ഡോ ജോസ് ജോസഫ്
‘ഇന്ത്യനുക്ക് സാവെ കിടയാത്”. ഇന്ത്യന് മരണമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് മറഞ്ഞു പോയ താത്ത സേനാപതി (കമൽ ഹാസൻ ) 28 വർഷത്തിനു ശേഷം തിരിച്ചു വരുമ്പോൾ പഴയ ആവേശമില്ല. 1996 ൽ റിലീസ് ചെയ്ത ഷങ്കർ ചിത്രം ഇന്ത്യൻ്റെ രണ്ടാം ഭാഗം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.
അലോസരപ്പെടുത്തുന്ന പ്രോസ്തെറ്റിക് മേക്കപ്പിൻ്റെ അകമ്പടിയോടെ എത്തുന്ന കമൽ ഹാസൻ്റെ പുതിയ സേനാപതി ആദ്യ ഇന്ത്യൻ്റെ നിഴൽ മാത്രമാണ്. അഴിമതിക്കും അനീതിക്കും എതിരെ ‘സീറോ ടോളറൻസ് ‘ എന്ന നയവുമയെത്തുന്ന ഇന്ത്യൻ 2 കാലഹരണപ്പെട്ട മേക്കിംഗും പുതുമയില്ലാത്ത അവതരണവുമായി പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.
ഉലകനായകൻ കമൽ ഹാസൻ്റെ അഭിനയവും ഷങ്കറിൻ്റെ സംവിധാനവും അത്ഭുതങ്ങളൊന്നും കരുതി വെച്ചിട്ടില്ല. അനീതിക്കെതിരെ നിയമത്തിനു പുറത്തു നിന്നു പൊരുതുന്ന വിജിലാൻ്റി കഥയിൽ കണ്ടു പഴകിയതിനപ്പുറം ഒന്നുമില്ല.ഇന്ത്യൻ്റെ ഒന്നാം ഭാഗത്തെ വൈകാരികമായി ഉയരങ്ങളിൽ എത്തിച്ചതിൽ എ ആർ റഹ്മാൻ്റെ സംഗീതത്തിനും വലിയ പങ്കുണ്ടായിരുന്നു. ഇന്ത്യൻ രണ്ടിലെ അനിരുദ്ധിൻ്റെ സംഗീതം ആ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല.
1996 ലെ ഇന്ത്യനിൽ ഇരട്ട വേഷത്തിലെത്തിയ കമൽ ഹാസനൊപ്പം സുകന്യ, മനീഷ കൊയ്രാള ,ഊർമ്മിള മണ്ഡോദ്കർ, കസ്തൂരി എന്നീ നടിമാരും തിളങ്ങിയിരുന്നു. ഇന്ത്യൻ രണ്ടിൽ നായികമാർ അപ്രസക്തരാണ്. ആദ്യ ഇന്ത്യൻ പോലെ താരനിബിഡമാണ് ഇന്ത്യൻ രണ്ടും. അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവരെ ഏറെക്കാലത്തിനു ശേഷം സ്ക്രീനിൽ കാണുന്നത് നഷ്ടബോധമുണർത്തും.
1996 ലെ ഇന്ത്യൻ അപ്രത്യക്ഷനായി 28 വർഷത്തിനു ശേഷവും രാജ്യത്തെ അഴിമതിയിൽ കുറവൊന്നുമുണ്ടായില്ല. അന്ന് അഞ്ചോ പത്തോ ലക്ഷത്തിൻ്റെ അഴിമതിയായിരുന്നുവെങ്കിൽ ഇന്നത് ലക്ഷം കോടികൾക്ക് അപ്പുറമാണ്. സമൂഹത്തിലെ അനീതികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നവരാണ് ചിത്രാ അരവിന്ദനും മൂന്ന് സുഹൃത്തുക്കളും.
അവരുടെ യൂട്യൂബ് ചാനൽ ബാർക്കിങ് ഡോഗ്സിന് കാഴ്ച്ചക്കാർ ഏറെയാണ്. ചിത്രത്തിൻ്റെ ആദ്യ പകുതി സമകാലിക സാമൂഹിക തിന്മകളുടെ ഒരു റണ്ണിംഗ് കമൻ്ററി പോലെയാണ്. റോഡിലെ കുഴികളും മാലിന്യ സംസ്ക്കരണത്തിലെ അഴിമതിയും തണ്ണീർത്തടം നികത്തുന്നതും ഭൂവിഭവങ്ങൾ കൊള്ളയടിക്കുന്നതുമെല്ലാം വരിവരിയായി വന്നു പോകുന്നുണ്ട്.
