April 4, 2025 10:56 pm

മകന്റെ വിവാഹം: അംബാനി നേടിയത് 25000 കോടി രൂപ

മുംബൈ: അയ്യായിരം കോടി രൂപയിൽ അധികം മുടക്കി മകൻ ആനന്ദ് അംബാനിയുടെ വിവാഹം ആഘോഷിച്ച രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വർദ്ധന.

25000 കോടി രൂപയാണ് വിവാഹ ശേഷം ആസ്തിയില്‍ കൂടിയത് എന്ന് ‘ആജ് തക്ക്’പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീത നിശയ്ക്കായി പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും, വിവാഹത്തില്‍ പങ്കെടുക്കാനായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായ കിം കര്‍ദാഷിയാനും ഇന്ത്യയിലെത്തിയിരുന്നു. ഇവര്‍ക്കായി കോടികളാണ് അംബാനി കുടുംബം ചെലവിട്ടത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് മൂന്ന് ബില്യണ്‍ യുഎസ് ഡോളര്‍ മുകേഷ് അംബാനി സ്വന്തമാക്കിയത്. ഇത് ഇന്ത്യന്‍ ബിസിനസ് മേഖലയിലെ റെക്കോര്‍ഡാണ്. ചെറിയ കാലയളവിലെ ഈ നേട്ടം മുകേഷ് അംബാനിയുടെ മൊത്തം ആസ്തിയിലും പ്രതിഫലിച്ചതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ജൂലായ് അഞ്ചിന് മുകേഷ് അംബാനിയുടെ ആസ്തി 118 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. എന്നാല്‍ ജൂലായ് 12ന് ഇത് 121 ബില്യണായിട്ടാണ് ഉയര്‍ന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ആഗോള സമ്ബന്നരുടെ റാങ്കിംഗില്‍ ഇത് മുകേഷ് അംബാനിക്ക് നേട്ടമായിട്ടുണ്ട്. പന്ത്രണ്ടാം സ്ഥാനത്തായിരുന്നു നേരത്തെ ആഗോള കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനി.

എന്നാല്‍ 25000 കോടിയുടെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് മുകേഷ് അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഇപ്പോഴും തുടരുകയാണ് അദ്ദേഹം. രാധിക മെര്‍ച്ചന്റുമായിട്ടുള്ള മകൻ അനന്തിന്റെ വിവാഹം മുകേഷ് അംബാനി വലിയ ഭാഗ്യം കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്.

അതേസമയം സമ്ബത്ത് വര്‍ധിക്കാന്‍ കാരണം വേറെയുമുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹം ദിവസം മാത്രം റിലയന്‍സിന്റെ ഓഹരികളില്‍ ഒരു ശതമാനം വര്‍ധന കണ്ടു. കഴിഞ്ഞ ഒരു മാസത്തില്‍ 6.65 ശതമാനത്തിന്റെ മൂല്യമാണ് റിലയന്‍സിന്റെ ഓഹരികളില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ 14.90 ശതമാനമാണ് ഈ ഓഹരികളില്‍ നിന്ന് ലഭിച്ച റിട്ടേണ്‍. വിവാഹത്തിന് ശേഷം ചെറിയൊരു ഇടിവ് ഓഹരിയില്‍ ഉണ്ടായിരുന്നു. 1.11 ശതമാനമാണ് ഇടിവ് നേരിട്ടത്. 3159 രൂപ ഒരോഹരിക്ക് എന്ന വിലയിലാണ് വ്യാപാരം നടന്നത്. ആനന്ദിന്റെ വിവാഹം കമ്പനിക്ക് അതുകൊണ്ട് വലിയ നേട്ടമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News