കൊൽക്കത്ത : രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ച് 2022ൽ നടത്തിയ പരാമർശത്തെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട പശ്ചിമ ബംഗാൾ ജയിൽ വകുപ്പ് മന്ത്രി അഖിൽ ഗിരി വീണ്ടും കുടുങ്ങി. ഇക്കുറി വനം വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് മന്ത്രിയോട് രാജിവയ്ക്കാൻ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
മന്ത്രി അഖിൽ ഗിരി, ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.പാർടി സംസ്ഥാന അധ്യക്ഷൻ സുബ്രത ബാക്ഷി അഖിൽ ഗിരിയെ വിളിച്ച് ഉദ്യോഗസ്ഥയോട് നിരുപാധികം മാപ്പുപറയാൻ നിർദേശിച്ചു. പിന്നീട് രാജി സമർപ്പിക്കാനും ആവശ്യപ്പെട്ടു എന്നാണ് തൃണമൂൽ വക്താവ് ശാന്തനു സെൻ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുടെ ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥയോടാണ് മന്ത്രി മോശമായി പെരുമാറിയത്. ഒരു വടികൊണ്ട് തല്ലുകൊണ്ടാൽ മാത്രമേ നിങ്ങൾക്കത് മനസിലാവു എന്നൊക്കെ പറഞ്ഞ് മന്ത്രി കയർത്തു. ഉളുപ്പില്ലാത്തവൾ, മൃഗം എന്നൊക്കെ മന്ത്രി ഉദ്യോഗസ്ഥയെ വിശേഷിപ്പിച്ചു.
മന്ത്രിയോട് താൻ തന്റെ ഡ്യൂട്ടി മാത്രമാണ് നിർവഹിക്കുന്നത് എന്ന് ഉദ്യോഗസ്ഥ മറുപടി പറഞ്ഞു. അപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെയല്ല സംസാരിക്കേണ്ടത് എന്നും, തലതാഴ്ത്തി മാത്രമേ സംസാരിക്കാവൂ എന്നും മന്ത്രി ശബ്ദമുയർത്തി ആക്രോശിച്ചു.
എന്നാൽ മാപ്പുപറയാൻ അഖിൽ ഗിരി തയ്യാറായിട്ടില്ല.പകരം തന്റെ ഭാഷാപ്രയോഗത്തിൽ ഖേദമുണ്ടെന്നും തന്റെ രാജിക്കത്ത് അടുത്ത ദിവസം നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
അഖിൽ ഗിരിയെ പോലുള്ളവരുടെ പെരുമാറ്റം പാർട്ടി അംഗീകരിക്കില്ലെന്നും, ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും,തൃണമൂൽ ഔദ്യോഗിക വക്താവ് ജയപ്രകാശ് മജൂംദാർ പറഞ്ഞു.