കൊച്ചി: സി പി എമ്മിൻ്റെ ബഹുജന സ്വാധീനത്തില്‍ ചോർച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം -സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.
2014നെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ട് വിഹിതം ഇരട്ടിയായി. ഈ പ്രവണത തിരുത്താൻ ആവശ്യമായ ഫലപ്രദമായ പ്രവർത്തന പദ്ധതികള്‍ തയാറാക്കണം. ഇപ്പോള്‍ പാർലമെന്റിലുള്ളത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്.
ഇടതുപക്ഷ സ്വാധീനത്തില്‍ നിന്നും മറ്റുപാര്‍ട്ടികളില്‍ നിന്നും കേരളത്തില്‍ പോലും ബി.ജെ.പി വോട്ട് ചോര്‍ത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്ന് . ഈ സ്ഥിതിവിശേഷം എങ്ങനെ രൂപപ്പെട്ടു എന്ന് അത്യസാധാരണമായ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍ ക്ഷമാപൂർവം കൈക്കൊള്ളാതെ ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാനാകില്ലെന്നും ബേബി ‘പച്ചക്കുതിര’ മാസികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിലാണ് മാസികയില്‍ ബേബിയുടെ ലേഖനം പ്രസിദ്ധീകരിച്ചത്.
ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് പാർടിയിൽ ഇടമുണ്ടാകണം.വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകണം.ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണം.എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിർത്താൻ ശ്രമിക്കണം -ബേബി ഓർമിപ്പിച്ചു.