കർണാടക ജോലി സംവരണ ബിൽ പിൻവലിക്കുന്നു

ബംഗളൂരു :മലയാളികള്‍ തൊഴില്‍ തേടി പോകുന്ന പ്രധാനപ്പെട്ട സംസ്ഥാനമായ കർണാടകയില്‍ സ്വകാര്യ മേഖലയിലെ നിയമനങ്ങള്‍ 100 ശതമാനവും കർണാടകക്കാർക്ക് സംവരണം ചെയ്യാനുള്ള ബിൽ താൽക്കാലികമായി മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ.

ഇതു സംബന്ധിച്ച ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനല്‍കിയിരുന്നു.ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് നൂറ് ശതമാനവും കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ടായിരുന്നു.

ബില്ലിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിശദമായ കൂടിയാലോചന നടത്തുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്. വ്യവസായ വകുപ്പുമായോ ഐ.ടി. വകുപ്പുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മേഖലയിലെ വിദഗ്ധരുമായും മറ്റ് വകുപ്പുകളുമായും ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്നടക്കാരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സില്‍ കുറിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News