കൊച്ചി : പാരമ്പര്യം എന്നത് നിശ്ചലമോ കല്ലില്‍ കൊത്തിവെച്ചതോ അല്ലെന്നും പുതിയ കാല പശ്ചാത്തലത്തില്‍ പരിശോധന നടത്തി അതിനെ കൊള്ളുകയോ തള്ളുകയോ ചെയ്യേണ്ടതാണെന്നും കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായി.
മാംസാഹാരം വിളമ്പാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ നല്‍കിയത്.
കലാമണ്ഡലത്തിന്റെ 94 വര്‍ഷ ചരിത്രത്തെ വഴിമാറ്റിക്കൊണ്ടുള്ള തീരുമാനമായിരുന്നു അത്.”കേരളം എന്നത് മുഖ്യമായും മാംസം കഴിക്കുന്നവര്‍ കൂടുതലുള്ള ഇടമാണ്.
ഭൂരിഭാഗം അധ്യാപകരും കുട്ടികളും മാംസാഹാരം പതിവായി കഴിക്കുന്നവരും സ്വന്തം ക്വാര്‍ട്ടേഴ്‌സുകളില്‍ പാകം ചെയ്യുന്നവരുമാണ്. കുട്ടികള്‍ക്ക് ശീലവും പരിചയവുമുള്ള ഒരു കാര്യം എന്തിന് നിഷേധിക്കണം എന്നും മല്ലിക സാരാഭായി ചോദിക്കുന്നു.” ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു മല്ലിക.
മല്ലിക സാരാഭായിയുടെ പ്രതികരണത്തിൽ നിന്നും :
“ഈ വിവാദം അസംബന്ധമാണ്. പാരമ്പര്യം എന്നത് നിശ്ചലമായതോ കല്ലില്‍ കൊത്തിവെച്ചതോ അല്ല. പുതിയകാല പശ്ചാത്തലത്തില്‍ നിന്ന് അതിനെ കാണുകയും പരിശോധിക്കുകയും ചെയ്ത് കൊള്ളുകയോ തള്ളുകയോ ചെയ്യേണ്ടതാണ്.
കേരളം എന്നത് പ്രാഥമികമായി മാംസം കഴിക്കുന്നവര്‍ കൂടുതലുള്ള ഇടമാണ്. ഭൂരിഭാഗം അധ്യാപകരും കുട്ടികളും മാംസാഹാരം പതിവായി കഴിക്കുന്നവരും സ്വന്തം ക്വാര്‍ട്ടേഴ്‌സുകളില്‍ പാകം ചെയ്യുന്നവരുമാണ്. കുട്ടികള്‍ക്ക് ശീലവും പരിചയവുമുള്ള ഒരു കാര്യത്തെ എന്തിന് നിഷേധിക്കണം.
നമ്മളിനിയും പുനാരാലോചിക്കേണ്ട അനവധി നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ ഇനിയുമേറെയുണ്ട്. ഉദാഹരണത്തിന് കഥകളിയില്‍ ഉഴിച്ചിൽ നിര്‍ബന്ധവും ശരിയുമാണോ എന്ന് ശരീരത്തെ പറ്റിയുള്ള ഇന്നത്തെ ശാസ്ത്രീയ അറിവുകളുടെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടതുണ്ട്.
ഇതൊക്കെ പറയുമ്പോഴും ഞാന്‍ ഒരു സസ്യാഹാരിയാണ്. ആരോഗ്യവും ശക്തിയുമുള്ള ഒരു നര്‍ത്തകിയായിത്തീരാന്‍ മൃഗപ്രോട്ടീന്‍ തന്നെ വേണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടുമില്ല”.