ന്യൂഡൽഹി: ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റിലെ തകരാറിനെ തുടർന്നു രാജ്യവ്യാപകമായി 200 ഓളം വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോ മാത്രം 192 സർവിസുകൾ ഉപേക്ഷിച്ചു. കേരളത്തിൽ നിന്നുള്ള സർവിസുകളും ഇതിൽ
ഉൾപ്പെടുന്നു.
വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ നടപടിക്കും കാലതാമസം നേരിടുന്നുണ്ട്. വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ വിമാനത്താവള അധികൃതർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. യാത്രക്കാർക്ക് വേണ്ട കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങൾ എന്നിവ നൽകാനാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നിർദേശം നൽകിയത്.
മൈക്രോസോഫ്റ്റ് തകരാറിന്റെ കാരണം കണ്ടെത്തിയതായും വിഷയത്തിൽ മൈക്രോസോഫ്റ്റ് അധികൃതരുമായി ആശയവിനിമയം നടത്തുന്നതായും കേന്ദ്ര സർക്കാർ അറിയിച്ചു.
കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ ഉദ്യോഗസ്ഥരെ (എൻഐസി) ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കി. തകരാർ കണ്ടെത്തി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കേന്ദ്രസർക്കാരിന്റെ എൻഐസിക്ക് കീഴിൽ വരുന്ന വിഭാഗമാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി).തകരാർ കണ്ടെത്തിയിരിക്കുന്നതു ക്രൗഡ് സ്ട്രൈക്കുമായി ബന്ധപ്പെട്ട ഫാൽക്കൺ സെൻസറുകളുള്ള വിൻഡോസ് കംപ്യൂട്ടറുകളെയാണെന്നാണു സിഇആർടി അറിയിച്ചിരിക്കുന്നത്.
ഇതിൽ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണു വിൻഡോസ് പ്രവർത്തനം നിലച്ചതെന്നും സിഇആർടി പറയുന്നു. അപ്ഡേറ്റ് പിൻവലിച്ചു പഴയ രീതിയിലേക്കു മാറ്റിയെന്നും സിഇആർടി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.