ഉമ്മൻ ചാണ്ടി പറയാത്തത്

പി. രാജൻ

രിക്കൽ ഉമ്മൻ ചാണ്ടിയും എ കെ.ആൻ്റണിയും എം.എ. ജോണും ഞാനും ഒന്നിച്ച് ഒരു കാറിൽ കണ്ണൂരിലേക്കു യാത്ര നടത്തി.

കെ.എസ്സ്.യു.വിൻ്റെ മുരളി സമരം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നൂ യാത്ര. തേവര കോളേജിലെ വിദ്യാർത്ഥിയായിരുന്ന മുരളി ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടുവെന്ന പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.

ആ സമരത്തിൽ എന്നെ ഉപദേഷ്ടാവായി നിയമിച്ചിരുന്നൂവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. അങ്ങനെയൊരു നിയമനം നടന്നതായി എനിക്ക് ഓർമ്മയില്ല. പക്ഷെ ആ സമരത്തിൽ ഞാൻ വിദ്യാർത്ഥികൾക്കു പിന്തുണ നൽകിയിരുന്നു. അന്ന് ഞാൻ കൊച്ചിയിൽ മാതൃഭൂമിയുടെ സ്റ്റാഫ് ലേഖകനായിരുന്നു.

സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരിക്കെയാണ് ഞാൻ ഈ ജോലിയിൽ ചേരുന്നത്. അതോടെ കക്ഷി രാഷ്ട്രീയ പ്രവർത്തനം നിർത്തിയെങ്കിലും കോൺഗ്രസ്സ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഒരു ലാത്തിച്ചാർജിൽ വിദ്യാർത്ഥികൊല്ലപ്പെട്ടതായ പരാതിയെ കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിലാണ് അന്ന് ഇ.എം.എസിൻ്റെ നേതൃത്വത്തിലുള്ള സപ്ത കക്ഷി മുന്നണി സർക്കാർ കണ്ടത്. പാർട്ടിയും സർക്കാറും തമ്മിൽ വേർപ്പെടുത്താതെയുള്ള ഭരണരീതിയാണ് ജനാധിപത്യവാദിയായ എന്നെ 1957 ലെപ്പോലെ വീണ്ടും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ പ്രേരിപ്പിച്ചത്. കോൺഗ്രസ്സിന്നു അംഗീകൃതമായ വിദ്യാർത്ഥി സംഘടനയൊന്നുമുണ്ടായിരുന്നില്ല. മാതൃഭൂമിയും മനോരമയും ഉൾപ്പടെ പത്രങ്ങളെല്ലാം വിദ്യാർത്ഥി സമരത്തിന് എതിരായിരുന്നു.

നിയമസഭയിലും കോൺഗ്രസ്സിനു ഒമ്പതംഗങ്ങളേയുണ്ടായിരുന്നുള്ളൂ. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്നത് ജനാധിപത്യത്തെ ദുർബ്ബലമാക്കുമെന്നായിരുന്നൂ എൻ്റെ അഭിപ്രായം. മാദ്ധ്യമങ്ങളുടെ പിന്തുണ വിദ്യാർത്ഥികൾക്ക് കിട്ടണമായിരുന്നു. മനോരമ യുടെ പിന്തുണ കിട്ടിയതുകൊണ്ട് പ്രയോജനമില്ല. അവർ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചന സമരത്തിൻ്റെ ഭാഗമായേ പരിഗണിക്കപ്പെടുകയുള്ളൂ. മാതൃഭൂമിയുടെ പിന്തുണയാണ് കിട്ടേണ്ടിയിരുന്നത്. അതിനു അന്നത്തെ മാനേജി ങ്ങ് എഡിറ്റർ വി.എം.നായരെ പറഞ്ഞ് മനസ്സിലാക്കണം എന്ന് വിദ്യാർത്ഥി നേതാക്കളോട് ഞാൻ പറഞ്ഞു.

അദ്ദേഹത്തെ കാണാൻ ഞാനും വരണമെന്നു അവർ എന്നോട് പറഞ്ഞു.ഞാൻ അതിനു തയാറായില്ല.പക്ഷെ ആ സമരത്തിൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെപ്പറ്റി ‘അദ്ദേഹത്തോട് എങ്ങനെ പറയണമെന്ന് ഞാൻ വിദ്യാർത്ഥി നേതാക്കളോട് പറഞ്ഞു.

മാതൃഭൂമിയിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ലാത്തവരെ രണ്ടാംകിടക്കാരായേ കണ്ടിരുന്നുള്ളൂ. വാസ്തവത്തിൽ അവരിൽ പലരെയുകാൾ ഉൽബുദ്ധമായ വിശാല വീക്ഷണം ഉണ്ടായിരുന്നയാളാണ് വി.എം.നായർ. കെ എസ്സ് യു. നടത്തുന്ന സമരത്തിൻ്റെ പ്രാധാന്യം അദ്ദേഹത്തിനേ മനസ്സിലാകൂവെന്ന മട്ടിൽ വേണം സംസാരിക്കാൻ എന്ന് ഞാൻ വിദ്യാർത്ഥി നേതാക്കളെ യുപദേശിച്ചിരുന്നു.

അറിവിലും കഴിവിലും മുന്നിട്ട് നിൽക്കുന്നവർക്ക് അവരെക്കാൾ പിന്നിട്ട് നിൽക്കുന്നവരെയനുസരിച്ച് പ്രവർത്തിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ഗതികേട് വി.എം.നായർക്ക് ഉണ്ടായിരുന്നു. അങ്ങനെയുള്ളവർക്ക് അർഹമായ അംഗീകാരം കൊടുക്കുന്നവരോട് സ്വാഭാവികമായും അനുഭാവമുണ്ടാകുമെന്ന് എനിക്കറിയാം. ഇത് മനസ്സിൽ വെച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ആത്മപ്രശംസയെന്നു തോന്നുന്ന തരത്തിൽ സംസാരിച്ചെന്നു വരാമെന്നും അത് വകവെച്ചു കൊടുത്തേക്കണമെന്നും ഞാൻ വിദ്യാർത്ഥി നേതാക്കളോട് പറഞ്ഞു.

കോഴിക്കോട്ട് വെച്ച് വിദ്യാർത്ഥി നേതാക്കൾ അദ്ദേഹവുമായി സംസാരിച്ച ശേഷം അദ്ദേഹം സ്വയം അവരെ കാറിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അദ്ദേഹം എന്നെക്കാണാതിരിക്കാൻ ഞാൻ കാറിൽ കുനിഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി പതിവില്ലാത്ത തരത്തിൽ ചിരിച്ചു കൊണ്ടാണ് കാറിലേക്ക് കയറിയത്. ഞാൻ പറഞ്ഞ തരത്തിൽ തന്നെ വി.എം. നായർ സംസാരിച്ചത് ഓർത്താണ് ഉമ്മൻ ചാണ്ടി ചിരിച്ചത്.

ആ രാത്രി തന്നെ കണ്ണരിൽ ജില്ലാ നേതാവായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയെക്കാണാൻ ഞങ്ങൾ ഒന്നിച്ചു പോയി.കണ്ണൂരിൽ സമരം നടത്തിയാൽ കമ്യൂണിസ്റ്റുകൾ തല്ലുമെന്നു കടന്നപ്പള്ളി അന്നു പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്.   

അന്നു എം.എൽഎയായിരുന്ന പ്രഹ്ളാദൻ ഗോപാലൻ്റെ സഹായം മേടിക്കണമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ, കടന്നപ്പള്ളി മാർക്സിസ്റ്റ്കാരിലെ കണ്ണൂർ ലോബിയുടെ വിശ്വസ്തനായി പിണറായിയുടെ മന്ത്രിസഭയിൽ അംഗമാണ്. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ.സ്ഥിരം താൽപ്പര്യങ്ങളേയുള്ളൂവെന്നല്ലേ ചൊല്ല്.

 

———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക