April 21, 2025 3:39 pm

ഇമ്രാൻ ഖാൻ്റെ പാർടിയെ നിരോധിക്കാൻ നീക്കം

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയെ നിരോധിക്കാൻ ഷെഹ്ബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പിടിഐയെ നിരോധിക്കാൻ തീരുമാനമെടുത്തെന്ന് വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. അവർ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയത്രെ.

ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാൻ്റെ പാർട്ടിക്ക് പാർലമെൻ്റിൽ 20 അധിക സംവരണ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണിത്.

1996ലാണ് തെഹരീക് ഇ ഇന്‍സാഫ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഇമ്രാന്‍ ഖാന്‍ രൂപീകരിക്കുന്നത്. 2023വരെ ഇമ്രാന്‍ ഖാന്‍ ആയിരുന്നു പാര്‍ട്ടി ചെയര്‍മാനും. 71 കാരനായ ഇമ്രാന്‍ ഖാന്‍ വിവിധ കേസുകളിലായി റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ്. വിവാഹ കേസില്‍ വെറുതെ വിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവായത്.

ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി സ്ഥാനാർത്ഥികൾ ഫെബ്രുവരി 8 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഈ നടപടി. തിരഞ്ഞെടുപ്പിൽ അവർ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമുള്ള 70 സംവരണ സീറ്റുകൾ അനുവദിക്കുന്നതിന് സ്വതന്ത്രർ അയോഗ്യരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു.

336 അംഗ പാർലമെൻ്റിൽ നവാസ് ഷെരീഫിൻ്റെ പിഎംഎൽ-എൻ, ബിലാവൽ ഭൂട്ടോ സർദാരിയുടെ പിപിപി എന്നിവയുടെ ഭരണസഖ്യത്തിന് ഇപ്പോഴും 200-ലധികം അംഗങ്ങളുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News