കൽപ്പററ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 270 ആയി. ഇരുന്നൂറോളം പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 158 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു.
ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു.
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് അഞ്ച് സംഘങ്ങളിലായി 210 സൈനികർ സ്ഥലത്തെത്തി. മണ്ണിനടയിൽ കുടുങ്ങിയവരെ കണ്ടെത്താനായി ഡൽഹിയിൽനിന്ന് സ്നിഫർ നായകളെ എത്തിച്ചിട്ടുണ്ട്. വയനാട്ടിലേക്ക് ടെട്രാ ട്രക്കുകൾ എത്തിക്കുമെന്നും സൈന്യം അറിയിച്ചു.