വിദ്യാഭ്യാസത്തിൻ്റെ നിലവാരത്തകർച്ചയും ഭക്ഷണത്തിലെ മായം ചേർക്കലും വിജിലൻസിലെ കൈക്കൂലിയും ചെറിയ ലോണിനു പോലും കിടപ്പാടം ജപ്തി ചെയ്യുന്നതുമെല്ലാം ബാർക്കിംഗ് ഡോഗ്സ് പുറത്തു കൊണ്ടുവരുന്നുണ്ട്. പി എസ് സി നിയമന തട്ടിപ്പും യോഗ്യതയില്ലാത്ത ഡോക്ടർമാരുടെ ശസ്ത്രക്രിയാ പിഴവുകളുമെല്ലാം എണ്ണിപ്പറയുന്നതിനിടയിൽ ആദ്യ പകുതി വൈകാരികമായി കണക്ട് ചെയ്യാതെ കടന്നു പോകുന്നു.
അഴിമതിയ്ക്ക് അകത്താകുന്നവരെല്ലാം ഒരു പോറൽ പോലും ഏൽക്കാതെ പുറത്തു വരുന്നത് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെ നിരാശരാക്കുന്നുണ്ട്. അഴിമതിക്കാരെ തളയ്ക്കാൻ കുരയ്ക്കുന്ന പട്ടി പോര. നിയമം കൈയ്യിലെടുത്തും പോരാടുന്ന വേട്ടപ്പട്ടി തന്നെ വേണം.
ചിത്ര അരവിന്ദൻ്റെയും സുഹൃത്തുക്കളുടെയും അന്വേഷണം എത്തുന്നത് തായ്പേയ് യിൽ അജ്ഞാത വാസത്തിൽ കഴിയുന്ന താത്ത സേനാപതിയിലാണ്. ‘കം ബാക്ക് ഇന്ത്യൻ ‘ എന്ന ഹാഷ് ടാഗിലൂടെ അവർ സേനാപതിയെ തിരികെയെത്തിക്കുന്നു. ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും കോടികളുടെ വായ്പയെടുത്തു വിദേശത്തേക്കു മുങ്ങി സുന്ദരികളോടൊപ്പം ആഡംബര ജീവിതം നയിക്കുന്ന മദ്യരാജാവിനെ വകവരുത്തിയതിനു ശേഷമാണ് സോനാപതി ഇന്ത്യയിൽ തിരികെയെത്തുന്നത്.
കാഴ്ച്ചയിൽ വിജയ് മല്യയെ അനുസ്മരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗുൽഷൻ ഗ്രോവറാണ്. തിരികെയെത്തിയ സേനാപതി അഭിസംബോധന ചെയ്യുന്നത് 40 വയസ്സിൽ താഴെയുള്ള യുവതലമുറയെയാണ്. നാടിനെ ശുദ്ധീകരിക്കാനുള്ള യത്നം ആദ്യം സ്വന്തം വീട്ടിൽ നിന്നു തന്നെ തുടങ്ങണം. ആദ്യ ഇന്ത്യനിൽ സ്വന്തം മകനെ തന്നെ കൊന്ന് കളപറിച്ചവനാണ് സേനാപതി. സ്വന്തം വീടുകളിലെ അഴിമതിക്കാരെ കണ്ടെത്തി കുടുക്കാനാണ് സേനാപതിയുടെ ആഹ്വാനം.
ഭുവിഭവങ്ങൾ കൊള്ളയടിച്ച് ശതകോടീശ്വരനായ ഒരു ഗുജറാത്തി സേട്ടു ഉൾപ്പെടെ ചില ഹൈ പ്രൊഫൈൽ കൊലപാതകങ്ങൾ ഇതിനിടെ സേനാപതി നടത്തുന്നുണ്ടെങ്കിലും ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് ചിത്ര അരവിന്ദനും സുഹൃത്തുക്കളും സ്വന്തം വീട്ടിലെ അഴിമതിക്കാരെ കുടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ്.അത് ചിത്രത്തെ തമിഴ് സിനിമയിലെ പതിവ് അപ്പൻ – മകൻ, അമ്മ-മകൾ, അമ്മ- മകൻ തുടങ്ങിയ ഫാമിലി സെൻ്റിമെൻ്റ്സിൽ തളച്ചിടുന്നു.
