കൊച്ചി : മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതിയിലെ ജസ്റ്റിസ് പി.എം.മനോജ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, റിപ്പോർട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ സർക്കാർ പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടി. കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പറയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുന്നതും ഹർജിക്കാരൻ ബോധിപ്പിച്ചു.
സർക്കാർ, വിവരാവകാശ കമ്മിഷൻ, സാംസ്കാരിക വകുപ്പിലെ അപലറ്റ് അതോറിറ്റി എന്നിവർ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. ആരോപണവിധേയരായവർക്ക് തങ്ങളുടെ ഭാഗങ്ങൾ വിശദീകരിക്കാൻ പോലുമുള്ള വേദിയോ സാഹചര്യമോ ഇല്ല. തങ്ങളുെട ഭാഗം കേൾക്കാൻ ഹേമ കമ്മിറ്റി തയാറായില്ലെന്നും കമ്മിറ്റിക്ക് മുമ്പാകെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം കിട്ടിയില്ലെന്നും ഹർജിക്കാരൻ വാദിച്ചു.