വരയുടെ കുലപതി ഓർമ്മയായിട്ട് ഒരു വർഷം

ആർ.ഗോപാലകൃഷ്ണൻ

🌍

ലയാളത്തിൻ്റെ കലാചരിത്രത്തിൽ കാലം വരച്ച സുവർണരേഖയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. ‘വരയുടെ പരമശിവ’നെന്ന് സാക്ഷാൽ വി.കെ.എൻ. വിളിച്ച നമ്പൂതിരിയുടെ വിരലുകൾ ‘രേഖകൾ ക്കു ജീവൻ പകർന്ന ‘ബ്രഹ്മാവാ’ണ്… (വരയുടെ പരമശിവനായ വാസേവൻ എന്നാണ് കൃത്യമായ വി.കെ.എൻ. പ്രയോഗം)

കരുവനാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്ന കെ. എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി, ഒരു ഇല്ലസ്ട്രേഷൻ്റെ- ചിത്രണത്തിൻ്റെ- അകമ്പടിയില്ലാതെ മലയാളികൾ തിരിച്ചറിയുന്ന കലാകാരനാണ്…

 

‘ആർട്ടിസ്റ്റ്’ എന്നു പേരിനോട് ചേർത്തു പറയുന്നുന്നതിൽ നമ്പൂതിരി പലപ്പോഴും ‘അസ്വസ്ഥത’ പ്രകടിപ്പിക്കാറുണ്ട്- ചെയ്യുന്ന തൊഴിലിന്റെ പേര് എന്തിനു കൂട്ടിച്ചേർക്കുന്നു എന്നാണ് അദ്ദഹം ചോദിക്കുന്നത്… ശരിയാണ്. പക്ഷേ, ഒരു പേര് വീണു കഴിഞ്ഞാൽ പിന്നെന്തു ചെയ്യും?

🌍

 

🌍

2023 സെപ്റ്റംബർ 15-ന്, 97-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ആ മഹാകലാകാരൻ വിടവാങ്ങിയത്.

നമ്പൂതിരിയുടെ ജനനം 1925-ലെ (കൊല്ലവർഷം: 1101) ചിങ്ങമാസത്തിലെ ആയില്യം നാളിൽ – ‘കരുവാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി’ ജനിച്ചു… (ആ ആ വർഷം ആയില്യം നാൾ സെപ്റ്റംബർ 14-ന് ഉച്ച മുതൽ 15-ന് ഉച്ചവരെയായിരുന്നു.) പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകൻ.

വി. കെ എൻ, വൈക്കം മുഹമ്മദ് ബഷീർ, നമ്പൂതിരി

🌍

അക്കാലത്ത് നാട്ടിൻപുറത്തെ പല ഭവനങ്ങളിലുണ്ടായിരുന്നതു പോലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കരുവാട്ടില്ലത്തും ഉണ്ടായിരുന്നു. ഇത് നമ്പൂതിരിയുടെ സ്കൂൾ പഠനത്തെയും ബാധിച്ചു…. വാസുദേവന്റെ ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു. ജ്യേഷ്ഠനാണ് പിന്നീട് ഇല്ലത്തെ കാര്യങ്ങൾ നോക്കി നടത്തിയത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, ഗുരുകുല രീതിയിൽ വാസുദേവൻ സംസ്കൃതം പഠിച്ചു.

 

No photo description available.

🌍

തൃശൂർ ഒല്ലൂരിനടുത്തുള്ള തലോറിലായിരുന്നു സംസ്കൃതം പഠിക്കാൻ പോയത്. വിമ്പൂർ കടലായി കുഞ്ചു സമ്പൂതിരിയായിരുന്നു ഗുരു.

സംസ്കൃത പഠനത്തിലും മറ്റുമുണ്ടായിരുന്നതിലേറെ വാസുദേവന്റെ പ്രതിപത്തി, ചിത്രരചനയിലായിരുന്നു: തൃശൂർ സ്ക്കൂൾ ഓഫ് ആർട്സിൽ ആർട്ടിസ്റ്റ് ശങ്കരമേനോന്റെ ശിഷ്യനായി ചിത്രം വരപ്പ് പഠിച്ചെങ്കിലും പരീക്ഷ ജയിച്ച് ഡ്രോയിങ് മാഷായില്ല. എങ്കിലും ടി.കെ. പത്മിനിയെ പോലെ പ്രഗത്ഭ ശിഷ്യർ ഉണ്ടായിരുന്നു.

