മരണം 340; ഇനി കണ്ടെത്താനുള്ളത് 206 പേരെ

കൽപ്പററ: ഉരുൾപൊട്ടലിൽ ഇതുവരെ ജീവന്‍ പൊലിഞ്ഞത് 340 പേര്‍ക്കെന്ന് കണക്കുകള്‍.14 മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്.

107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.

10 Pictures of Indian Army Soldiers In Wayanad Landslide Rescue

സർക്കാർ കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്.49 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതിനിടെ അട്ടമലയില്‍ കുടുങ്ങിയിരുന്ന അഞ്ച് ആദിവാസി കുടുംബങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനായി രണ്ട് സംഘങ്ങള്‍ സൂചിപ്പാറ വനത്തിനുള്ളില്‍ കടന്നു. പൊലീസ്, തണ്ടർബോൾട്ട്, ഫോറസ്റ്റ് ഉദ്യോഗസ്ഥരടങ്ങിയ 12 പേരാണ് തിരച്ചിൽ നടത്തുന്നത്. ചാലിയാറില്‍ ഡോഗ് സ്ക്വാഡിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. നേവിയുടെ ഹെലികോപ്റ്ററും ദൗത്യത്തിലുണ്ട്.

കരസേന തീർത്ത ബെയ്‌ലി പാലം സജ്ജമായതോടെ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു. പടവെട്ടിക്കുന്നിൽ വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയർഫോഴ്‌സും ചേർന്ന് കണ്ടെത്തി രക്ഷിച്ചു.

Wayanad landslides: Death toll rises to 135, rescue efforts continue, wayanad, kalpetta, landlside, landslide in wayanad, mundakkai,chooralmala,landslide in kerala,kerala

 

ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികൾ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉരുൾപൊട്ടൽ തുടങ്ങിയ ഇടം മുതൽ കോഴിക്കോട് ജില്ല വരെ ജലം ഒഴുകി ഇറങ്ങിയ സ്ഥലത്ത് മുഴുവൻ പൊലീസ് തിരച്ചിൽ നടത്തും.ഓരോ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഫയർ ഫോഴ്സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന.