കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 224 ആയി ഉയർന്നു. 225 പേർ കാണാതായവരുടെ പട്ടികയിലുണ്ട്. 3000 പേരെ രക്ഷപ്പെടുത്തി. 195 ലധികം പേർ ആശുപത്രിയിലുണ്ട്.
ഇനിയും കണ്ടെത്താനിരിക്കുന്നവരിൽ തേയില, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്നു. ദുരന്തമുണ്ടായപ്പോൾ തങ്ങളുടെ കോട്ടേജുകളിൽ ഉറങ്ങുകയായിരുന്ന പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെയും കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. 155 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഇതിൽ മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു.
ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിക്കും. നിലവിൽ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. ഇവരിൽ 98 പേർ വയനാട്ടിലും ഒരാൾ മലപ്പുറത്തുമാണ്.
ആകെ 195 പേരാണ് ആശുപത്രികളിൽ എത്തിയത്. ഇതിൽ 190 പേർ വയനാട്ടിലും അഞ്ച് പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിൽ എത്തിയ 190 പേരിൽ 133 പേർ വിംസ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും അഞ്ച് പേർ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.