നമ്പൂതിരിയുടെ ജ്യേഷ്ഠൻ (കസിൻ) അക്കാലത്ത് അതീവ ധനവാന്മാരായ വരിക്കാശ്ശേരി മനയിലെ കാറോടിക്കൽ ഉൾപ്പെയുള്ള സകല കാര്യങ്ങളിലും ഒരു ‘കാര്യസ്ഥ’നായിരുന്നു. മനയിലെ മൂത്ത സന്തതിയായ വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട് മദ്രാസിലെ സ്കൂൾ ഓഫ് ആർട്സിൽ ‘ശില്പകല’ പഠിക്കാൻ ചേർന്നു.

ഒരു വർഷം കഴിഞ്ഞ് അദ്ദേഹം നാട്ടിൽ വന്നപ്പോൾ, സ്കൂൾ ഓഫ് ആർട്സിൽ ചേരുന്നതിനായി നമ്പൂതിരിയെയും മദ്രാസിലേക്ക് ഒപ്പം കൂട്ടി; മദ്രാസ് സ്ക്കൂൾ ഓഫ് ആട്സിൽ ചേർന്നു പഠിക്കാനുള്ള സഹായങ്ങൾ ചെയ്യുകയുമുണ്ടായി. അവർ മദ്രാസിൽ ഒരുമിച്ചു താമസിച്ചു പഠിച്ചു.

🌍

കെ.സി.എസ്. പണിക്കർ‌, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ, മദ്രാസ് സ്ക്കൂൾ ഓഫ് ആട്സിൽ (ഇന്നത്തെ ഫൈൻ‌ ആർ‌ട്സ് കോളജിൽ‌) നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി അവിടെ സീനിയറായി പഠിച്ചിരുന്ന എം.വി.ദേവന്റെ അടുത്ത സുഹൃത്തായി. ദേവൻ 1952-ൽ, ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ‌ ഇല്ലസ്ട്രഷൻ & ലേ-ഔട്ട് ആർട്ടിസ്റ്റായി ചേർന്നു; അന്ന് എൻ.വി. കൃഷ്ണവാര്യരാണ് പത്രാധിപർ.

May be an image of text

🌍

1960-ൽ എം വി ദേവൻ, ‘മാതൃഭൂമി’യിൽ ‘ലേ-ഔട്ട് & ഇല്ലസ്ട്രേഷൻ’ ആർട്ടിസ്റ്റ് ആയിരുന്നു; മദിരാശിയിൽ തൻറെ സീനിയർ ആയിരുന്ന എം വി ദേവന്, നമ്പൂതിരി താൻ വരച്ച ‘പൂക്കാലം’ എന്നൊരു ചിത്രം വെറുതെ അയച്ചതാണ്; യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. ‘മാതൃഭൂമി’യിൽ ആ ചിത്രം പുറംചട്ടയായി വന്നശേഷമാണ് നമ്പൂതിരി ഇത് പിന്നെയത് കാണുന്നത്…. (‘മാതൃഭൂമി’ അതിന് പ്രതിഫലം നല്ക്കുകയും ചെയ്തു. ) അതിൽ ചിത്രകാരന്റെ പേര് അച്ചടിച്ചതു കൊണ്ടു മാത്രമാണ് നാം ഇന്നത് നമ്പൂതിരി വരച്ചതാണ് എന്ന് വിശ്വസിക്കുന്നത്; ആ ചിത്രം കണ്ടാൽ അതിലൊരു ഒരു ‘ദേവൻ ശൈലി’യാണ് ഉള്ളത്.

 

¶ ‘ഓണപൂക്കാലം’- ‘മാതൃഭൂമി’യിലെ പുറംചട്ട

🌍

തുടർന്ന്, ശേഷം ഉടൻ തന്നെ, ദേവന്റെ ശിപാർശ പ്രകാരം, നമ്പൂതിരി 1960-ൽ ഇല്ലസ്ട്രഷൻ ആർട്ടിസ്റ്റായി (ചിത്രകാരനായി, ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ‌ ചേർ‌ന്നത്‌. (ലേ- ഔട്ട് ഡിസൈൻ ചുമതല ഉണ്ടായിരുന്നില്ല.) അടുത്ത വർഷം, എം.വി. ദേവൻ മാതൃഭൂമി വിട്ടു; പകരം ഏ.എസ്. നായർ ‘ലേ-ഔട്ട് & ഇല്ലസ്ട്രേഷൻ’ ആർട്ടിസ്റ്റ് ആയി വന്നു.

