തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചു.
. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് ഈ തീരുമാനം.
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും.
എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം റെയിൽവേ ഉറപ്പു വരുത്തണം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് റെയിൽവേയോട് യോഗം നിർദ്ദേശിച്ചു.
ട്രയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണം. തോടിന്റെ രണ്ട് ഭാഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറിഗേഷൻ വകുപ്പ് നടത്തും. 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിങ്ങിന്റെ പണി ഉടൻ ആരംഭിക്കും.
രാജാജി നഗറിന്റെ മദ്ധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപ്പറേഷൻ സ്ഥാപിക്കും. രാജാജിനഗർ പ്രദേശത്ത് ശാസത്രിയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടൻ പ്രവർത്തി ആരംഭിക്കും.
മെറ്റൽ മെഷുകൾ മേജർ ഇറിഗേഷൻ വകുപ്പ് സ്ഥാപിക്കും. മാലിന്യ സംസ്ക്കരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് പരിശീലനം നൽകും. 40 എ ഐ ക്യാമറകൾ സ്ഥാപിക്കും. ഇവയെ പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കും.
ആമയിഴഞ്ചാൻ തോടിന് സമീപമുള്ള വീടുകളിലെ മലിനജലം തോടിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കർശന നടപടികൾ കൈക്കൊള്ളും.കെഎസ്ആർടിസി, തകരപറമ്പ്, പാറ്റൂർ, വഞ്ചിയൂർ, ജനശക്തി നഗർ, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ/ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാൻ തോടിലേക്ക് ഒഴുക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും.
നീർച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേൽനോട്ടം എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീർച്ചാൽ കമ്മിറ്റികൾ രൂപീകരിക്കൽ, കുട്ടികളുടെ മേൽനോട്ടത്തിൽ നീർച്ചാൽ പരിപാലനം മുതലായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും. വെള്ളം കടലിൽ ഒഴികിയെത്തുന്നതിന് നീരൊഴുക്ക് സുഗമമാക്കും.
ഓൺലൈനായി ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടായിരുന്നു .