December 18, 2024 10:05 am

മൈക്രോ ഫിനാൻസ്‌ തട്ടിപ്പ്‌: തുഷാര്‍ വെള്ളാപ്പള്ളി രണ്ടാം പ്രതി

ആലപ്പുഴ: എസ്‌.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട മൈക്രോ ഫിനാൻസ്‌ തട്ടിപ്പ്‌ കേസില്‍ യോഗം വൈസ്‌ പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാർ വെള്ളാപ്പള്ളിയെ രണ്ടാംപ്രതിയാക്കി പൊലീസ്‌ കേസെടുത്തു. ബി ഡി ജി എസ് സംസ്ഥാന പ്രസിഡണ്ട് ആണ് അദ്ദേഹം.

വിശ്വാസവഞ്ചന, ചതി ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്. യോഗം ചേർത്തല യൂനിയനില്‍പെട്ട പള്ളിപ്പുറം ശാഖ യോഗത്തിലെ ഗുരുചൈതന്യം സ്വയംസഹായ സംഘത്തിന്റെ പരാതിയിലാണ്‌ ചേർത്തല പൊലീസിന്‍റെ നടപടി.

തട്ടിപ്പ്‌ നടക്കുമ്ബോള്‍ യൂനിയൻ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റി ചെയർമാനായിരുന്നു തുഷാർ. കണ്‍വീനറായിരുന്ന അന്തരിച്ച കെ.കെ. മഹേശൻ ഒന്നാംപ്രതിയും ഓഫിസ്‌ ജീവനക്കാരനായിരുന്ന സുരേന്ദ്രൻ മൂന്നാം പ്രതിയുമാണ്‌.

2018 മേയ്‌ നാലിന്‌ സംഘടന മുഖേന യൂനിയൻ ബാങ്ക്‌ കലവൂർ ശാഖയില്‍നിന്ന്‌ ലഭ്യമാക്കിയ 6.5 ലക്ഷം രൂപയുടെ വായ്‌പ തട്ടിപ്പിന്‌ ഉപയോഗിച്ചതായി എഫ്‌.ഐ.ആറില്‍ പറയുന്നു.

പലിശയിനത്തില്‍ 1,11,465 രൂപ ഉള്‍പ്പെടെ നിശ്ചിത ഗഡുക്കളായി യൂനിയൻ ഓഫിസില്‍ കൃത്യമായി അടച്ചെങ്കിലും ബാങ്കിന്‌ നല്‍കിയില്ല. അരലക്ഷത്തോളം മാത്രമാണ്‌ യൂനിയൻ ബാങ്കിലടച്ചത്‌. ശേഷിക്കുന്ന തുക പ്രതികള്‍ കൈക്കലാക്കിയെന്നാണ് ആരോപണം. എന്നാല്‍, വായ്‌പത്തുകയും പലിശയും പൂർണമായി അടച്ച്‌ വായ്‌പ ഇടപാട്‌ അവസാനിപ്പിച്ചതായി യൂനിയൻ ഓഫിസിലെ പാസ്‌ബുക്കില്‍ രേഖപ്പെടുത്തി സീല്‍ പതിപ്പിച്ച്‌ സംഘത്തിന്‌ നല്‍കിയെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.

വായ്‌പക്കുടിശ്ശിക ഈടാക്കാൻ അംഗങ്ങള്‍ക്ക്‌ ജപ്‌തി നോട്ടീസ്‌ ലഭിച്ചതോടെയാണ്‌ തട്ടിപ്പ്‌ വെളിപ്പെട്ടത്‌. സംഘാംഗങ്ങള്‍ യൂനിയൻ ഭാരവാഹികളെ സമീപിച്ചപ്പോള്‍ ഉടൻ പരിഹരിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയെങ്കിലും പാലിച്ചില്ല. ഇതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നിലവിലെ യൂനിയൻ അഡ്‌മിനിസ്‌ട്രേറ്റർ ടി. അനിയപ്പൻ സ്‌റ്റേഷനില്‍ ഹാജരായി നല്‍കിയ ഉറപ്പും പാലിക്കാത്ത സാഹചര്യത്തിലാണ്‌ നിയമോപദേശം സ്വീകരിച്ച്‌ പൊലീസ്‌ കേസെടുത്തത്‌.

ചേർത്തലയിലെ 102 സംഘങ്ങള്‍ക്ക്‌ യൂനിയൻ ബാങ്ക്‌ 2013 മുതല്‍ നല്‍കിയ 4.42 കോടിയും പലിശയും കുടിശ്ശികയുള്ളതായാണ്‌ വിവരം. 1200 കുടുംബങ്ങളാണ്‌ തട്ടിപ്പിനിരയായത്‌. മൂന്ന്‌ സംഘങ്ങള്‍ ഇതിനകം പരാതിയുമായി പൊലീസിനെ സമീപിച്ചു. കൂടുതല്‍ പരാതികള്‍ എത്തുമെന്നാണ്‌ സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News