സേനാപതിയെ കുടുക്കാൻ ഇന്ത്യൻ ഒന്നിൽ സി ബി ഐ ഓഫീസറായി വന്ന കൃഷ്ണസ്വാമിയും (നെടുമുടി വേണു ) അദ്ദേഹത്തിൻ്റെ മകനും പോലീസ് ഓഫീസറുമായ പ്രമോദും (ബോബി സിംഹ) പിന്നാലെയുണ്ട്. ചിത്രത്തിനു ജീവൻ വെയ്ക്കുന്നത് ക്ലൈമാക്സ് രംഗങ്ങളിലാണ്. തിരികെ വന്ന സേനാപതിയുടെ ദൗത്യം എങ്ങുമെത്തുന്നില്ല.ശരിക്കുമുള്ള യുദ്ധം അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യൻ 3 ൽ ആയിരിക്കുമെന്ന സൂചന നൽകുന്ന ട്രെയിലറോടെയാണ് ഇന്ത്യൻ 2 അവസാനിക്കുന്നത്.
വാസ്തവത്തിൽ ഇന്ത്യൻ 2 – ലെ ഏറ്റവും നല്ല ഭാഗം ഇന്ത്യൻ 3 ൻ്റെ ഈ ട്രെയിലറാണ്. കുറെക്കൂടി ചെറുപ്പക്കാരനായ സേനാപതിയെയും നേതാജിയുടെ നേതൃത്വത്തിൽ അദ്ദേഹം നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും ഇന്ത്യൻ 3-ൽ പ്രതീക്ഷിക്കാം. സേനാപതി ഇന്ത്യയെ അഴിമതിമുക്തമാക്കുന്നത് കാണാൻ ഇനിയും കാത്തിരിക്കണം.
സേനാപതിയായി അസാധ്യ പ്രകടനമൊന്നും ഇന്ത്യൻ 2 -ൽ ഉലകനായകൻ കമൽ ഹാസൻ കാഴ്ച്ചവെച്ചിട്ടില്ല. മർമ്മ വിദ്യ ഉപയോഗിച്ചാണ് സേനാപതി എതിരാളികളെ നേരിടുന്നത്.ഈ രംഗങ്ങളിൽ കമൽ ഹാസനേക്കാൾ ഗ്രാഫിക്സിനാണ് പ്രാധാന്യം. എങ്കിലും കമൽ ഹാസൻ്റെ മികച്ച സ്ക്രീൻ പ്രെസൻസ് പ്രേക്ഷകർക്ക് ആവേശം പകരും.
സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ചിത്രാ അരവിന്ദനായി സിദ്ധാർത്ഥിൻ്റെ അഭിനയം മികച്ചതാണ്. സിദ്ധാർത്ഥിൻ്റെ ജോഡിയായി വന്ന രാകുൽ പ്രീത് സിംഗിന് കാര്യമായൊന്നും ചെയ്യാനില്ല. സമുദ്രകനി, എസ് ജെ സൂര്യ, ഡെൽഹി ഗണേഷ്, കാളിദാസ് ജയറാം, അഖിലേന്ദ്ര മിശ്ര, പ്രിയ ഭവാനി ശങ്കർ, പിയൂഷ് മിശ്ര തുടങ്ങിയ ഒരു നീണ്ട താരനിര ഇന്ത്യൻ – 2ൽ അഭിനയിച്ചിട്ടുണ്ട്.
വൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഷങ്കർ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്ന വിഎഫ്എക്‌സ് ധാരാളിത്തമൊന്നും ഇന്ത്യൻ 2 -ൽ ഇല്ല. 28 വർഷങ്ങൾക്കു ശേഷം സേനാപതി വീണ്ടുമെത്തുമ്പോൾ ഷങ്കർ സ്വയം പുതുക്കാത്തതിൻ്റെ ന്യൂനതകൾ ഇന്ത്യൻ 2 -ൽ കാണാം.
സോഷ്യൽ മീഡിയ ഉപയോഗിച്ച് കഥയെ നിയന്ത്രിക്കുന്നത് തമിഴ് സിനിമയിൽ ഇതിനകം പല തവണ വന്നു പോയിട്ടുണ്ട്. അതു പോലും പുതുമയോടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടില്ല .ചിത്രത്തിൻ്റെ ഒന്നാം പകുതി താരതമ്യേന വിരസമാണ്. രവി വർമ്മൻ്റെ ഛായാഗ്രഹണവും ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംഗും മികച്ചതാണ്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)