April 22, 2025 5:46 pm

തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ രോഗം ഒരു കുട്ടിക്കു കൂടി

കോഴിക്കോട്: തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ രോഗം എന്ന് വിശേഷിക്കപ്പെടുന്ന മസ്തിഷ്‌കജ്വരം ഒരാള്‍ക്കുകൂടി സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം. മതിയായ ചികിൽസ ഇല്ലാത്ത രോഗമാണിത്.

രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്.

ഫറോക്ക് സ്വദേശിയായ പതിമൂന്നുവയസ്സുകാരന്‍ മൃദുല്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്.

ജൂണ്‍ അവസാനമാണ് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുകാരി ദക്ഷിണ രോഗംബാധിച്ച് മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു മരണം. തലവേദനയും ഛര്‍ദിയും ബാധിച്ചാണ് ദക്ഷിണയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയസമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു.

രോഗംബാധിച്ച് മലപ്പുറം മുന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസ്സുകാരി മേയ് മാസത്തില്‍ മരിച്ചിരുന്നു. കടലുണ്ടിപ്പുഴയില്‍ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. “സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാലാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും.” ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങൾ വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വന്ന 10 ലക്ഷത്തോളം പേരിൽ 2.6 പേരിൽ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. അതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുട്ടികൾ കുളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News