ആശങ്ക കൂടുന്നു: ഒരാൾക്ക് കൂടി നിപ ?: കേന്ദ്ര സംഘം ഉടനെത്തുന്നു

കോഴിക്കോട് : മാരക രോഗമായ നിപയുടെ ലക്ഷണം കണ്ട മലപ്പുറം സ്വദേശിയായ 68 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാററി.

ഇദ്ദേഹത്തിന് മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ ആണ് താമസം. എന്നാൽ പ്രാഥമിക പരിശോധനയിൽ നിപ ഇല്ലെന്ന് മനസ്സിലായതായി അധികൃതർ അറിയിച്ചു. എന്നാലും പൂണയിലെ ലാബിൽ നിന്നുള്ള ഫലം വന്നാലേ ഇക്കാര്യം വ്യക്തമാവൂ.

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സർക്കാർ നിയോഗിച്ച ആരോഗ്യ വിദഗ്ദ
സംഘം വൈകാതെ എത്തും. വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥന അനുസരിച്ച് ഐസിഎം ആർ , മോണോക്ലോണൽ ആൻറി ബോഡികൾ അയച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലും അയൽവാസികളിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. കഴിഞ്ഞ 12 ദിവസങ്ങളിൽ ഉണ്ടായ സമ്പർക്ക പട്ടിക തയ്യാറാക്കും.

രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്യും.കൂടുതൽ സാമ്പിലുകൾ ലാബുകളിൽ പരിശോധനയ്ക്ക് അയക്കും.

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരിച്ച 14കാരനുമായി സമ്പർക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്.