ്പലായും ജോലി ചെയ്‌തു. ഭൂട്ടാനിലെ രാജകീയ ഭരണകൂടം ഇന്ത്യക്കാരോട്‌ വിവേചനം കാണിക്കുന്ന ചില നിയമങ്ങൾ നടപ്പാക്കിയതിൽ പ്രതിഷേധിച്ച്‌ 1988-ൽ ജോലി രാജിവെച്ചു.

🌍

 

ജഗ’, ‘മോചനം’, ‘കാട്ടുനീതി’, ‘ചിലന്തി’ ‘ഉറുമ്പുകള്’‍, ‘ഡ്രൂ’ പ്രധാന നോവലുകൾ.
ആദ്യ ഗ്രന്ഥത്തിന്റെ പേര് ‘ഉണർന്ന മനസുകളും കരിഞ്ഞു പോയ ഒരു പൂമൊട്ടും’ (ഈ പുസ്തകമാണ് പിന്നീട് ‘നോർബണിങ്’ എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത് – ഭൂട്ടാന്‍ അനുഭവങ്ങൾ / സ്മരണകൾ ആണിതിൽ, DC books). ഈ പുസ്തകത്തിലായിരുന്നു മുൻ സൂചിപ്പിച്ച ‘അശ്വമേധം’ നാടകത്തെക്കുറിച്ചും കാലു മുറിച്ചു കളയേണ്ടി വന്ന സുഹൃത്തിനെക്കുറിച്ചും മറ്റും ഉള്ളത്. ഒപ്പം അദ്ദേഹത്തിന്റെ നോർബു എന്ന് പേരിട്ട ആദ്യപുത്രൻ്റെ ജനനവും ശെശവത്തിലേ തന്നെയുള്ള മരണവും ഇതിൽ വിവരിക്കുന്നുണ്ട്. ഓരോ ഭാഗവും ഹൃദയഹാരിയാണ്.

‘കാട്ടുനീതി’, ‘മൃഗീയത ഇല്ലാത്ത മൃഗങ്ങൾ’ തുടങ്ങിയ നാല് ബാല സാഹിത്യ ഗ്രന്ഥങ്ങൾ.
‘ഹിമാലയത്തിൽ കേരളീയൻ’‍ എന്ന രചനയും ശ്രദ്ധേയമായി. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പി ലായിരുന്നു നോവലുകൾ പ്രസിദ്ധീകരിച്ചത്. അവസാന നോവൽ ‘ഉറുമ്പുകൾ’.

🌍

സുകുമാര മേനോൻ തുടർന്ന് കുറിക്കുന്നു: “തിരുവനന്തപുരം ഫൈൻ ആർട്സിൽ ഞാൻ ജോലിയിൽ ഉള്ളപ്പോൾ തിരുവനന്തപുരത്ത് ഗ്യാസ് ഹൗസ് ജംഗ്ഷനിൽ നിന്ന് കുന്നുകുഴിയിലേക്ക് പോകുമ്പോൾ ഇടത് വശത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു ഞങ്ങൾ എട്ടു പത്തു സുഹൃത്തുക്കൾ താമസ്സിച്ചിരുന്നത്…. മിക്കവാറും പേർ അന്ന് ‘മാതൃഭൂമി’ വാരികയിൽ വന്നിരുന്ന ബാലചന്ദ്രൻ്റെ നോവൽ വായനക്കാരായിരുന്നു….

“അപ്രതീക്ഷിതമായി എൻ്റെ സുഹൃത്ത് വാമനൻ നമ്പൂതിരി എന്നെക്കാണാൻ ലോഡ്ജിൽ വന്നു….. കൂടെയുണ്ടായിരുന്ന താടിക്കാരനെ പരിചയപ്പെടുത്തി…. ജി ബാലചന്ദ്രൻ …. ഞങ്ങൾ ഭൂട്ടാനിൽ ഒരുമിച്ചു ജോലി ചെയ്യുന്നു…. ബാലചന്ദ്രൻ്റെ ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല….!അവിടത്തെ ഒഴിവുകാലത്ത് നാട്ടിലെത്തിയവരാണു ഇരുവരും…. അവർ തിരിച്ചു പോകുന്നതിനു മുൻപ് ഒന്നു രണ്ടു പ്രാവശ്യം എന്നെക്കാണാൻ വന്നിരുന്നു…. ആ രണ്ടുനല്ല സുഹൃത്തുക്കളും ഇന്നില്ല…”

സ്‌മിത വാരിയർ അഭിപ്രായപ്പെടുന്നത്‌ തികച്ചു പ്രസക്തമാണ്: “ഇനിയും മലയാള സാഹിത്യം വേണ്ടതു പോലെ അടയാളപ്പെടുത്താത്ത എഴുത്തുകാരനാണ്  ബാലചന്ദ്രൻ. ഭൂട്ടാൻ്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ എത്രയോ നല്ല രചനകൾ. അദ്ദേഹത്തിൻറെ രചനകൾ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്ന കാലം മറക്കാനാവില്ല.

പ്രത്യേകിച്ചും ‘കാട്ടുനീതി’…… അതിനെ ബാലസാഹിത്യത്തിൽ പെടുത്തിക്കാണുന്നു. കഥാപാത്രമായി കുട്ടികൾ ഉണ്ടെങ്കിലും അത് ബാലസാഹിത്യ പരിധിയിൽ വരില്ല. അതൊരു ‘മുതിർന്ന’ മികച്ച നോവൽ തന്നെ!”

ഹരിലാൽ രാജേന്ദ്രൻ എഴുതിയ ഭൂട്ടാൻ യാത്രാവിവരണമായ ‘ഭൂട്ടാൻ: ലോകത്തിന്റെ ഹാപ്പിലാൻഡ്‌’ൻ്റെ ആമുഖക്കുറിപ്പു തന്നെ ആരഭിക്കുന്നതു ജി. ബാലചന്ദ്രന്‍ എന്ന മലയാളികളുടെ ഭൂട്ടാൻ അബാസിഡറിനെ സ്‌മരിച്ചുകൊണ്ടാണ്.


🌍

ബാലചന്ദ്രന് ‘എഴുകോൺ അവാർഡ്‌’ (‘മോചനം’, 1991), ‘സംസ്ഥാന ബാലസാഹിത്യ അവാർഡ്‌’ (‘കാട്ടുനീതി’, 1998) എന്നിവ ലഭിച്ചിട്ടുണ്ട്‌.

അവസാന നോവലായ ‘ഉറുമ്പുകൾ’‍, മാതൃഭൂമിയിൽ ഖണ്ഡഃശ പ്രസിദ്ധീകരിച്ചു വരവേയാണ് 2003 ഓഗസ്റ്റ് 05-നു നിര്യാതനായത്.

നേഴ്‌സ്‌ ആയിരുന്ന ആനന്ദവല്ലി ഭാര്യ. മഞ്ജു, മനു (മുംബൈ) എന്നിവർ മക്കൾ.
——————————————————————————————————————————————————-

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക