കെ.ഗോപാലകൃഷ്ണൻ
ഭാഗ്യവശാൽ, ചില ഉന്നത നേതാക്കളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമായി ഒരു പ്രതിപക്ഷമുക്ത ഇന്ത്യൻ ജനാധിപത്യമോ കോൺഗ്രസ് പാർട്ടിയെ തുടച്ചുനീക്കുന്ന ഒരു ജനവിധിയോ അല്ല ഉണ്ടായത്. രാജ്യത്തെ വോട്ടർമാരുടെ വിധി വ്യക്തമാണ്: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യ സ്ഥാപനം. ഭാരതീയ ജനതാ പാർട്ടിക്ക് ലോക്സഭയിൽ ഭൂരിപക്ഷം ലഭിക്കാത്തതാണ് സമീപകാല തെരഞ്ഞെടുപ്പ് ഫലം. അതിനാൽ സഖ്യകക്ഷികളെയും മറ്റു പ്രാദേശിക പാർട്ടികളെയും ആശ്രയിക്കേണ്ടിവരുന്നു.
കോൺഗ്രസിന് ലോക്സഭയിൽ മികച്ച പ്രാതിനിധ്യം ഉണ്ട്, എന്നാൽ ഭൂരിപക്ഷമില്ല. ഇന്ത്യ സഖ്യത്തിനും സാമാന്യം ശക്തിയുണ്ട്, പക്ഷേ സ്വന്തമായി ഭൂരിപക്ഷമില്ല. അതിനാൽ സഹകരണത്തോടെയും പരസ്പര ബഹുമാനത്തോടെയും മുന്നോട്ടുപോകാനുള്ള ഏറ്റവും നല്ല ജനവിധിയാണിത്. 146 അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ചർച്ചപോലുമില്ലാതെ ബില്ലുകൾ പാസാക്കുന്ന അവസ്ഥ ഇനി എളുപ്പമല്ല.
ആദ്യംതന്നെ ഏറ്റുമുട്ടൽ
പാർലമെന്റിലെ ആദ്യ ആഴ്ചകളിൽ നാം കണ്ടത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറെക്കുറെ ഏറ്റുമുട്ടുന്ന സാഹചര്യമാണ്. സമവായത്തിൽ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള പരസ്പര സമ്മതം പോലും സാധ്യമായില്ല. മുൻ സ്പീക്കർ ഓം ബിർലയെ അംഗീകരിക്കുകയും ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാതിരിക്കുകയും ചെയ്തത് ധാരണയില്ലാത്തതിനാലോ ഭരണമുന്നണിക്കും പ്രതിപക്ഷ സഖ്യത്തിനും യോജിപ്പുള്ള സ്ഥാനാർഥി ഉണ്ടാകാത്തതിനാലോ ആകാം.
ആദ്യദിവസംതന്നെ ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാൻ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതാണു കണ്ടത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിൽ ആദ്യദിനത്തിലെ ആദ്യചർച്ചതന്നെ ഭരണ-പ്രതിപക്ഷ അഭിപ്രായവ്യത്യാസമാണ് വ്യക്തമാക്കിയത്. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള അവസാനിക്കാത്ത അഭിപ്രായവ്യത്യാസമായി ചിലർ ഇതിനെ വിശേഷിപ്പിച്ചേക്കാം. ഈ പോരാട്ടത്തിൽ അവർ രണ്ടുപേരും തങ്ങളുടെ സ്ഥാനം മറ്റുള്ളവരേക്കാൾ മികച്ചതാണെന്നു തെളിയിക്കാൻ നന്നായി ശ്രമിച്ചു. കുറച്ചുവർഷങ്ങളായി എല്ലാവർക്കും അറിയാവുന്ന അവരുടെ കാഴ്ചപ്പാടുകൾ മുറുകെപ്പിടിക്കുന്നതായും വ്യക്തമായി.
രസകരമെന്നു പറയട്ടെ, രാഹുലിന്റെ പ്രസംഗത്തെ ബാലചിന്തകൾ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാഹുൽ സംസാരിക്കുമ്പോൾ രണ്ടുതവണ ഇടപെട്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും രാഹുലിന്റെ വീക്ഷണങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കാൻ ഇടപെട്ടു. അതിന്റെ വിശദാംശങ്ങൾ വ്യാപകമായി പ്രചരിച്ചു.
കേന്ദ്രമന്ത്രി കിരൺ റിജിജു, അശ്വിനി വൈഷ്ണവ് എന്നിവർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. വിദ്വേഷ വിഷയത്തിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന രാഹുലിനോട് വ്യത്യസ്തമായാണ് ധനമന്ത്രി നിർമല സീതാരാമനും പ്രതികരിച്ചത്. രാഹുലിന്റേത് കേവലം ബാലബുദ്ധി മാത്രമായിരുന്നെങ്കിൽ പല കേന്ദ്രമന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് പ്രതികരിക്കില്ലായിരുന്നു.
തയാറെടുപ്പോടെ രാഹുൽ ഗാന്ധി
പ്രതിപക്ഷ നേതാവെന്ന നിലയിൽ സംസാരിച്ച രാഹുൽ ഗാന്ധി ഒരു മണിക്കൂറും 40 മിനിറ്റുമെടുത്ത് നിരവധി വിഷയങ്ങൾ അവതരിപ്പിച്ചു. നന്നായി തയാറായി. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് തയാറെടുപ്പിനായി ഒരാഴ്ചയെടുത്തു എന്നാണ്. നീറ്റ്, അഗ്നിവീർ, കർഷകരുടെ ദുരിതം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ സംസാരിച്ചു. പരമശിവൻ, ബുദ്ധൻ, മഹാവീർ, ഗുരുനാനാക്ക്, യേശുക്രിസ്തു എന്നിവരുടെ ഉപദേശങ്ങളെക്കുറിച്ചു പറഞ്ഞ് എല്ലാ മതങ്ങളും “പേടിക്കരുത്, മറ്റുള്ളവരെ ഭയപ്പെടുത്തരുത്’ എന്നാണ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യക്ഷത്തിൽ ബിജെപി എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഭയപ്പെടേണ്ടെന്ന് ശിവൻ പറയുന്നു, അഭയ മുദ്ര കാണിക്കുന്നു, എന്നാൽ ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്നവർ വിദ്വേഷത്തിലും അക്രമത്തിലും അസത്യത്തിലും മുഴുകുന്നു.’ കോൺഗ്രസിന്റെ ചിഹ്നവും ഓർമിപ്പിക്കാൻ വേണ്ടിയായിരിക്കാം അദ്ദേഹത്തിന്റെ കൈ കാണിക്കൽ. മാപ്പു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ട്രഷറി ബെഞ്ചുകൾ പ്രതിഷേധിക്കുകയും ചെയ്തപ്പോൾ, താൻ ബിജെപിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് രാഹുൽ വിശദീകരിച്ചു.
ഭരണകക്ഷിയോ ആർഎസ്എസോ മുഴുവൻ ഹിന്ദുസമൂഹത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും പറഞ്ഞു. നിങ്ങൾ ഹിന്ദുക്കളല്ലെന്നും സത്യത്തിൽനിന്നു പിന്മാറുകയോ ഭയപ്പെടുകയോ ചെയ്യാതെ സത്യത്തിനൊപ്പമാണ് നിൽക്കേണ്ടതെന്ന് ഹിന്ദുമതത്തിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംക്ഷിപ്തമായി, താൻ ഉന്നയിച്ച വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാനും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങനെ തെറ്റായിപ്പോയി എന്നു ചൂണ്ടിക്കാണിക്കാനും രാഹുൽ ശ്രമിച്ചു. ട്രഷറി ബെഞ്ചുകളിൽനിന്നുള്ള പ്രതിഷേധത്തിൽ പ്രകോപനമില്ലാതെ അദ്ദേഹം ആക്രമണം തുടർന്നു. ബിജെപിക്കാരുടെ പ്രകോപനത്തിൽ പേടിക്കാതെ വിമർശനവുമായി മുന്നോട്ടുപോകാനും സത്യം വിശദീകരിക്കാനും ഇന്ത്യ മുന്നണി അംഗങ്ങളെ ഉത്തേജിപ്പിക്കുന്നതായിരുന്നു സന്ദേശം; പാർലമെന്റംഗങ്ങൾ എന്നനിലയിൽ കൂടുതൽ സജീവമാകാനും അവരുടെ ദുഷ്പ്രവൃത്തികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തുറന്നുകാട്ടാനുമുള്ള വ്യക്തമായ സന്ദേശം.
വിമർശനവുമായി പ്രധാനമന്ത്രി
പ്രധാനമന്ത്രി തന്റെ രണ്ടര മണിക്കൂർ പ്രസംഗത്തിൽ രാഹുലിനെ രൂക്ഷമായി വിമർശിച്ചു. “ബാലക ബുദ്ധിയുള്ള ഒരു വ്യക്തിയുടെ വിലാപം’ എന്നാണു വിശേഷിപ്പിച്ചത്. എന്നിരുന്നാലും, മണിപ്പുർ വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, വിഷയം കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രിയുടെ പങ്കിനെക്കുറിച്ച് പറഞ്ഞു. തന്റേത് ഭരണത്തുടർച്ചയാണെന്നും ചൂണ്ടിക്കാട്ടി. സഖ്യകക്ഷികളുടെ പിന്തുണയോടെ വിജയിച്ച കോൺഗ്രസ് പാർട്ടി സഖ്യകക്ഷികളുടെ ഇത്തിൾക്കണ്ണിയായെന്നും മോദി പരിഹസിച്ചു. അദ്ദേഹം തന്റെ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുകയും മുൻകാല കോൺഗ്രസ് സർക്കാരുകളുടെ പരാജയങ്ങൾ ഊന്നിപ്പറയുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മൂന്നാം തോൽവി ചൂണ്ടിക്കാണിച്ച് രാഹുൽ ഗാന്ധിയെ നേരിട്ടു പരാമർശിച്ച് നിങ്ങൾക്കിതു കഴിയില്ല എന്ന് മോദി പറഞ്ഞു.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
എന്നിരുന്നാലും, തുടർഭരണത്തിൽ മോദി കൂടുതൽ സ്വീകാര്യനാകണം. ലോക്സഭയിലെ ഭൂരിപക്ഷം നിലനിർത്താൻ ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡുവിനെയും ബിഹാറിലെ നിതീഷ് കുമാറിനെയും ആശ്രയിക്കണം. ഇരുവർക്കും അവരവരുടെ ആവശ്യങ്ങളുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ഇരുവരും സഖ്യത്തിൽനിന്നു പിരിഞ്ഞുപോകുമെന്നതും വ്യക്തമാണ്. അതുപോലെതന്നെ വിവിധ സംസ്ഥാനങ്ങളിലെ മറ്റു ചെറുപാർട്ടികളും.
മോദിക്ക് എല്ലാം ഒരുമിച്ചു കൊണ്ടുപോകേണ്ടി വരും, അത് എളുപ്പമല്ല. പ്രത്യേക പദവിയും കൂടുതൽ സാമ്പത്തിക സഹായവും ആവശ്യപ്പെട്ട് അവർ ഇതിനകം ഡൽഹിയിലാണ്. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ തുടർച്ചയ്ക്ക് ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകേണ്ടത് അനിവാര്യമാണ്.
ചുരുക്കത്തിൽ, പാർലമെന്റിലെ പിന്തുണ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴെല്ലാം അവരെ നല്ല വഴക്കത്തിൽ നിലനിർത്തേണ്ടതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ശാഠ്യമനോഭാവം സ്വീകരിക്കാതെ ഉൾക്കൊള്ളാൻ മോദി പഠിക്കണം.
അദ്ദേഹവും ആർഎസ്എസും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതിനാൽ സ്ഥിതി അത്ര സുഖകരമല്ല. മൂന്ന് നിയമസഭകളിലേക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആർഎസ്എസ് പ്രവർത്തകരുടെ സഹായം തേടേണ്ടിവരും. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അത്ര തിളങ്ങാത്ത മോദിസർക്കാരിന്റെ ആദ്യ പരീക്ഷണമായിരിക്കും ഈ തെരഞ്ഞെടുപ്പുകൾ. ഏറ്റുമുട്ടലിലും സംഘർഷത്തിലുമല്ല, അനുരഞ്ജനത്തിലും സമവായത്തിലുമാണ് പ്രധാനമന്ത്രി ആശ്രയിക്കേണ്ടത്. എല്ലാത്തിനുമുപരി, വികസനത്തിനും വളർച്ചയ്ക്കും രാഷ്ട്രത്തിനായുള്ള എൻഡിഎ ഗവൺമെന്റിന്റെ ഭാവിപദ്ധതികൾക്കും കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ അനിവാര്യമാണ്.
——————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക