കെ.ഗോപാലകൃഷ്ണൻ
ഇത് അവിശ്വസനീയമാണ്. പലരുടെയും ഭാവനയ്ക്കും അപ്പുറം. പതിറ്റാണ്ടുകളായി വിവിധ കാരണങ്ങളാൽ പരസ്പരം പോരടിക്കുന്ന എതിരാളികൾ ജനങ്ങളുടെ താത്പര്യങ്ങൾക്കും എല്ലാവരുടെയും നന്മയ്ക്കും വേണ്ടി ഒത്തുചേരുന്നു. ചൈനയിൽനിന്ന് 1,930 കണ്ടെയ്നറുകളുമായി തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ആദ്യ കണ്ടെയ്നർ കപ്പൽ എംവി സാൻ ഫെർണാണ്ടോയെ കണ്ടപ്പോൾ ഏറെ സന്തോഷമുണ്ടായി.
കേരളീയരുടെ അഭിവൃദ്ധിക്കായി…
പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ വിഴിഞ്ഞം തുറമുഖം തിരുവനന്തപുരം ജില്ലയുടെയും സംസ്ഥാനത്തെ പല പ്രദേശങ്ങളുടെയും സമീപ സംസ്ഥാനങ്ങളുടെയും വികസനത്തിനും അതുവഴി ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾക്കുമായി നിരവധി പദ്ധതികൾ സംഭാവന ചെയ്യും. വിഴിഞ്ഞം ആഗോള സമുദ്ര ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ നിസാര താത്പര്യങ്ങളിലും ചെറിയ നേട്ടങ്ങളിലും വ്യാപരിക്കുന്ന സംസ്ഥാനത്തെ രാഷ്ട്രീയ എതിരാളികൾ ഒന്നിച്ചുനിൽക്കുക എളുപ്പമല്ലെങ്കിലും, ഒന്നിച്ചാൽ മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ഉയർന്ന വികസിത മേഖലയായി സംസ്ഥാനത്തെ മാറ്റാൻ കഴിയുമെന്ന് ഈ സംഭവം തെളിയിച്ചു. കേരളീയരുടെ അഭിവൃദ്ധിക്കായി ഒരു പുതിയ പാതയും മറ്റുള്ളവർക്ക് പിന്തുടരാവുന്ന ഒരു മാതൃകയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിർഭാഗ്യവശാൽ, കേരളീയരുടെ ഉന്നമനത്തിനും സംസ്ഥാനത്തിന്റെ നയങ്ങൾ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നതിനുമായി എതിരാളികൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ ചില പാളിച്ചകളുണ്ടായി. ഈ പ്രത്യേക അവസരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചടങ്ങിൽ പങ്കെടുക്കാനും പ്രസംഗിക്കാനും അധികാരികൾ ക്ഷണിച്ചില്ല. 2015ൽ 7,600 കോടി രൂപയുടെ പദ്ധതിക്കായി അദാനി പോർട്സുമായി കരാർ ഒപ്പിട്ടത് മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയാണ്. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പദ്ധതിയെക്കുറിച്ച് വിവരിച്ചത് “6,000 കോടി രൂപയുടെ ഭൂമി കംഭകോണം” എന്നാണ്.
പിണറായി തന്റെ പ്രസംഗത്തിൽ രണ്ട് മുൻ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയും പരാമർശിച്ചു. തുറമുഖ മന്ത്രി വി.എൻ. വാസവൻ തുടർച്ചയായ എൽഡിഎഫ് സർക്കാരുകളുടെ കീഴിലാണ് പദ്ധതി മുന്നോട്ടു പോയതെന്നും പറഞ്ഞു. അതേസമയം അദാനി പോർട്സിനെ പ്രതിനിധീകരിച്ച കരൺ അദാനി, ഉമ്മൻ ചാണ്ടിയുടെയും ശശി തരൂരിന്റെയും സംഭാവനകൾ രേഖപ്പെടുത്തി. തീരദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് ചരിത്രപ്രധാനമായ ചടങ്ങിൽ തരൂർ പങ്കെടുക്കാത്തതിനു കാരണം.
ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയ സംസ്ഥാന സർക്കാരിനെ വിമർശിച്ച കോവളം എംഎൽഎ എം. വിൻസെന്റ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതായിരുന്നെന്നും ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷവാനായിരുന്നേനെ എന്നും കൂട്ടിച്ചേർത്തു.