🌏

രണ്ടു ദശാബ്ദക്കാലം നമ്പൂതിരി ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ഉള്ളടക്കത്തിലെ രചനകൾക്ക് രേഖാചിത്രങ്ങളിലൂടെ വ്യാഖ്യാനം ചമച്ചു. ആ കാലഘട്ടത്തിൽ എൻ.വി. കൃഷ്ണവാര്യർ പത്രാധിപർ സ്ഥാനത്തു നിന്ന് വിട്ടു; പകരം, എം.ടി. വാസുദേവൻ നായർ ചുമതലയേറ്റു.

1980-ൽ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് കോഴിക്കൊട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പ്രസിദ്ധീകരണ കേന്ദ്രം മാറ്റി. നമ്പൂതിരിയും എം ടി -യുമെല്ലാം ‘മാതൃഭൂമി’ വിട്ടു. (അപ്പോഴെക്കും എൻ.വി. കൃഷ്ണവാര്യർ വീണ്ടു മാതൃഭൂമിയിൽ എത്തി – മാതൃഭൂമിയുടെ പത്രമൊഴികെയുള്ള ആനുകാലികങ്ങളുടെ എഡിറ്റർ – ഇൻ-ചീഫ് ആയുള്ള ചുമതലയിൽ. ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് മാതൃഭൂമിയിൽ ചേരുന്നതും അക്കാലത്താണ്.)


🌍

പിന്നീട് ആർട്ടിസ്റ്റ് നമ്പൂതിരി, കോഴിക്കോട്ടു തന്നെ താമസിച്ചു കൊണ്ട്, ‘കലാകൗമുദി’, തുടർന്ന്, ‘സമകാലീക മലയാളം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിനു രേഖാ ചിത്രങ്ങൾ‌‌ വരച്ചു. ‘നമ്പൂതിരിച്ചിത്രങ്ങൾ’ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത സാഹിത്യ കോളമിസ്റ്റും നിരൂപകനുമായിരുന്ന പ്രൊഫ. എം. കൃഷ്ണൻ‌ നായർ‌ ‘നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു’ എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടി.-യുടെ ‘രണ്ടാമൂഴ’ത്തിനും, വി.കെ.എൻ.-ൻ്റെ ‘പിതാമഹൻ’ നോവലിനും മറ്റും മറ്റും വരച്ച രേഖാചിത്രങ്ങൾ പ്രസിദ്ധമാണ്.

No photo description available.

🌍

ആത്മകഥാംശമുള്ള ‘രേഖകൾ‌’ എന്ന പുസ്തകം (‘ഭാഷപോഷിണി’ യിലെ കോളത്തിൽ വന്ന ‘വരയും എഴുത്തും’ കോളത്തിലെ ഉള്ളടക്കം) ‘റെയിൻ‌ബോ ബുക്സ്’, ചെങ്ങന്നൂർ‌ ആദ്യം പ്രസിദ്ധീകരിച്ചു; പിന്നീട് മനോരമ ബുക്ക്സും പ്രകാശിപ്പിച്ചു. ഇതിന്റെ രചനയ്ക്കും വരയ്ക്കും കാരണമായത് അക്കാലത്ത് ‘ഭാഷപോഷിണി’ പത്രാധിപരയിരുന്ന കെ.സി. നാരായണന്റെ സ്നേഹപൂർവമുള്ള പ്രേരണയായിരുന്നു….

May be an image of temple and text

🌍

നമ്പൂതിരിയുടെ ഒരു ജീവചരിത്രം ഡി.സി. ബുക്സ് പുറത്തിറക്കിയിരുന്നു എന്നാണ് ഓർമ്മ.
നമ്പൂതിരിയുടെ രേഖാചിത്രങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഒരു പഠനം ആദ്യമായി, 1974-ൽ , നിർവഹിച്ചത് കലാനിരൂപകനായ നന്ദകുമാറാണ്. അതു പ്രസിദ്ധീകരിച്ചത് ‘അമർഷം’ എന്നൊരു സമാന്തര പ്രസിദ്ധീകരണത്തിലായതു കൊണ്ട് അധികമാരും വായിച്ചിരുന്നില്ല. 1993-ൽ ‘വീക്ഷണം’ വാർഷിക പതിപ്പിൽ ഞാനും നമ്പുതിരിയുടെ ചിത്രണകലയെക്കുറിച്ച് ഒരു ദീർഘ ലേഖനം എഴുതിയിരുന്നു.

🌍

വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ രേഖാചിത്രകലാ രീതി ഇന്ന് ധാരാളം പേർ അനുകരിക്കുന്നു.

May be an image of text

🌍

“തനിമയാർന്ന വരകളുടെ പ്രപഞ്ചം സൃഷ്ടിച്ചു മലയാളി മനസ്സിന്റെ സഞ്ചിതബോധത്തിലെ സൗന്ദര്യ ദർശന സംബന്ധിയായ ധാരണകളിൽ അപാര പരിവർത്തനം സൃഷ്ടിച്ച നമ്പൂതിരി ഒരു നിശ്ശബ്‌ദ സൗന്ദര്യ നവീകരണ പ്രക്രിയയ്ക്ക് ചുക്കാൻ പിടിക്കുകയാണ് ചെയ്തത്. കാഴ്ചയുടെ ഒരു സജീവ സംസ്ക്കാരം നീണ്ട നൂറ്റാണ്ടുകൾ കൊണ്ടു വരകളിലൂടെ സൃഷ്‌ടിച്ചെടുത്ത കേരളം, വഴിതെറ്റിനിൽക്കുമ്പോഴാണ് ആനുകാലിക ചിത്രീകരണങ്ങളിലൂടെ വ്യാപകമായ ഒരു ‘പുതു ചിത്രദർശന രീതി’ അദ്ദേഹം സമൂഹത്തിനു തുറന്നു കൊടുത്തത്.” പത്ര പ്രവർത്തകനായ കെ. കെ. ബാലചന്ദ്രൻ നായർ നിരീക്ഷിക്കുന്നു.

May be an image of text

🌍

“മണിയൻ സെൽവൻ (മാ.ചെ.) എന്ന ‘anatomical drawing’ വിദഗ്ധനായ ആനുകാലിക ചിത്രകാരൻ ഒട്ടുമിക്ക തമിഴ് പ്രസിദ്ധീകരണങ്ങളും ‘തേർവാഴ്ച’ നടത്തുന്ന അതേ കാലത്താണ് ഞങ്ങൾ ‘മാതൃഭൂമി’യിലെ നമ്പൂതിരി ചിത്രങ്ങൾ എങ്ങനെ സൗന്ദര്യചിന്തയെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കുന്നത്. നമ്പൂതിരിയാണ് ചിതകലയെ കേരളീയരുടെ സൗന്ദര്യാനുഭവങ്ങളിൽ പ്രതിഷ്ഠിച്ച പ്രമുഖൻ. സീ.കേ. രാ പോലുള്ള ചിത്രകാരന്മാരുടെ എഴുത്തിലൂടെ നടത്തിയ സമൂഹത്തെ പഠിപ്പിക്കാൻ ഉള്ള ഉദ്യമങ്ങൾ നമ്പൂതിരിയിലും പിന്നീട് വന്നവരിലും കൂടി ഏറെ മുന്നോട്ടുപോയി.” ബാലചന്ദ്രൻ നായർ തുടരുന്നു.

🌍

അരവിന്ദന്റെ ‘ഉത്തരായനം’, ‘കാഞ്ചനസീത’ എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു, നമ്പൂതിരി. ‘കാഞ്ചനസീത’യിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന, നമ്പൂതിരിയുടെ ഭാവന വൈഭവം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ലോഹത്തകിടിൽ റിലീഫ് ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആർട്ടിസ്റ്റ് നമ്പൂതിരി. ഭാരശില്പങ്ങളും കോൺക്രീറ്റിലുള്ള പൊതുയിട ശില്പങ്ങളും നമ്പൂതിരി ചെയ്തിട്ടുണ്ട്.

🌏

കേരള ലളിതകലാ അക്കാദമിയുടെ ചെയർമാൻ ആയിരുന്നു ഇദ്ദേഹം; 1996 – 2001 കാലത്ത്. 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആയിരുന്നു.

സഹധർമ്മിണി മൃണാളിനി. മക്കൾ പരമേശ്വരൻ (കോഴിക്കോട്), വാസുദേവൻ (എടപ്പാൾ – നടുവട്ടം)

🔸ആ മനീഷിയ്ക്കു സ്മരണാഞ്ജലി പ്രകടിപ്പിക്കാൻ, അദ്ദേഹത്തിന്റെ സർഗ്ഗസൃഷ്ടികൾ വാരികത്താളുകളിൽ അസ്തമിക്കാതെ ഒരു മ്യൂസിയം തീർക്കാനും സാംസ്ക്കാരിക കേരളം ബാദ്ധ്യസ്ഥമാണ്.

🌍

No photo description available.

______________

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക