December 18, 2024 10:14 am

വിദേശ പഠന രംഗം കിതച്ചു തുടങ്ങി

കൊച്ചി: വിദ്യാഭ്യാസവും തൊഴിലും തേടി വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നു. ബ്രിട്ടൻ, കനഡ, ആസ്ടേലിയ, ഫിൻലാണ്ട് തുടങ്ങിയ രാജ്യങ്ങൾ പ്രവേശന നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് മുഖ്യകാരണം.

വിദേശത്തേയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികളെ സഹായിക്കാനായി സംസ്ഥാനത്ത് നാലായിരത്തോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് പറയുന്നത്. അവയിൽ നല്ലൊരു ഭാഗം താമസിയാതെ അടച്ചിടേണ്ടി വരുമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷകള്‍ കൂടുതലായി നിരസിക്കപ്പെടുന്നതാണ് അവരെ കുഴക്കുന്നത്.

നേരത്തെ, പങ്കാളികള്‍ക്കും കുട്ടികള്‍ക്കും അപേക്ഷകനോടൊപ്പം പോകാമായിരുന്നു. ഇപ്പോള്‍,പ്രധാന അപേക്ഷകന് അനുമതി നല്‍കിയാലും സഹ അപേക്ഷകരുടെ വിസകള്‍ തള്ളുകയാണ്.

ആസ്ടേലിയയില്‍ പഠിക്കാന്‍ വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും ബാങ്ക് അക്കൗണ്ടിൽ 29,000 ഡോളര്‍ (16 ലക്ഷം രൂപ) ഉണ്ടായിരിക്കണം നേരത്തെ ഇത് 24,000 ഡോളര്‍ (13 ലക്ഷം) ആയിരുന്നു.

വിസിറ്റിംഗ് വിസയില്‍ രാജ്യത്തേക്ക് വരുന്ന ആളുകള്‍ക്ക് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ അനുവദിക്കുന്ന ‘ഓണ്‍ഷോര്‍ വിസ ആപ്ലിക്കേഷനും’ ആസ്‌ട്രേലിയ നിരോധിച്ചു. ആര്‍ക്കും ഓണ്‍ഷോര്‍ വിദ്യാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ നേരത്തെ വളരെ ലളിതമായിരുന്നു. അവര്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായും ഇല്ലാതായി.

ഈ സാഹചര്യത്തിൽ കേരളത്ത്ലെ വിദേശ പഠന വിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏജൻസികളിൽ ഭൂരിഭാഗത്തിനും സര്‍വകലാശാലകളുമായി നേരിട്ട് ബന്ധമില്ല.വിദേശ സര്‍വകലാശാലകളുമായി ബന്ധമുള്ള മൂന്നാം കക്ഷികളുമായി അവര്‍ നിലനിർത്തുന്ന ബന്ധം അധികകാലം തുടരാനാവില്ല.

താഴ്ന്ന റാങ്കുള്ള സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുണ്ടതാണ്. കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മികച്ച 200 കോളേജുകള്‍ക്ക് താഴെയുള്ള സ്ഥാപനങ്ങളിലാണ് ചേരുന്നത്.ഇതും ഈ രംഗത്തിന് ഇരുട്ടടിയായി മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News