ആർ. ഗോപാലകൃഷ്ണൻ
⭕
“എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ
ഒരാളുടെ മണ്ണു മാത്രം ജീവനാകുന്നു…”
കേരളത്തിലെ ശില്‌പകലാരംഗത്തിന് പുതിയ ദിശാബോധവും ജനകീയഭാവവും നല്‌കിയ കലാകാരൻ… കാനായി കുഞ്ഞിരാമൻ. അദ്ദേഹത്തിന് 87-ാം ജന്മദിന ആശംസകൾ!
🔸
നമ്മുടെ നാടോടി ബിംബങ്ങളെയും മിത്തുകളെയും അനുഷ്‌ഠാന കലകളുടെ പ്രതീകങ്ങളെയും ത്രിമാനരൂപത്തിൽ ആവാഹിച്ച് മനുഷ്യാവസ്ഥയുമായും സാമൂഹിക സങ്കല്‌പങ്ങളുമായും കൂട്ടിയിണക്കി ശില്‌പങ്ങളിലൂടെ വ്യാഖ്യാനിച്ച് മൂര്‍ത്തവത്‌കരിക്കരിക്കുകയാണ് കാനായി ചെയ്തത്. കാനായി കുഞ്ഞിരാമനെ പോലെ ശില്‍പ്പകലയെ ഇത്രയും ജനകീയമാക്കിയ ഒരു കലകാരന്‍ വേറെ ഉണ്ടാകില്ല.
ഒരു #പഴയകഥ: പണ്ട് കാനായി വരച്ച നെഹ്‌റുവിന്റ ചിത്രം കണ്ട് നെഹ്‌റു പോലും അത്ഭുതപ്പെട്ട സംഭവമുണ്ടായി. അതാണു കാനായിയിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞ സംഭവം.
അക്കാലത്തു തുന്നൽക്കടക്കാരുടെ ഒരു പരിപാടിക്കായി നെഹ്റുവിന്റെ ഒരു കട്ടൗട്ട് വേണമെന്നു കൃഷ്ണേട്ടൻ പറഞ്ഞു. തടി വെട്ടി ആറടി ഉയരത്തിൽ നെഹ്റുവിന്റെ ആകൃതിയിൽ രൂപപ്പെടുത്തി. അതിൽ ചിത്രം വരച്ചു….
സ്കൂളിൽ പോകുകയാണെന്നു പറഞ്ഞ് ആരുമറിയാതെ കൃഷ്ണേട്ടന്റെ കടയിൽ പോയിരുന്നാണ് അതു പൂർത്തിയാക്കിയത്.
കട്ടൗട്ടിനു രണ്ട് ചക്രം കൂടി ഘടിപ്പിച്ച് അവരുടെ റാലിയുടെ മുൻനിരയിൽ ഉപയോഗിച്ചു. കണ്ടാൽ അസൽ നെഹ്റു നടന്നുവരുന്നതുപോലെ. ജാഥയൊക്കെ കഴിഞ്ഞു കൃഷ്ണേട്ടന്റെ കടയിൽ ഈ കട്ടൗട്ട് സ്ഥാപിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം കൊച്ചിയിൽ എന്തോ ചടങ്ങിനു വന്ന നെഹ്റു മംഗലാപുരത്തേക്കു ട്രെയിനിൽ പോകുന്നുണ്ടായിരുന്നു. വെള്ളമെടുക്കാനായി തീവണ്ടി ചെറുവത്തൂർ സ്റ്റേഷനിൽ നിർത്തി.
നെഹ്റുവിന്റെ കംപാർട്ടുമെന്റ് കൃത്യം വന്നുനിന്നത് കൃഷ്ണേട്ടന്റെ കടയുടെ മുൻപിൽ. ചിത്രം കണ്ട് കൗതുകം തോന്നിയ അദ്ദേഹം സുരക്ഷാഭടന്മാരെ അവഗണിച്ചു വാതിൽ തുറന്നു പുറത്തിറങ്ങി, കട്ടൗട്ടിനു സമീപമെത്തി. നെഹ്റു നെഹ്റുവിനെ തന്നെ നോക്കിനിൽക്കുന്ന ചിത്രം പിറ്റേറ്റേന്നത്തെ പത്രങ്ങളിൽ അടിച്ചുവന്നു….
🌍
വടക്കേ മലബാർ കാസർകോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത് കുട്ടമത്ത് എന്ന സ്ഥലത്ത് (ഹോസ്‌ദുർഗ് താലൂക്ക്) 1937 ജൂലൈ 15-ന് കുഞ്ഞിരാമൻ ജനിച്ചു. അച്ഛൻ പി.വി. രാമൻ്റെ ജന്മനാടായ പീലിക്കോട് ആണ് വളര്‍ന്നത്. അമ്മ കെ. മാധവിയുടെ സ്വദേശമാണ് കുട്ടമത്ത്. പയ്യന്നൂരെ ‘കാനായി’ ഗ്രാമത്തില്‍ നിന്ന് വന്ന അച്ഛന്‍, ‘കാനായി രാമൻ’ എന്നറിയപ്പെട്ടതിനാല്‍ കുഞ്ഞിരാമനും ചെറുപ്പം മുതല്‍ക്കേ ആ സ്ഥലനാമം വിളിപ്പേരായി. തെയ്യവും തിറയും പൂരക്കളിയും ഉത്സവങ്ങളും നിറഞ്ഞുനിന്ന ആ ഗ്രാമത്തിലെ നാടോടിപ്രതിരൂപങ്ങളുടെ വന്യലാവണ്യം കുഞ്ഞിരാമന്റെ മനസ്സില്‍ കൗമാരപ്രായത്തില്‍ തന്നെ പതിഞ്ഞുകിടന്നു.
നീലേശ്വരം രാജ ഹൈസ്കൂളിൽ നിന്നും,1957-ൽ കുഞ്ഞിരാമൻ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (SSLC) പരീക്ഷയിൽ വിജയിച്ചു. തന്റെ സ്കൂളിലെ ഒരു അദ്ധ്യാപകൻ, കൃഷ്ണൻ കുട്ടി, തന്റെ കലാപരമായ താല്പര്യങ്ങൾ പിന്തുടർന്നു പഠിക്കുവാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.
പിതാവിന് കലകളോട് തീരെ ആദരവും പ്രതിപത്തിയും ഉണ്ടായിരുന്നില്ല; കുടുംബത്തിൽ നിന്ന്, പ്രത്യേകിച്ച് പിതാവിൽ നിന്ന്, അദ്ദേഹത്തിന് കലാ പഠനത്തിന് പ്രോത്സാഹനം ലഭിച്ചില്ല എന്ന് മാത്രമല്ല, പിതാവ് കഠിനമായി എതിർക്കുമായും ചെയ്തു. ഇത് ജന്മനാട്ടിൽ നിന്ന് ചെന്നൈയിലേക്ക് പലായനം ചെയ്യാൻ കുഞ്ഞിരാമനെ പ്രേരിപ്പിച്ചു.
🌍
മദ്രാസ് ആർട്സ് & ക്രാഫ്റ്റ്സ്സിൽ കെ.സി.എസ്. പണിക്കരുടെ കിഴിൽ കുഞ്ഞിരാമൻ ചിത്രകലാ പഠനം തുടങ്ങി. ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു; മദ്രാസ് ആർട്സ് & ക്രാഫ്റ്റ്സ്സിൽ ദേബി (ദേവി) പ്രസാദ് ചൌധരിയെപ്പോലെ ഉള്ള മഹാന്മാരായ കലാകാരന്മാരെ ശിൽപകലയിൽ ഗുരുക്കന്മാരായി ലഭിച്ചു.
അദ്ദേഹം മദിരാശിയിലെ ഫൈൻ ആർട്സ് കോളെജിൽ നിന്ന് 1960-ൽ ഒന്നാം ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കി. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം 1961 മുതൽ ‘എത്തിരാജ് കോളേജ് ഫോർ വുമൺ’-ൽ പാർട്ട് ടൈം ടീച്ചറായി ജോലി ചെയ്തു.
1965-ൽ കാനായിക്ക് കോമൺവെൽത്ത് സ്കോളർഷിപ്പ് ലഭിച്ചു; ഇത് മൂലം ലണ്ടനിലെ ‘സ്ളേഡ് സ്കൂൾ ഓഫ് ആർട്ടി’ൽ ചേരാനും വിഖ്യാത ശില്‌പിയായ റെജ് ബല്‌ടറുടെ കിഴിൽ ശിൽപ്പകല അഭ്യസിക്കാനും അദ്ദേഹത്തിന് അവസ്സരം നൽകി. അദ്ദേഹം മൂന്നു വർഷം ലണ്ടനിലെ സ്കൂളിൽ ചെലവഴിച്ചു. ലണ്ടനിലെ സ്ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ നിന്നുള്ള ശില്പകലയിലെ ഈ ഉപരിപഠനം 1968 -ൽ പൂർത്തിയാക്കി.
പഠനാന്തരം നാട്ടിലേക്ക് മടങ്ങാനുള്ള ഒരു ധീമായ തീരുമാനമെടുത്ത്, കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം നിരവധി ശില്പ നിർമ്മാണ നിയോഗങ്ങൾ (‘യക്ഷി’, ‘മുക്കോല പെരുമാൾ’ മുതലായവ) ഏറ്റെടുത്തു. ഇംഗ്ലണ്ടിലെ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ഇടയ്ക്കാണെന്നു തോന്നുന്നു, ചണ്ഡീഗഡിൽ നടന്ന അന്താരാഷ്ട്ര ശില്പകലാ ക്യാമ്പിൽ (‘എൻവയോൺമെൻറൽ സ്കൾപ്ചർ ക്യാമ്പ്’) രചിച്ച ‘ഉർവരത’ ശില്പം ശ്രദ്ധ നേടിയത് അന്ന് അതേപ്പറ്റി ‘ഇല്ലസ്ട്രേറ്റഡ് വീക്കിലി’യിൽ സചിത്രാസ്വാദന ലേഖനമുണ്ടായിരുന്നു….)
മലമ്പുഴ ഉദ്യാനത്തിൽ അരനൂറ്റാണ്ട് (54 വർഷങ്ങൾ) മുമ്പ് ശില്പി കാനായി കുഞ്ഞിരാമൻ സൃഷ്ടിച്ചതു ‘യക്ഷി’യെന്ന ഒരു ശിൽപം മാത്രമായിരുന്നില്ല; ഒരു പുതുചരിത്രം കൂടിയായിരുന്നു…… നിർമ്മാണവേളയിലും തുടർന്നും പലതരം എതിർപ്പുകളെ നേരിടേണ്ടിവന്ന മലമ്പുഴയിലെ ‘യക്ഷി’ കേരളത്തിൻ്റെ (ഒരു പക്ഷേ, ഇന്ത്യയുടേയും) പൊതുഇട ദൃശ്യ ചാതുരതകളെ സംബന്ധിച്ചൊരു പൊളിച്ചെഴുത്തായിരുന്നു…
1955-ൽ മലമ്പുഴ അണക്കെട്ടു പണിത് ഒരുവർഷത്തിനുശേഷം 36 ഏക്കറിൽ ഉദ്യാനത്തിന്റെ പണി തുടങ്ങിയിരുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ശില്പം നിർമ്മിക്കാമെന്ന് തീരുമാനിച്ചത് 1967-ലാണ്; അതിനായി അന്ന് മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫൈൻ ആർട്സിന്റെ അന്നത്തെ പ്രിൻസിപ്പലായ കെ. സി. എസ്. പണിക്കർ വഴി കനായിയിൽ എത്തുകയായിരുന്നു.
യക്ഷിയുടെ നഗ്നരൂപം അക്കാലത്ത് ചില സദാചാര വാദികളെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വലിയ വിവാദങ്ങളും ഉണ്ടായി. കേരളത്തിലെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു നഗ്നശില്പം പൊതുസ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ളത്. “48 കിലോ കമ്പിയും 98 ചാക്ക് സിമന്റും പൊട്ട് ഇഷ്ടികകളും കൊണ്ടാണ് യക്ഷി ശില്പം തീര്‍ത്തത്.” അതിനിടക്ക് എട്ടുമാസം പണി നിര്‍ത്തി വച്ചു. പലവിധ തടസങ്ങളെയും അതിജീവിച്ച്, 1969-ൽ ശിൽപം പൂർത്തിയായി.