എൽഡിഎഫ് തിരിച്ചറിഞ്ഞപ്പോൾ
പദ്ധതിയെ എൽഡിഎഫ് എന്നും എതിർത്തിട്ടുണ്ടെന്നാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. സ്വകാര്യമേഖലയുടെ പിന്തുണയുണ്ടെങ്കിൽ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്ന് എൽഡിഎഫിന് തിരിച്ചറിയാൻ രണ്ടു പതിറ്റാണ്ടെടുത്തു. 2011ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് പദ്ധതി അവതരിപ്പിച്ചത്. വെള്ളിയാഴ്ച തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടന വേളയിൽ പിണറായി വിജയൻ സർക്കാർ ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ സംഭാവന ജനങ്ങൾ മറക്കില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
മുൻ തുറമുഖ മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സംഭാവനകളെ മുഖ്യമന്ത്രി പിണറായി പരാമർശിച്ചെങ്കിലും ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. മുഴുവൻ പദ്ധതിക്കും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതുസമൂഹത്തിന്റെയും അനുകൂലമായ ധാരണയുണ്ടായിരുന്നു, പ്രസംഗത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് എൽഡിഎഫ് നേതാക്കളുടെ ശ്രമങ്ങളിൽ മാത്രമാണ്. ദൗർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ മതനേതാക്കന്മാർക്കും മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും അഭിസംബോധനയുണ്ടായില്ല.
എന്നാൽ ചില അവസരങ്ങളിൽ അദ്ദേഹം നടത്താറുള്ളതുപോലെ സാഹിത്യവാസന പ്രകടിപ്പിച്ചു. അതിശയകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന് അനുകൂലമായ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. തീർച്ചയായും അത് രാഷ്ട്രീയ ധാരണയായി ചിത്രീകരിക്കുന്നത് ന്യായമല്ല.
കേരളത്തിന്റെ ദുഃഖസത്യം?
എന്നാൽ ഇവിടെ ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. ഒരു സംസ്ഥാനം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ഒരു നിർദേശം സമർപ്പിച്ചാൽ, അതിന് ഗൗരവമായ പരിഗണനയും അനുകൂലമായ പ്രതികരണവും ലഭിക്കും. അത്തരം നിരവധി നിർദേശങ്ങൾ പിന്നാലെ വരുന്ന സർക്കാരുകളും ഉദ്യോഗസ്ഥ സംവിധാനവും ശരിയായ ഫോളോഅപ്പോടെ പിന്തുടരും. അത്തരം നിർദേശങ്ങൾക്കെല്ലാം സാധാരണയായി പാർലമെന്റിലും പിന്തുണ കിട്ടാറുണ്ട്.
നമ്മുടെ ദുർവിധി എന്നത്, രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും വ്യവസായികളുടെയും പിന്തുണയോടെ കേരളത്തിന്റെ സ്വപ്നങ്ങൾ വിഴിഞ്ഞത്ത് കുതിക്കുമ്പോഴും ഉദ്ഘാടന ചടങ്ങിൽ കല്ലുകടിയുണ്ടായിരിക്കുന്നു എന്നതാണ്. എതിരാളികൾക്കിടയിൽ അന്തർലീനമായ ഭിന്നതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അത് ഇന്നും കേരളത്തിന്റെ ദുഃഖ യാഥാർഥ്യമായി തുടരുന്നു.
സംസ്ഥാനത്തെ ഭരണാധികാരികൾക്കും പ്രതിപക്ഷത്തിനും ഇത് വ്യക്തമായ പാഠമാണ്. ബഹുജനങ്ങളുടെ ആവശ്യവും പ്രദേശത്തിന്റെ താത്പര്യവുമായി ബന്ധപ്പെട്ടതുമായ ഒരു പ്രോജക്ട് നമുക്ക് തെരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ, അതിന് നിയമസഭയുടെ എളുപ്പത്തിലുള്ള അനുമതിയും സംസ്ഥാന ബ്യൂറോക്രസിക്ക് ഒരു സന്ദേശവും ലഭിക്കും. കേന്ദ്രവും നിർദേശം ഗൗരവമായി കാണും. രാഷ്ട്രീയ വ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ, അത്തരം അഭിപ്രായവ്യത്യാസങ്ങൾ എല്ലാ വിഷയങ്ങളിലും സ്പർധ സൃഷ്ടിക്കുന്നതിലേക്ക് നയിക്കേണ്ടതില്ല.
ജനങ്ങളുടെ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ശരിയായ വിഷയങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ, മൊത്തത്തിലുള്ള പിന്തുണയുണ്ടാകും. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ നയം നിരീക്ഷിച്ച് ഒരു സമവായംപോലും ഉണ്ടാക്കാൻ കഴിയും. ഇത് നിയമസഭയുടെ സമയം ലാഭിക്കും. ജനാധിപത്യവും അർഥപൂർണമാകും. എല്ലാ രാഷ്ട്രീയ ശക്തികളിൽനിന്നുമുള്ള കേരളത്തിലെ നേതാക്കൾ ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബഹുജനങ്ങൾക്കും അത് ഗുണം ചെയ്യും. അതൊരു വലിയ കുതിച്ചുചാട്ടം കൂടിയാണ്.
—————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക