April 22, 2025 10:59 pm

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സ്ഥിതി തൃപ്തികരമാണെന്നും, അവിടെ പുതിയ അണക്കെട്ട് നിര്‍മിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം അറിയിച്ചു.

അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയുടെ ചുമതല അതിന്റെ ഉടമസ്ഥത വഹിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സുരക്ഷാ പരിശോധനയുടെ ചുമതല തമിഴ്‌നാട് ജലവകുപ്പിനാണെന്നും 2021ലെ ഡാം സേഫ്റ്റി നിയമപ്രകാരം അവര്‍ കാലവര്‍ഷത്തിനു മുന്‍പും ശേഷവും എല്ലാ വര്‍ഷവും പരിശോധന നടത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കൂടാതെ 2024 ജൂണ്‍ 13ന് മേല്‍നോട്ട സമിതിയും പരിശോധന നടത്തി. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തലെന്നും കേന്ദ്രം അറിയിച്ചു. 2021ലെ നിയമത്തിന്റെ 38–ാം സെക്‌ഷന്‍ പ്രകാരം നിയമം പ്രാബല്യത്തിലായി അഞ്ചു വര്‍ഷത്തിനുള്ളില്‍ സമഗ്ര സുരക്ഷാ അവലോകനം നടത്തേണ്ടതാണ്. ഇക്കാര്യം ജൂണ്‍ 13‌ന് ചേര്‍ന്ന മേല്‍നോട്ട സമിതി യോഗം ചര്‍ച്ച ചെയ്തിരുന്നു.

ലോക്‌സഭയിൽ ഡീന്‍ കുര്യാക്കോസിൻ്റെ ചോദ്യത്തിനു മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News