1976-ൽ കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുര ശില്പകലയുടെ തലവനായി അദ്ദേഹത്തെ സർക്കാർ നിയമിച്ചു; അദ്ദേഹം ആ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.
🌍
അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങൾ: ‘യക്ഷി’ (മലമ്പുഴ ഡാം), ‘ശംഖ്’ (വേളി പാർക്ക്), ‘ജലകന്യക’ (ശംഖുമുഖം കടപ്പുറം), ‘അമ്മയും കുഞ്ഞും’ (പയ്യാമ്പലം, കണ്ണൂർ), ‘മുക്കോല പെരുമാൾ- ശിൽപ്പത്രയം’, (GCDA, കടവന്ത്ര, കൊച്ചി), ‘നന്ദി’ (മലമ്പുഴ,പാലക്കാട്), ‘തമിഴത്തി പെണ്ണ്’ (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), ‘വീണപൂവിന്റെ ശിൽപം’, ‘ദുരവസ്ഥയുടെ ശിൽപം’ (തോന്നക്കൽ ആശാൻ സ്മാരകം), ‘ശ്രീനാരായണ ഗുരു’, ‘സുഭാഷ് ചന്ദ്ര ബോസ്’, ‘ശ്രീ ചിത്തിര തിരുന്നാൾ’, ‘പട്ടം താണുപിള്ള’, ‘മന്നത്ത് പത്മനാഭൻ’, ‘വിക്രം സാരാഭായി’, ‘ഡോ. പല്പു’, ‘മാമൻ മാപ്പിള’, ‘ഇ.എം.എസ്. നമ്പൂതിരിപ്പാട്’, ‘രവീന്ദ്രനാഥ ടാഗോർ’ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ (ആൾരൂപങ്ങൾ; ‘അക്ഷര ശില്‍പം’ (കോട്ടയം പബ്ലിക് ലൈബ്രറി)
കേരളത്തിലെ വിവിധ അവാർഡുകൾക്കായി നിരവധി ‘അവാർഡുശില്പങ്ങൾ’ രൂപകൽപ്പന ശില്പങ്ങൾ കാനായി ചെയ്തിട്ടുണ്ട്… അങ്ങനെ കേരളത്തിലെ ഒട്ടുമിക്ക പുരസ്കാരങ്ങളിലും ഒരു കാനായി സ്പർശം ഉണ്ട്. ‘പുരസ്ക്കാരങ്ങൾ’ സൃഷ്ടിക്കുന്ന പുരസ്ക്കാര ജേതാവ്!
2005-ലെ രാജാ രവിവർമ്മ പുരസ്കാരം കാനായി കുഞ്ഞിരാമനു ലഭിച്ചു. കേന്ദ്ര ലളിത കലാപുരസ്ക്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ…. കേന്ദ്ര ‘ലളിത് കലാ അക്കാദമി’, 2008-ൽ കാനായിയെക്കുറിച്ച് വിജയകുമാർ മേനോൻ എഴുതിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ‘കാനായി കുഞ്ഞിരാമൻ്റെ കവിതകൾ’ എന്ന കവിതാ സമാഹാരവും അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
രണ്ടുതവണ കേരള ലളിതകാല അക്കാദമിയുടെ ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു; 1978-ലും ; 2001-ലും. രണ്ടാം തവണ അദ്ദേഹം ചെയർമാൻ ആയിരിക്കുമ്പോൾ സെക്രട്ടറി ആയി ഞാനും ഉണ്ടായിരുന്നു.
………………..
🌍 “ശില്പനിർമ്മാണത്തിന് എനിക്കൊരു മോഡലിന്റെയും ആവശ്യമില്ല; ക്ഷേത്രകലയാണ് പ്രചോദനം. മലമ്പുഴയിലെ ‘യക്ഷി’മാത്രമല്ല, ശംഖുംമുഖത്തെ ‘സാഗരകന്യക’യ്ക്കോ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലെ കാവ്യശില്പങ്ങൾക്കോ മോഡലിന്റെ ആവശ്യമുണ്ടായിരുന്നില്ല”
– ശില്പി കാനായി കുഞ്ഞിരാമൻ
———————————————————————————————————————————————————————————
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി