സതീഷ് കുമാർ
വിശാഖപട്ടണം
മലയാള സിനിമയുടെ ഗതി തിരിച്ചുവിട്ട “നീലക്കുയിലി ” ലെ പാട്ടുകളുടെ റെക്കോർഡിങ്ങ് പ്രവർത്തനങ്ങൾ നടക്കുന്ന കാലം. പി ഭാസ്കരനാണ് ഗാനങ്ങൾ എഴുതുന്നത് .സംഗീതം കെ. രാഘവൻ മാസ്റ്ററും .
ശാന്താ പി നായർ ,കോഴിക്കോട് അബ്ദുൽ ഖാദർ , കോഴിക്കോട് പുഷ്പ, മെഹബൂബ് , ജാനമ്മ ഡേവിഡ് , കൊച്ചിൻ അബ്ദുൽ ഖാദർ എന്നിവരൊക്കെയായിരുന്നു നീലക്കുയിലിന് വേണ്ടി
പാടാൻ എത്തിയ ഗായികാഗായകന്മാർ .
ചിത്രനിർമ്മാണത്തിന്റെ പുരോഗതി നേരിട്ടറിയാൻ വൈകുന്നേരമായപ്പോൾ നിർമ്മാതാവ് ടി കെ പരീക്കുട്ടി എത്തി.എല്ലാവരും പാട്ടുകൾ കേൾക്കാനായി വട്ടമിട്ടിരുന്നു.
“കായലരികത്ത് വലയെറിഞ്ഞപ്പോൾ
വളകിലുക്കിയ സുന്ദരി …. “
https://youtu.be/OVKueCba1CQ?t=31
കൊച്ചി സ്വദേശിയായ ഗായകൻ അബ്ദുൾ ഖാദർ പാടാൻ തുടങ്ങി ..പാട്ടിന്റെ പല്ലവി കേട്ടതേയുള്ളൂ ; നിർമ്മാതാവ് ഒന്നും മിണ്ടാതെ പതുക്കെ പുറത്തേക്കിറങ്ങിപ്പോയി.
സംഗീതസംവിധായകൻ കെ രാഘവൻ മാസ്റ്റർക്ക് എന്തോ പന്തികേട് തോന്നി .
പാട്ട് കഴിഞ്ഞപ്പോൾ നിർമ്മാതാവ് രാഘവൻ മാസ്റ്ററെ പുറത്തേക്ക് വിളിച്ചു പറഞ്ഞു .
“ഈ പാട്ട് അബ്ദുൽ ഖാദർ പാടിയാൽ ശരിയാവില്ല .രാഘവൻമാഷ് തന്നെ
പാടണം …”
അബ്ദുൽ ഖാദറെ കൊണ്ട് ഈ പാട്ടു പാടിക്കാൻ രാഘവൻ മാസ്റ്റർ പിന്നീട് പലപ്പോഴും ശ്രമിച്ചെങ്കിലും പരീക്കുട്ടി സാഹിബ്ബ് വഴങ്ങിയില്ല .
അവസാനം “വളകിലുക്കിയ സുന്ദരി” രാഘവൻ മാസ്റ്റർ തന്നെ പാടുകയും മലയാള സിനിമയുടെ ഗാനചരിത്രത്തിൽ അതൊരു വെള്ളിനക്ഷത്രമായി
തീരുകയും ചെയ്തു.
രാഘവൻ മാസ്റ്റർ
സിനിമയുമായി പുലബന്ധം പോലുമില്ലാത്ത കൊച്ചിയിലെ വ്യവസായപ്രമുഖനായിരുന്ന
ടി കെ പരീക്കുട്ടി എന്ന നിർമ്മാതാവിന്റെ ദീർഘവീക്ഷണം എത്ര ശരിയായിരുന്നുവെന്ന് ഈ പാട്ടിന്റെ വിജയം തെളിയിക്കുകയുണ്ടായി .
മലയാള സിനിമയിൽ പുതിയ പരീക്ഷണങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച നിർമ്മാതാവായിരുന്നു ചന്ദ്രതാര പ്രൊഡക്ഷൻസിന്റെ പരീക്കുട്ടി.
ടി കെ പരീക്കുട്ടി
ഇദ്ദേഹം നിർമ്മിച്ച സിനിമകൾ മലയാളചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായിട്ടാണ് കണക്കാക്കപ്പെടുന്നത്.കൊച്ചിയിലെ വ്യവസായിയും ബോട്ടുടമയുമൊക്കെയായിരുന്ന
പരീക്കുട്ടിയെ ചലച്ചിത്ര മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് രാമു കാര്യാട്ട് ആയിരുന്നു.
പരീക്കുട്ടി എന്ന നിർമ്മാതാവ് ഇല്ലായിരുന്നുവെങ്കിൽ പി ഭാസ്കരൻ ,കെ രാഘവൻ , ശോഭന പരമേശ്വരൻനായർ ,ഉറൂബ് ,രാമു കാര്യാട്ട് തുടങ്ങിയ അക്കാലത്തെ ന്യൂജെൻ ചെറുപ്പക്കാരുടെ സ്വപ്നങ്ങളൊന്നും പൂവണിയുമായിരുന്നില്ല.
പറയത്തക്ക വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നല്ലൊരു കലാഹൃദയമുള്ള വ്യക്തിയായിരുന്നു പരീക്കുട്ടി . ഭാവഗായകനായ ജയചന്ദ്രനെ തന്റെ “കുഞ്ഞാലിമരയ്ക്കാർ” എന്ന ചിത്രത്തിൽ പാടാൻ ആദ്യമായി അവസരമൊരുക്കി കൊടുത്തത് പരീക്കുട്ടിയാണ് .ഈ ചിത്രത്തിൽ ചിദംബരനാഥിന്റെ സംഗീതത്തിൽ
“ഒരു മുല്ലപ്പൂമാലയുമായി …..”
എന്ന ഗാനമാണ് ജയചന്ദ്രൻ ആദ്യമായി സിനിമയ്ക്കുവേണ്ടി പിന്നണി പാടിയത്…
എന്നാൽ “കളിത്തോഴൻ”എന്ന സിനിമ ആദ്യം തീയേറ്ററുകളിൽ എത്തിയതിനാൽ
“മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നു …..”
എന്ന ഗാനം ജയചന്ദ്രന്റെ ആദ്യഗാനമായി കണക്കാക്കപ്പെടുന്നു.
https://youtu.be/Z8irlvkPpyg?t=9
ജയചന്ദ്രൻ
സിനിമാ തിയേറ്ററുകൾ വെറും ഓലയും പനമ്പും മേഞ്ഞ കൊട്ടകകൾ മാത്രമായിരുന്ന കാലത്ത് കൊച്ചി നഗരത്തിൽ കേരളത്തിലെ ആദ്യത്തെ 70 mm തിയേറ്റർ “സൈന ” പണി കഴിപ്പിച്ചു കൊണ്ട് കേരളക്കരയെ വിസ്മയിപ്പിച്ച ചരിത്രവും പരീക്കുട്ടിക്ക് സ്വന്തം.
തമിഴ്, തെലുങ്ക് ,ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങളുടെ അനുകരണങ്ങളായിരുന്ന നമ്മുടെ ചലച്ചിത്രഗാനങ്ങളെ മലയാളത്തിന്റെ മണമുള്ള ഗാനങ്ങളായി മാറ്റിയെടുക്കാൻ സന്മനസ്സ് കാണിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന .
പരീക്കുട്ടി നിർമ്മിച്ച “നീലക്കുയിൽ “എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രഗാനങ്ങൾ സാധാരണ ജനങ്ങളുടെ ഹൃദയത്തിലേക്ക് കുടിയേറുന്നത് …മാത്രമല്ല മലയാള സിനിമയുടെ ഇതിഹാസകാരന്മാരായിരുന്ന രാമു കാര്യാട്ട് , പി.ഭാസ്ക്കരൻ ,കെ. രാഘവൻ ,ഉറൂബ്,
ശോഭന പരമേശ്വരൻ നായർ എന്നിവർക്കെല്ലാം ചലച്ചിത്ര രംഗത്തേക്ക് വഴിയൊരുക്കിയതും പരീക്കുട്ടി തന്നെയാണ്.
അതിമനോഹരഗാനങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടേയും പ്രത്യേകത.
“കായലരികത്ത് വലയെറിഞ്ഞപ്പോൾ … “
(രചന പി ഭാസ്കരൻ , സംഗീതം , ആലാപനം കെ.രാഘവൻ )
“മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല …”.( മെഹബൂബ് )
“എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് …”
(ജാനമ്മ ഡേവിഡ് )
“കുയിലിനെ തേടി കുയിലിനെ തേടി … “
(ജാനമ്മ ഡേവിഡ് )
“എങ്ങനെ നീ മറക്കും കുയിലേ ..”. (കോഴിക്കോട് അബ്ദുൾ ഖാദർ …..എല്ലാ ഗാനങ്ങളും നീലക്കുയിലിൽ നിന്ന് )
“കൊട്ടും ഞാൻ കേട്ടില്ല കുഴലും ഞാൻ കേട്ടില്ല …”
(പി.ലീല )
“അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി ..”.(ജാനകി )
( രണ്ടു ഗാനങ്ങളും തച്ചോളി ഒതേനൻ ….. രചന പി.ഭാസ്കരൻ സംഗീതം ബാബുരാജ് )
“താമസമെന്തേ വരുവാൻ …. “
(യേശുദാസ് )
“അറബിക്കടലൊരു മണവാളൻ …”
(യേശുദാസ് ,സുശീല )
“പൊട്ടിത്തകർന്ന കിനാവുകൾ കൊണ്ടൊരു … “
(ജാനകി )
“വാസന്ത പഞ്ചമിനാളിൽ … “
(ജാനകി )
“ഏകാന്തതയുടെ അപാരതീരം..”
( കമുകറ പുരുഷോത്തമൻ ,
എല്ലാ ഗാനങ്ങളും ഭാർഗ്ഗവിനിലയത്തിൽ നിന്ന് …..
രചന പി.ഭാസ്കരൻ , സംഗീതം ബാബുരാജ് )
“പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ …”
(ചിത്രം ആൽമരം ,രചന ഭാസ്കരൻ, സംഗീതം എ ടി ഉമ്മർ , ആലാപനം ജയചന്ദ്രൻ – ജാനകി )
“തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ …”
( പി ഭാസ്കരൻ ,ബാബുരാജ് , ജാനകി ചിത്രം മൂടുപടം )
“നാഴിയൂരി പാലുകൊണ്ട്
നാടാകെ കല്യാണം ….. “
( ചിത്രം രാരിച്ചൻ എന്ന പൗരൻ – രചന പി ഭാസ്കരൻ -സംഗീതം കെ രാഘവൻ – ആലാപനം ശാന്താ പി നായർ, ഗായത്രി )
https://youtu.be/NEd0MP3RULc?t=13
തുടങ്ങിയവ ചിലതു മാത്രം.
1969 ജുലൈ 21 ന് അന്തരിച്ച അദ്ദേഹത്തിന്റെ ഓർമ്മദിനമാണിന്ന്.
ഒരർത്ഥത്തിൽ മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന
ഈ നിർമ്മാതാവിന്റെ ധന്യമായ ഓർമ്മകൾക്ക് പ്രണാമം .
————————————————————————–
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക